ബലാത്സംഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ്, സംഗീത ഷോകള്‍ റദ്ദാക്കി ഒളിവില്‍, തിരച്ചില്‍ ഊര്‍ജ്ജിതം

ബലാത്സംഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ്, സംഗീത ഷോകള്‍ റദ്ദാക്കി ഒളിവില്‍, തിരച്ചില്‍ ഊര്‍ജ്ജിതം

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്

‘ഞങ്ങളുടെ വിലാസത്തില്‍ 9 വോട്ട്, ആരെയും അറിയില്ല’; തൃശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ

‘ഞങ്ങളുടെ വിലാസത്തില്‍ 9 വോട്ട്, ആരെയും അറിയില്ല’; തൃശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടറായ വീട്ടമ്മ പ്രസന്ന അശോകന്‍. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതു കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. 4 സി ഫ്‌ലാറ്റില്‍ തന്നെ കൂടാതെ വേറെ പലരുടെയും വോട്ടുകൂടി ചേര്‍ത്തുവെന്നും 52 കാരിയായ പ്രസന്ന അശോകന്‍ പറയുന്നു.

പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകന്‍ കൂട്ടിച്ചേര്‍ത്തു. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ 4 സി ഫ്‌ലാറ്റിലാണ് പ്രസന്ന കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ്, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ക്ക് പൂച്ചിന്നിപ്പാടത്താണ് വോട്ടുള്ളത്. എന്നാല്‍ ഇവരുടെ കാപ്പിറ്റല്‍ വില്ലേജ് 4 സി എന്ന ഫ്‌ലാറ്റ് വിലാസത്തില്‍ ഒമ്പതു വോട്ടുകളാണ് ചേര്‍ത്തിട്ടുള്ളത്.

അജയകുമാര്‍, അയ്യപ്പന്‍, സന്തോഷ് കുമാര്‍, സജിത് ബാബു, മനീഷ് എം എസ്, മുഖാമിയമ്മ, സല്‍ജ കെ, മോനിഷ, സുധീര്‍ തുടങ്ങിയവരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇവരെയാരെയും തനിക്ക് അറിയില്ലെന്നും, തന്റെ ബന്ധുക്കള്‍ അല്ലെന്നും പ്രസന്ന പറഞ്ഞു. ഇവരുടെ പേര് എങ്ങനെ ഞങ്ങളുടെ വിലാസത്തില്‍ വന്നു എന്നറിയില്ല. നാലു വര്‍ഷമായി ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നു. കഴിഞ്ഞ തവണ വോട്ടു ചെയ്യാന്‍ ഇവര്‍ വന്നപ്പോള്‍ പ്രശ്‌നമുണ്ടായതായി അറിഞ്ഞു. ഇവരെ ഞങ്ങള്‍ക്ക് അറിവുള്ളവരല്ലെന്ന് പരാതി നല്‍കിയിരുന്നുവെന്നും പ്രസന്ന പറഞ്ഞു.

ഫ്‌ലാറ്റിന്റെ പേരില്‍ കള്ളവോട്ട് ചേര്‍ത്തതായി ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിവില്ലെന്നും പ്രസന്ന പറഞ്ഞു. വോട്ടേഴ്‌സ് സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചു. ഫ്‌ലാറ്റിന്റെ വാടക ചീട്ട് ഉപയോഗിച്ചാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. തൃശൂരില്‍ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. രണ്ടുദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്.

74000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവെക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. കോൺഗ്രസ് ക്യാംപയിനിൽ രജിസ്റ്റർ ചെയ്യാനുള്ള മൊബൈൽ നമ്പരും rahulgandhi.in/awaazbharatki/votechori എന്ന വിലാസത്തിൽ നൽകിയിട്ടുണ്ട്.

അതേസമയം, കർണാടകയിലെ ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളിച്ചെന്ന് ആരോപിച്ച രാഹുൽ തെളിവുകൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ക്രമക്കേട് നടന്നത് സെൻട്രൽ ബംഗളൂരിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലാണെന്നും രാഹുൽ ഗാന്ധി തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് കർണാടകം സർക്കാരിന്റെ നടപടി. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 160 സീറ്റുകൾ വാഗ്ദാനം ചെയ്ത് രണ്ട് പേർ സമീപിച്ചെന്ന ആരോപണവുമായി NCP നേതാവ് ശരദ് പവാർ രംഗത്തെത്തിയിരുന്നു. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാജ മേൽവിലാസം ചമച്ച് മുപ്പതിനായിരത്തിൽ അധികം വോട്ടുകൾ ചേർത്തെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ആരോപിച്ചു.

വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടം; 5 പേർക്ക് ഗുരുതര പരുക്ക്

വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടം; 5 പേർക്ക് ഗുരുതര പരുക്ക്

വെഞ്ഞാറമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഗേറ്റിൻ്റെ മതിലിലാണ് കാർ ഇടിച്ചത്. മൂകാംമ്പിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി കാർ ആണ് അപകടത്തിൽപെട്ടത്. അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു പുരുഷനും 5 സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഇതിൽ ഒരാളുടെനില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

മാള സഹകരണ ബാങ്കില്‍ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 21 പ്രതികള്‍

മാള സഹകരണ ബാങ്കില്‍ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 21 പ്രതികള്‍

തൃശൂര്‍: മാള സഹകരണ ബാങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് 21 പേരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മാള സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിലെ മുന്‍ പ്രസിഡന്റും 20 ഭരണസമിതി അംഗങ്ങളും 2006 ഒക്ടോബര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുളള വരെയുള്ള ദിവസങ്ങളിലായി വിലയില്ലാത്ത ഭൂമികള്‍ ക്രമക്കേട് നടത്തി ബാങ്കില്‍ പണയപ്പെടുത്തി പത്തു കോടി ഏഴ് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ വായ്പയായി വാങ്ങുകയും തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. മാള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുരുവിലശേരി വലിയപറമ്പ് സ്വദേശി അതിയാരത്ത് വീട്ടില്‍ രാധാകൃഷ്ണന്‍, ഡയറക്ടര്‍ ബോര്‍ഡിലെ മെമ്പര്‍മാരായിരുന്ന അബ്ദുള്ളക്കുട്ടി, ബിന്ദു പ്രദീപ്, ജയ്സണ്‍ വര്‍ഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടന്‍, കൃഷ്ണന്‍കുട്ടി ടി പി, നിയാസ്, പി സി ഗോപി, പി കെ ഗാപി, പോള്‍സണ്‍ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണന്‍, ഷിന്റോ എടാട്ടുകാരന്‍, സിന്ധു അശോകന്‍, തോമസ് പഞ്ഞിക്കാരന്‍, വിജയ കുറുപ്പ്, വിത്സന്‍ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, ജോര്‍ജ് പി ഐ, ജോയ് എം ജെ, സെന്‍സന്‍ എന്നീ 21 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

മാള കോപ്പറേറ്റീവ് ബാങ്ക് കാലങ്ങളായി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഭരിക്കുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. നിക്ഷേപകര്‍ക്ക് നിലവില്‍ പണം കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെ ജി, മാള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി വിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.