കുളത്തൂപ്പുഴയില്‍ 68കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു

കുളത്തൂപ്പുഴയില്‍ 68കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു

കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബഷീര്‍ നിലത്ത് വീണു. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ബഷീര്‍ ചുമട്ടുതൊഴിലാളിയാണ്. പണിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഗുരുവായൂര്‍ വെര്‍ച്വല്‍ ദര്‍ശനം: ഓഗസ്റ്റിലെ ബുക്കിങ് ‘ഹൗസ്ഫുള്‍’; സെപ്റ്റംബര്‍ ബുക്കിങ് 15ന് ശേഷം

ഗുരുവായൂര്‍ വെര്‍ച്വല്‍ ദര്‍ശനം: ഓഗസ്റ്റിലെ ബുക്കിങ് ‘ഹൗസ്ഫുള്‍’; സെപ്റ്റംബര്‍ ബുക്കിങ് 15ന് ശേഷം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് പ്രിയമേറുന്നു. ഓഗസ്റ്റിലെ ബുക്കിങ് പൂര്‍ണമായി. ഓഗസ്റ്റ് നാലിനാണ് വെര്‍ച്വല്‍ ദര്‍ശനം ആരംഭിക്കുക.ബുക്ക് ചെയ്തവര്‍ ദര്‍ശനം റദ്ദാക്കിയെങ്കില്‍ മാത്രമേ ഇനി മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കൂ. സെപ്റ്റംബറിലെ ബുക്കിങിന് ഓഗസ്റ്റ് 15നു ശേഷം സൈറ്റ് തുറക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് വെര്‍ച്വല്‍ ദര്‍ശനം.

യുഎസ് കേന്ദ്ര ബാങ്ക് നയത്തില്‍ പിടിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

യുഎസ് കേന്ദ്ര ബാങ്ക് നയത്തില്‍ പിടിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 600 രൂപയാണ് വര്‍ധിച്ചത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയുള്ള പരിധി തുടരാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ, വായ്പ നയവുമായി ബന്ധപ്പെട്ട് വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. സമീപഭാവിയിൽ തന്നെ യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘വേഗം വീട് പിടിക്കണം’; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

‘വേഗം വീട് പിടിക്കണം’; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് റെയില്‍വേ പൊലീസ്. പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്‌ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച് പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനാണ് വാഹനം ഓടിച്ചതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

റെയില്‍വേ പരിധിയിലേക്ക് അനധികൃതമായി വാഹനം പ്രവേശിപ്പിച്ചതും പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കത്തരീതിയില്‍ വാഹനം ഓടിച്ചതുള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ എടുത്തത്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

റ്റി. രാധ (62) അന്തരിച്ചു

റ്റി. രാധ (62) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ആതിരാ ഭവനിൽ (എസ്.ആർ.എ: 51 എ) റ്റി രാധ (62) അന്തരിച്ചു.

ഭർത്താവ്: കെ രാമചന്ദ്രൻ (മുൻ മാനേജർ, പ്രഭാത് ബുക്ക് ഹൗസ്)
മക്കൾ: ആർ.ആർ ആതിര, ആർ.ആർ അരുൺ (വ്യാപാരി വ്യവസായി സമിതി സഹകരണ സംഘം)
മരുമകൻ: സി.ജി അജിത്ത് (ടെക്നോ പാർക്ക്)
സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 മണിക്ക്

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമശ്രമം അത്യന്തം അപലപനീയം – കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമശ്രമം അത്യന്തം അപലപനീയം – കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറുടെ ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

ആറ്റിങ്ങലിലെ ഒരു പാരലൽ കോളേജിൽ അധ്യാപകൻ മർദിച്ചുവെന്ന പരാതിയുമായി അമ്മയ്ക്കൊപ്പം എത്തിയ 15 വയസ്സുള്ള പെൺകുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മെഡിക്കോ-ലീഗൽ കേസായതിനാൽ നിയമാനുസൃതമായി പോലീസിനെ അറിയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഡോക്ടർ ശേഖരിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മെഡിക്കോ-ലീഗൽ നടപടിക്രമങ്ങൾ പാലിക്കുന്നത് ഡോക്ടറുടെ നിയമപരവും ഔദ്യോഗികവുമായ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു.

എന്നാൽ, ഈ നടപടികൾ നിർവഹിക്കുന്നതിനിടെ മുനിസിപ്പൽ ചെയർമാൻ അത്യാഹിത വിഭാഗത്തിൽ അനാവശ്യമായി ഇടപെട്ട് ഡോക്ടറുടെ ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ഗുരുതരമായ വധഭീഷണി മുഴക്കുകയും ചെയ്തത് പൊതുജനാരോഗ്യ സംവിധാനത്തോടും നിയമവാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. ഇത്തരം സമ്മർദങ്ങളും നിയമാനുസൃത നടപടിക്രമങ്ങളിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും, അത് നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ പ്രവണതയാണെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും, ഡോക്ടർക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളണമെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.