വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൽ ലീലാമ്മ (70) എന്ന വയോധികയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്ന കേസിൽ തൃശ്ശൂർ ഒരുമനയൂർ തങ്ങൾപടിപട്ടത്ത് വീട്ടിൽ തൊപ്പി യൂസഫ് (45) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകളുള്ളതും കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമാണ് തൃശ്ശൂർ സ്വദേശിയായ യൂസഫ്.

പകൽസമയം ബസ്റ്റാൻഡുകളിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് തിരക്കുള്ള ജംഗ്ഷനുകളിലും കറങ്ങി നടന്ന വൃദ്ധരായ സ്വർണാഭരണം ധരിച്ച ആളുകളെ കണ്ടെത്തി അവരെ കവർച്ച ചെയ്യുകയാണ് യൂസഫിന്റെ മോഷണ രീതി.

വൈറ്റില ഹബ്ബിൽ വച്ച് റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉൾപ്പെട്ട പ്രതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ, വെഞ്ഞാറമൂട് ഐ എസ് എച്ച് ഒ ആസാദ് അബ്ദുൽകലാം, എസ് ഐ മാരായ സജിത്ത്, ഷാൻ ഷാജി, സിപിഒമാരായ സിയാസ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര്‍ പിടിയില്‍

കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര്‍ പിടിയില്‍

കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എട്ട് പേര്‍ പിടിയില്‍. കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓച്ചിറ സ്വദേശികളായ എട്ട് പേരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 നാണ് കേസിന് ആസ്പദമായ സംഭവം. സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചിരുന്നു. ഈ സമയത്ത് കോടതി വളപ്പില്‍ എത്തിയ പ്രതികളുടെ സുഹൃത്തുക്കളാണ് റീല്‍സ് എടുക്കുകയും നിരോധിത ഉല്‍പന്നങ്ങള്‍ കൈമാറുകയും ചെയ്തത്.

ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുല്‍, മനു എന്നിവരെയാണ് കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ റീല്‍സായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള പൊലീസ് നടപടി. ഓച്ചിറ സ്വദേശികളായ അമ്പാടി, റോഷന്‍, അനന്ദകൃഷ്ണന്‍,അജിത്, ഹരികൃഷ്ണന്‍, ഡിപിന്‍, മണപള്ളി സ്വദേശി മനോഷ്, അഖില്‍ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍

ജറുസലേം: ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റിന്റെ അംഗീകാരം. ഗാസയുടെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്ന സമ്പൂര്‍ണ അധിനിവേശത്തിലേക്ക് ഇസ്രയേല്‍ നീങ്ങുന്നു എന്നതാണ് പുതിയ പദ്ധതി സൂചിപ്പിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കുക, മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ അടങ്ങിയ ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വച്ച അഞ്ചിന് കര്‍മ പദ്ധതിക്കാണ് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.

22 മാസമായി തുടരുന്ന ഗാസയിലെ സൈനിക നീക്കം അവസാനിപ്പിക്കുക, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിന് മുന്നിലുള്ള ബദല്‍ പദ്ധതി പ്രകാരം ഹമാസിന്റെ പരാജയമോ ബന്ദികളുടെ തിരിച്ചുവരവോ പൂര്‍ണമായി വിജയം കാണില്ലെന്ന് ക്യാബിനറ്റില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതായി നെതന്യാഹുവിന്റെ ഓഫീസ് വിശദീകരിക്കുന്നു. എന്നാല്‍ ബദല്‍ പദ്ധതി എന്താണെന്ന് വ്യക്തമല്ല.

ഹമാസിന്‍റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗാസയിലെ സൈനികവല്‍ക്കരണം, ഗാസയിലെ ഇസ്രായേലി സുരക്ഷാ നിയന്ത്രണം, ഹമാസ്, പലസ്തീന്‍ അതോറിറ്റി എന്നിവയ്ക്ക് പുറത്തുള്ള സിവില്‍ ഭരണകൂടം സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാബിനറ്റ് അംഗീകരിച്ച പദ്ധതി. യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) ഏറ്റെടുക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, ഗാസയെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയില്ലെന്ന് സുരക്ഷാ ക്യാബിനറ്റ് യോഗത്തിന് മുന്‍പ് നെതന്യാഹു പ്രതികരിച്ചിരുന്നു. ഗാസയുടെ സുരക്ഷ ഇസ്രായേല്‍ നിയന്ത്രിക്കുന്ന നിലയുണ്ടാകണം. എന്നാല്‍ ഗാസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ അല്ല ഞങ്ങളുടെ പദ്ധതി. ഹമാസിനെ നശിപ്പിച്ച് ബന്ദികളെ തിരികെ കൊണ്ടുവരിക, ഗാസയെ ഒരു താല്‍ക്കാലിക സര്‍ക്കാരിന് കൈമാറുക എന്നതാണ് ലക്ഷ്യം,’ എന്നും നെതന്യാഹു മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്‌സ് കണ്ടെത്തി, മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്‌സ് കണ്ടെത്തി, മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നല്‍കിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് ചട്ടം ലംഘിച്ചാല്‍ മെമ്മോ നല്‍കുന്നത് സാധാരണ നടപടി മാത്രമാണ്. ഇക്കാര്യം അന്വേഷണ സമിതിയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടി താന്‍ നടത്തിയാലും ഉണ്ടാകും. ഇതിനപ്പുറം പോകാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു.

ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി സൂചിപ്പിച്ചിരുന്നു. ഇത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ( ഓ​ഗസ്റ്റ് 2 ന് ) ഡിഎംഇയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വകുപ്പുമേധാവിയുടെ മുറിയില്‍ കൂടി നോക്കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, ബുധനാഴ്ച ( ഓ​ഗസ്റ്റ് 6 ന് ) ഡോ. ഹാരിസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ താന്‍ അവിടെ ഒരു ഉപകരണം കണ്ടെന്ന് ഡോ. ജബ്ബാര്‍ പറഞ്ഞു. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍ ടോണിയുടെ കൂടെയാണ് താന്‍ മുറിയില്‍ പോയത്. അതിന്റെ പരിപൂര്‍ണമായിട്ടുണ്ടോ എന്നു വിശദമായ പരിശോധന നടത്തണം എന്നു പറഞ്ഞതിന്റെ പേരില്‍, ഇന്നലെ ( ഓ​ഗസ്റ്റ് 7 ന് ) ഞങ്ങള്‍ വീണ്ടും മുറിയില്‍ പോയിരുന്നു.

അപ്പോള്‍ ഡോ. സാജു, ഡോ. ടോണി, ഡിഎംഇ തുടങ്ങിയവര്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. അവിടെ ഒരു ഉപകരണം കണ്ടു. അത് പരിശോധിച്ചു. സര്‍ജന്‍ അല്ലാത്തതിനാല്‍ അതേക്കുറിച്ച് വ്യക്തമായി അറിയില്ല. എന്നാല്‍ ബോക്‌സിന്റെ താഴെ മോര്‍സിലോസ്‌കോപ്പ് എന്നു എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനിടെയാണ് വേറൊരു വലിയ ബോക്‌സ് കണ്ടത്. ബുധനാഴ്ച മുറിയില്‍ താന്‍ നോക്കിയപ്പോള്‍ അതു കണ്ടിരുന്നില്ല. തുടര്‍ന്ന് ആ ബോക്‌സ് തുറന്നപ്പോള്‍ അതില്‍ കുറേ ബില്ലുകളാണ് ഉണ്ടായിരുന്നത്. അസ്വാഭാവികത നോക്കിയതിനാലാണ് മുറിയില്‍ വിശദമായ പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പ്രിന്‍സിപ്പല്‍ പറഞ്ഞു.

വലിയ ബോക്‌സില്‍ നിന്നും ഓഗസ്റ്റ് 2 ന് മോര്‍സിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. ഇന്നലത്തെ പരിശോധനയില്‍ നെഫ്രോസ്‌കോപ്പ് ആണ് കണ്ടെത്തിയത്. സിസിടിവി നോക്കിയപ്പോള്‍ ആരോ കടന്നതായി തോന്നിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത് ഏതു ദിവസമാണെന്ന് പരിശോധിക്കണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി അന്വേഷിക്കേണ്ടതാണ്. ഡോ. ഹാരിസ് അവധിയിലാണ്. ഡോക്ടര്‍ ടോണി തോമസിനാണ് മുറിയുടെ താക്കോല്‍ നല്‍കിയിരുന്നത്. ആ താക്കോല്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഡോ. ടോണി അറിയിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുറിയില്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ വിശദമായ പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉപകരണം വന്നിട്ടുണ്ട്. പുതുതായി കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. ഇത് ടെക്‌നിക്കല്‍ ടീം പരിശോധിക്കേണ്ടതാണ്. തങ്ങള്‍ കണ്ടെത്തിയ കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കോറിഡോറിലെ സിസിടിവിയിലാണ് ഒരാള്‍ കയറിയതായി തോന്നിയത്. ഡോ. ഹാരിസ് ലീവിലായതിനാല്‍ അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. 103 സിസിടിവികളും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മെഡിക്കല്‍ കോളജ് സൂപ്രണ്ടും വ്യക്തമാക്കി.

ആറ്റിങ്ങൽ സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ രാമായണ കഥയേയും, സ്വാതന്ത്ര്യ സമര ചരിത്രത്തേയും ആസ്പദമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ടൗൺ യു.പി സ്കൂളിൽ വച്ചാണ് പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്.

രാമായണ ക്വിസ്: 2025 ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 11:30 മുതൽ

സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്: 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ

8 മുതൽ 12 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കും 13 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ബാച്ചുകളിലായാണ് മത്സരം നടക്കുക.

മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ 31.08.2025 ഞായറാഴ്ച ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസ്സിൽ നടക്കുന്ന സർഗ്ഗയുടെ ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽവച്ച് വിതരണം ചെയ്യും.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8907146877, 9846171092

‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

കൊച്ചി: വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. എന്നാല്‍ ഒരാളോട് ‘കുളിക്കൂ, നഖം മുറിക്കു’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വൃത്തികേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവിഐയും നെടുമങ്ങാട് സ്വദേശിയുമായ അനസ് മുഹമ്മദ് എം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ലൈംഗിക ചുവയുള്ളതോ സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന വിധത്തിലോ അല്ലാതെ വ്യക്തിശുചിത്വത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതായി കണക്കാക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഡ്രൈവിങ് ടെസ്റ്റിനിടെ എംവിഐ യുവതിയുടെ നീണ്ട നഖങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രൈവിങ് ടെസ്റ്റിന് വന്നതാണോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും, ടെസ്റ്റിന് മുന്‍പ് ഇവരെ കുളിപ്പിക്കാന്‍ കൊണ്ടു പോകണമെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു പരാതി. സദാചാരവിരുദ്ധരായ സ്ത്രീകളുടെ കുട്ടികള്‍ പല്ല് തേക്കാതെയും കുളിക്കാതെയും നഖം വെട്ടാതെയും ഡ്രൈവിംഗ് ടെസ്റ്റിന് വരുമെന്നും എംവി കുറ്റപ്പെടുത്തിയെന്നമായിരുന്നു ആക്ഷേപങ്ങള്‍. യുവതിയുടെ പരാതിയില്‍ എംവിഐക്ക് എതിരെ ഐപിസി 294(ബി), 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എംവിഐ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി സംഭവം നടന്നത് ഒരു കാറിനുള്ളിലായതിനാല്‍ അതൊരു പൊതു സ്ഥലമായി കണക്കാകാന്‍ കഴിയില്ലെന്നും വിലയിരുത്തി. ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വൃത്തികെട്ടതായിരുന്നു. എന്നാല്‍ അവ സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതോ പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതോ ആയി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.