കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍, പ്രേം കുമാറിനും നിയമനം

കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍, പ്രേം കുമാറിനും നിയമനം

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉള്‍പ്പെടെ സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍ക്കു മേധാവികളെ നിയമിച്ചു. പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് സാഹിത്യ അക്കാദമി അധ്യക്ഷന്‍. ഗായകന്‍ ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയുടെയും നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും അധ്യക്ഷരാവും. ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടന്‍ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിര്‍മാതാവ് എം രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും. ഡോ. പ്രകാശ് മൂര്‍ത്തിയാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനു ശേഷമാണ് നിയമനം. അക്കാദമികളുടേയും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളുടെയും മേധാവികളുടെ നിയമനം നീണ്ടുപോവുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കവി, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കല്‍പ്പറ്റ നാരായണന്‍ കോണ്‍ഗ്രസ് സഹയാത്രികനായാണ് അറിയപ്പെടുന്നത്. കവി സച്ചിദാനന്ദന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ സാഹിത്യ അക്കാദമി അധ്യക്ഷ പദം ഒഴിഞ്ഞിരുന്നു.എല്‍ഡിഎഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന നടന്‍ പ്രേംകുമാര്‍ പിന്നീട് സര്‍ക്കാരുമായുള്ള അസ്വാരസ്യത്തില്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് യുഡിഎഫിന് ഒപ്പമെത്തിയ പ്രേമകുമാറിനെ ചലച്ചിത്ര വികസന കോര്‍പ്പറഷനിലാണ് നിയമനം.

എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് നാളെ

എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് നാളെ

എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് 2026 സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് ബാലരാമപുരം റായ് വിജയ് കൺവെൻഷൻ സെന്ററിൽ നടത്തുന്നു. ഇന്ത്യൻ വൈസ് പ്രസിഡന്റ് സി. പി. രാധാകൃഷ്ണൻ അവർകൾ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, എസ് യു ടിയുടെ ചെയർമാൻ ഡോ. എ. സി. ഷണ്മുഖം എന്നിവർ പങ്കെടുക്കുന്നു.

2020 ബാച്ചിലെ 92 ഡോക്ടർമാരും 2022-ബാച്ചിലെ MD/MS ബിരുദാനന്തര ബിരുദധാരികളായ 25 ഡോക്ടർമാരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതാണ്.
2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 11 മണിക്ക് എസ് യു ടി മെഡിക്കൽ കോളേജിൽ പുതിയ കാത്ത് ലാബും റോബോട്ടിക് സർജറിയും ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എസ് യു ടി മെഡിക്കൽ കോളേജിന്റെ ചെയർമാൻ ഡോ. എ. സി. ഷണ്മുഖം അധ്യക്ഷത വഹിക്കുന്നതാണ്.

റോബോട്ടിക് സർജറി ശസ്ത്രക്രിയാ രംഗത്ത് പുതിയ വിപ്ലവം!
തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് അത്യാധുനിക റോബോട്ടിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു!
സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഇനി കൂടുതൽ സുരക്ഷിതവും കൃത്യതയുമുള്ളതുമായി മാറും.

റോബോട്ടിക് സർജറിയുടെ പ്രധാന മേന്മകൾ:

*ഉയർന്ന കൃത്യതയും 3D HD കാഴ്ചയും

കാത്ത് ലാബ്

എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് – അത്യാധുനിക കാത്ത് ലാബ്
നിങ്ങളുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സജ്ജമാക്കിയ അത്യാധുനിക ഡിജിറ്റൽ കാത്ത് ലാബ് സേവനങ്ങൾ ഇപ്പോൾ എസ്.യു.ടിയിൽ ലഭ്യമാണ്.

പ്രധാന സേവനങ്ങൾ

*എമർജൻസി ആൻജിയോപ്ലാസ്റ്റി (Primary PCI): ഹൃദയാഘാത സമയത്ത് ജീവൻ രക്ഷിക്കാൻ സജ്ജമായ അടിയന്തര ചികിത്സ.
*കോറോണറി ആൻജിയോഗ്രാം (Coronary Angiogram): ഹൃദയ ധമനികളിലെ തടസ്സങ്ങൾ കൃത്യമായി കണ്ടെത്താൻ അത്യാധുനിക പരിശോധന.
*കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റിംഗ്.

കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് ഡോ: റ്റി.എം തോമസ് ഐസക്

കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് ഡോ: റ്റി.എം തോമസ് ഐസക്

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്, കൊച്ചുമേത്തൻ കടവിൽ കുടുംബസംഗമം ഡോ: റ്റി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യയാ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷൈലജാ ബീഗം, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ഇടമന, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വെമ്പായം സുധീർ, പോത്തൻകോട് വിജയൻ, സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, പി മണികണ്ഠൻ, എസ് ചന്ദ്രൻ, എം മുരളീധരൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. എൻ മോഹനൻ നായർ, ഷാജു, ബാബു, സ്ഥാനാർഥി ബിജിമോൾ എന്നിവർ പങ്കെടുത്തു.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിങ്കളാഴ്ച(28/9/2026) പ്രാദേശിക അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം ജില്ലാ കളക്ടർ

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിങ്കളാഴ്ച(28/9/2026) പ്രാദേശിക അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അനു കുമാരി പ്രദേശിക അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ-സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 29നും അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള സ്‌കൂളുകളിൽ പൊതു പരീക്ഷ ഉണ്ടെങ്കിൽ, ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് യാതൊരുവിധ തടസവും വരാത്തവിധം പരീക്ഷാ ഹാളുകൾ ക്രമീകരിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

അഞ്ചുതെങ്ങിൽ വള്ളം മറിഞ് മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങിൽ വള്ളം മറിഞ് മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട വള്ളം മറഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു, ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് കുന്നുംപുറത്ത് ആന്റണി (59) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.മത്സ്യബന്ധനം കഴിഞ്ഞ് കുരിശ്ശടി ഭാഗത്തേക്ക് മടങ്ങിവരവേ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിന്നു.

അപകടം സംഭവിയ്ക്കുമ്പോൾ വള്ളത്തിൽ ആന്റണി ഉൾപ്പെടെ അഞ്ചോളം മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്.
ഇവരിൽ അഞ്ചുതെങ്ങ് സ്വദേശികളായ ആന്റണി, വിമൽ, ഓസേഫ് തുടങ്ങിയവർ തിരയിൽപ്പെട്ട വള്ളത്തിൽനിന്ന് കടലിലേക്ക് വീഴുകയും, ആന്റണി ഒഴികെയുള്ളവരെ മറ്റു മത്സ്യതൊഴിലാളികൾ ഉടൻ തന്നെ രക്ഷിച്ച് കരയ്ക്കെത്തികയുമായിരുന്നു. ഇവരുടെ പരുക്ക്കൾ ഗുരുതരമല്ല. തുടർന്ന് ആന്റണിയ്ക്കായ് വള്ളം ഇറക്കി നടത്തിയ തിരച്ചിലിൽ ആന്റണിയെ കണ്ടെത്തുകയും, കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ റെജി, മക്കൾ ഷെറിൻ, ഷെഫിൻ, ഷേർലി, മരുമക്കൾ സതീഷ്, രേഷ്മ.

മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍; ഇന്ത്യക്ക് വെള്ളി നേട്ടം

മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍; ഇന്ത്യക്ക് വെള്ളി നേട്ടം

ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ തിലോത്തമ സെന്‍, വിദര്‍ശ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

1,773 പോയിന്റോടെ ഗെയിംസ് റെക്കോര്‍ഡ് തുല്യമാക്കിയ ചൈന സ്വര്‍ണം നേടിയപ്പോള്‍, 1,763 പോയിന്റോടെയാണ് ഇന്ത്യന്‍ സംഘം വെള്ളിമെഡല്‍ ഉറപ്പിച്ചത്. ഷൂട്ടിങ്ങില്‍ വ്യക്തിഗത ഇനത്തില്‍ തിലോത്തമയും വിദര്‍ശയും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങള്‍ നേടി ഫൈനലിലെത്തി. ടീമിനൊപ്പം മെഡല്‍ നേട്ടത്തില്‍ പങ്കാളിയായെങ്കിലും, വ്യക്തിഗത ഫൈനലില്‍ ഇടംപിടിക്കാന്‍ ആഷിക്ക് സാധിച്ചില്ല.

ഗെയിംസില്‍ വിദര്‍ശ രണ്ടാം മെഡലാണ് നേടിയത്. നേരത്തെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദര്‍ശ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.