സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും കാർഡിയോ ശ്രിയും കർണിയർ ഹിയറിംഗ് എയ്ഡ് യും സംയുക്തമായി നിലയ്ക്കാമുക് യു പി എസിൽ വച്ച് സംഘടിപ്പിച്ച ക്യാബിൻ്റെ ഉത്ഘാടനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ വക്കം അജിത്, വക്കം സുനു, ഷിബു (വക്കം മീഡിയ) എന്നിവർ സന്നിഹിതരായിരുന്നു.

ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട് കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. ഡാമിലെ ജലനിരപ്പ് 757.10 എംഎസ് എല്ലില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്.

ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 1.557 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. വരും ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇത്തരത്തില്‍ നിയന്ത്രിതമായി വെള്ളം ഒഴുക്കിക്കളയുക.

കാലവര്‍ഷത്തിന് മുന്നോടിയായുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. കാലവര്‍ഷം ജൂണ്‍ ആദ്യമേ തന്നെ ആരംഭിക്കുമെന്ന സൂചനയും മുന്‍വര്‍ഷങ്ങളിലെ കനത്ത മഴയും കണക്കിലെടുത്താണ്, ഡാമിലെ ജലനിരപ്പ് മുന്‍കൂട്ടി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവരും പുഴയുടെ ഇരുഭാഗങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുഴകളില്‍ ഇറങ്ങാനോ, മുറിച്ചുകടക്കാനോ പാടില്ല. ഷട്ടറുകള്‍ തുറക്കുന്നതു കാണാന്‍ ആളുകള്‍ തടിച്ചുകൂടരുത്. പുഴകളില്‍ മീന്‍പിടിക്കുന്നതിനും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മധുപാല്‍

സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മധുപാല്‍

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാൽ. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സർകാർ ഉത്തരവ് നേടാൻ കഴിഞ്ഞിരുന്നു.

2026 ഏപ്രിൽ മാസത്തിൽ 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം കുടുംബപെൻഷനും 4 പേർക്ക് അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ​ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 ആക്കി.

ഒരു മെമ്പറുടെ ജീവിതത്തിൽ ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം ഓരോ മൂന്ന് വർഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്.

സിനിമ ടിക്കറ്റിന്മേൽ ലഭിക്കുന്ന 3 രൂപ സെസ്സും അം​ഗങ്ങളിൽ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താനായിട്ടുണ്ട്. വരും വർഷങ്ങളിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് സ്വീകരിക്കുവാനുള്ള സർകാർ ഉത്തരവ് നേടിയെടുത്തു.

അം​ഗങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി ചേർന്നത് 2245 പേരാണ്. ഇതോടെ മൊത്തം അം​ഗസംഖ്യ 20,592 ആയി ഉയർന്നു. അം​ഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും ഇക്കാലയളവിലാണ്. എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോർഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്.

വിവിധ പെൻഷനുകൾ, അപേക്ഷകൾ, ധനസഹായങ്ങൾ എന്നിവയെല്ലാം ഇനി ഓൺലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായി മാറ്റാനായി. കലാകാരന്മാരെ ചേർത്തു നിർത്തുന്നതിന് എക്കാലവും മുൻതൂക്കം നൽകുന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്.

അതിന്റെ ഭാ​ഗമായി മറ്റ് പെൻഷനുകൾ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയിൽ അം​ഗത്വം ലഭിക്കുന്നതിനുള്ള സർകാർ ഉത്തരവ് നേടുകയും നില‍നിൽക്കുന്ന അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തതും ഈ കാലയളവിലെ പ്രധാന മാറ്റമായി എടുത്തുകാണിക്കാം. 2021-22 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൻഷൻ ഇനത്തിൽ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ട്.

തിയറ്ററുകളില്‍ പലതും സെസ്സ് തുക യഥാസമയം അടയ്ക്കുന്നതിന് വീഴ്ച വരുത്തുകയും തിയറ്റര്‍ ലൈസന്‍സ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും പുതുക്കി നല്‍കുകയും ചെയ്തിരുന്നത് മൂലം ക്ഷേമനിധി ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം യഥാസമയം ലഭിക്കാത്തതിനാല്‍ ക്ഷേമനിധി ബോര്‍ഡിന്‍റെ കുടിശ്ശിക നിവാരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം എന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് ന‍ല്‍കുകയും, ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത് 18.01.2024 ല്‍ തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പില്‍ നിന്നും (സാധാ) നമ്പർ.137/2024/LSGD നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ആയതിന്‍റെ ഭാഗമായി തിയറ്ററുകളില്‍ നിന്നും കൃത്യമായി സെസ്സ് പിരിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ സെസ്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്ററുകള്‍ 35 ഓളം കേസ്സുകള്‍ ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാരിനും ക്ഷേമനിധി ബോര്‍ഡിനും ആനുകൂലമായി 28 കേസ്സുകളില്‍ ബഹു ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ വിധി തിയറ്ററുകളില്‍ നിന്നും കുടിശ്ശിക സെസ്സ് പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ബാക്കി കേസ്സുകളില്‍ ക്ഷേമനിധി ബോര്‍ഡിന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് വരും മാസങ്ങളില്‍ ക്ഷേമനിധി ബോര്‍ഡിന് സെസ്സ് പിരിക്കുന്നതിന് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമെ തിയറ്ററുകളുമായുള്ള ബന്ധം കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായത് ഇക്കാലയളവിലാണ്. സെസ് തുകയുമായി നിലനിലനിന്നിരുന്ന തർക്ക വിഷയങ്ങൾ കോടതിയിൽ ജയിക്കാനായി എന്നത് വരും വർഷങ്ങളിൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനും പ്രവർത്തനം സുഖകരമാക്കാനും ഉപകരിക്കും.

മെയ് 25 വരെ നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

മെയ് 25 വരെ നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-ാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ വി ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ച സാഹചര്യത്തില്‍ 25 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായാണ് കെ എസ് ഇ ബി എല്‍ അറിയിച്ചിരിക്കുന്നത്.

ഫുൾ ഫാമിലി ‘കറുപ്പിൽ’ ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക

ഫുൾ ഫാമിലി ‘കറുപ്പിൽ’ ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക

ഈ സിനിമാ താരങ്ങൾക്കൊന്നും വയസാകില്ലേ എന്ന് വെറുതെ എങ്കിലും ചിലപ്പോൾ നമ്മൾ ആലോചിക്കാറുണ്ടല്ലേ. ഈ ചോദ്യമാണിപ്പോൾ ആരാധകർ നടി ജ്യോതികയോട് ചോദിക്കുന്നത്. 47-ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ജ്യോതിക പുലർത്തുന്ന അർപ്പണബോധം ഏതൊരാളെയും അതിശയപ്പെടുത്തുന്നതാണ്.

ഇപ്പോഴിതാ പ്രായത്തെ വെല്ലുന്ന ജ്യോതികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘സിസ്റ്റ’ത്തിന്റെ മുംബൈ പ്രീമിയർ ചടങ്ങിൽ പങ്കെടുക്കാൻ സൂര്യയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം എത്തിയതായിരുന്നു ജ്യോതിക.

വളരെ ചെറുപ്പമായി അതിസുന്ദരിയായാണ് ജ്യോതികയെ വിഡിയോയിൽ കാണാനാവുക. സൂര്യ നായകനായെത്തിയ കറുപ്പിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെയാണ് താരകുടുംബത്തെ ഒന്നിച്ച് ആരാധകർ കാണുന്നത്. എല്ലാവരും കറുപ്പ് നിറത്തിലെ വസ്ത്രത്തിലുമാണ് പരിപാടിക്ക് എത്തിയത്. തിരക്കുകൾക്കിടയിലും ജോലിയും കുടുംബജീവിതവും കൃത്യമായ സന്തുലിതാവസ്ഥയോടെ മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതികളാണ് സൂര്യയും ജ്യോതികയും. ബോളിവുഡിലാണിപ്പോൾ ജ്യോതിക സജീവമായിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിസ്റ്റം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനാകും.

ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത മന്ത്രി സി പി ജോണ്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.പ്രവേശനോത്സവ ഗാനം സ്‌കൂളുകള്‍ക്ക് കൈമാറി. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവേശനോത്സവം നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാര്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗതസംഘം രൂപീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാഠ പുസതകങ്ങള്‍ മെയ് 31നകം വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.