by Midhun HP News | Aug 8, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.
2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞു. എന്നാൽ 2019- 20 വര്‍ഷം അത് 13.92 കോടിയായും 2020 – 21 ല്‍ 56.56 കോടിയായും ഉയര്‍ന്നു. 2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിൽ മെട്രോ നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ ലാഭമാണ് നേടിയത്. 2023-24 കാലയളവില്‍ പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയരുകയും ചെയ്തു.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ ആകെ 182.37 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചിലവ് 149.03 കോടി രൂപയാണ്.
തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചു കൊണ്ടുവരാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല.
നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായർ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അംഗങ്ങൾ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിർദേശം മാറ്റിവെച്ചു.
ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി നിർദേശിച്ചിരുന്നില്ല. വിവാദ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഭക്തരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം:കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദനം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.
തലയ്ക്കും പരിക്കുണ്ട്. ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു. സംഭവത്തിന് മേൽ നടപടി സ്വീകരിച്ചിട്ടുണെന്നു സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വി.ആർ.എ ലെയ്നിൽ അവിട്ടത്തിൽ (വി.ആർ.എ:24) (റിട്ടയേർഡ് തഹസിൽദാർ തിരുവനന്തപുരം) സി കൃഷ്ണപിള്ള (78) അന്തരിച്ചു.
ഭാര്യ: സി അംബികാ ദേവി (റിട്ടയേർഡ് റവന്യൂ ഡിപ്പാർട്ട്മെൻ്റ്).
മക്കൾ: എ.കെ മിനി (കേരള യൂണിവേഴ്സിറ്റി), എ.കെ റാണി (അഗ്രികൾച്ചറൽ ഓഫീസ്, തിരുവനന്തപുരം).
മരുമക്കൾ: ജെ.എസ് മനോജ് (കൈലാസ് അസോസിയേറ്റ്സ്), എസ് സന്തോഷ് (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്).
സംസ്കാരം ഇന്നു ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.
by Midhun HP News | Aug 8, 2025 | Latest News, കേരളം
കോട്ടയം: ഏറ്റുമാനൂര്‍ ജൈനമ്മ തിരോധനാക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്നും കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് തുടങ്ങിയവ കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ ലഭിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് നിര്‍ണായക വസ്തുക്കള്‍ കണ്ടെടുത്തത്.
പിടിച്ചെടുത്ത 20 ലിറ്റര്‍ കന്നാസില്‍ ഡീസല്‍ വാങ്ങിയിരുന്നതായി സെബാസ്റ്റ്യന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കണ്ടെടുത്ത വസ്തുക്കള്‍ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സ്ഥിരീകരിക്കാനായി ശ്‌സ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ തുടക്കം മുതലേ സെബാസ്റ്റ്യന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ വീണ്ടും കസ്റ്റഡി അപേക്ഷ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു ദിവസം കൂടി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ജൈനമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.
by Midhun HP News | Aug 8, 2025 | Latest News, കേരളം
കൊച്ചി: മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാന്‍ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ മോഷ്ടാവ് പിടിയിലായി.
ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നത്. ഇതിനിടെയാണ് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണത്. നാട്ടുകാരെത്തി പിടികൂടിയ മോഷ്ടാവിനെ പൊലീസിന് കൈമാറി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Recent Comments