വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്.

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം എം ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ബി വി ആചാര്യ എന്നിവരാണ് മൂന്നംഗ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ് വര്‍മക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നംഗ സമിതി അന്വേഷണം നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും.

ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ 146 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസാണ് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. അഴിമതിക്കെതിരെ പാര്‍ലമെന്റ് ഒറ്റക്കെട്ടാണ്. ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ത്തന്നെ ഇംപീച്ച്‌മെന്റ് നോട്ടീസ് അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

വസതിയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന ജസ്റ്റിസ് വർമയുടെ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി അന്വേഷണ സമിതിയും റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകുകയും ചെയ്തിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് മാര്‍ച്ച് 14ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 12,13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന്(ചൊവ്വാഴ്ച) കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും.

സെപ്റ്റംബര്‍ 25ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും സെപ്റ്റംബര്‍ 27ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സന്നാഹ മത്സരങ്ങള്‍ നടക്കും. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബര്‍ 26ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരവും തിരുവനന്തപുരത്താണ്. സെമിഫൈനല്‍ പോരാട്ടം ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങള്‍ തിരുവന്തപുരത്ത് നടക്കുന്നത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകും.

ആറ്റിങ്ങൽ ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ആറ്റിങ്ങൽ ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ആറ്റിങ്ങൽ ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ജിയ. ആറ്റിങ്ങൽ കൊടുമൺ
ജി. എസ് നിവാസിൽ സജികുമാറിന്റെയും ഗായത്രി ഗോപിനാഥന്റെയും മകളാണ് ജിയ.

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷം: സംഘാടക സമിതി യോഗം 14ന്

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷം: സംഘാടക സമിതി യോഗം 14ന്

ആറ്റിങ്ങൽ നഗരസഭയും പൗരാവലിയും സംയുക്തമായി എല്ലാവർഷവും സംഘടിപ്പിച്ചുവരുന്ന ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും സംസ്ഥാന ടൂറിസം വാരാഘോഷവും ഈ വർഷവും കൂടുതൽ ആകർഷകവും ജനപങ്കാളിത്തത്തോടും സംഘടിപ്പിക്കുന്നതിന് നഗരസഭ തീരുമാനിച്ചിരിക്കുന്നു.

ഇതിനായുള്ള സംഘാടക സമിതി യോഗം (14/08/2025) വ്യാഴം ഉച്ചയ്ക്കുശേഷം 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ ചേരുന്നു.

ദുബൈയിലെ യാത്രകൾ ഇനി മുടങ്ങില്ല; പുതിയ സംവിധാനവുമായി ആർടിഎ

ദുബൈയിലെ യാത്രകൾ ഇനി മുടങ്ങില്ല; പുതിയ സംവിധാനവുമായി ആർടിഎ

ദുബൈ: യു എ ഇയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹങ്ങളുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാനായി പുതിയ സംവിധാനം അവതരിപ്പിച്ച് ദുബൈ ആർ ടി എ. ‘ഡേറ്റ ഡ്രൈവ് ക്ലിയർ ഗൈഡ്’ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.

ഇതിലൂടെ വാഹനങ്ങളുടെ എണ്ണം മുൻകൂട്ടി കണ്ടു ട്രാഫിക് കുരുക്കുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാകും എന്ന് അധികൃതർ വ്യക്തമാക്കി. റോഡിന്റെ അവസ്ഥ, വാഹനങ്ങളുടെ ശരാശരി വേഗം, നിലവിലെ ഗതാഗത ശൈലി,റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറവുള്ളതും കൂടുതൽ ഉള്ളതുമായ സമയം തുടങ്ങിയ കാര്യങ്ങൾ അതിവേഗം വിലയിരുത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

മുൻ വർഷങ്ങളിലെയും ഈ വർഷത്തേയും വാഹനങ്ങളുടെ പ്രവാഹം സംബന്ധിച്ചുള്ള ഡേറ്റകൾ കൂടി താരതമ്യം ചെയ്താകും ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ പുതിയ സംവിധാനം വഴി തീരുമാനിക്കുക.

ദുബൈയിലെ റോഡിലെ നിർമാണം, അപകടം, വലിയ ചടങ്ങുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന ട്രാഫിക്ക് കുരുക്ക് എന്നിവ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഒരു പാതയിൽ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടതിനെ സംബന്ധിച്ചുള്ള തീരുമാനം പുതിയ സംവിധാനത്തിലൂടെ അതിവേഗം കണ്ടെത്താൻ അധികൃതർക്ക് കഴിയും.

നേരത്തെ മനുഷ്യ സഹായത്തോടെ ആഴ്ചകൾ എടുത്തു ശേഖരിച്ചിരുന്ന വിവരങ്ങളാണ് ഇപ്പോൾ മിനിറ്റുകൾ കൊണ്ട് ലഭ്യമാക്കുന്നത്. 5 വർഷത്തെ ട്രാഫിക് വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ട് എന്നും പുതിയ സംവിധനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.