എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് ( നീറ്റ് യുജി ) 2025 അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്മെന്റിന്റെ സമയക്രമം പുതുക്കി. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പുതുക്കിയ സമയക്രമം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്‌സ് ഫില്ലിങ് ഇതിനകം പൂർത്തിയായി. ആദ്യ റൗണ്ട് അലോട്ട്മെന്റ് ഓഗസ്റ്റ് ഒൻപതിന് പ്രഖ്യാപിക്കും. കോളജ് റിപ്പോർട്ടിങ്ങിന് ഒൻപതു മുതൽ 18 വരെ അവസരമുണ്ടാകും.

രണ്ടാംറൗണ്ട് നടപടികൾ 21-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) 26-ന് ഉച്ചയ്ക്ക് 12 വരെ ചെയ്യാം. തുക അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നു വരെയാണ്. ചോയ്‌സ് ഫില്ലിങ് 22 മുതൽ 26-ന് രാത്രി 11.55 വരെയും ചെയ്യാം. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്‌മെന്റ് ഫലം 29-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് സൗകര്യം 30 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്.

റൗണ്ട് മൂന്നിന്റെ അലോട്ട്മെന്റ് നടപടികൾ ഒൻപതിന് തുടങ്ങും. രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 14 വരെയാണ്. ചോയ്‌സ് ഫില്ലിങ് 10 മുതൽ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്ട്മെന്റ് ഫലം 17-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് 18 മുതൽ 25 വരെയായിരിക്കും.

ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് നടപടികൾ 30-ന് തുടങ്ങും. ഒക്ടോബർ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്‌സ് ഫില്ലിങ് 30 മുതൽ ഒക്ടോബർ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതൽ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.

സംസ്ഥാനതല അലോട്ട്മെന്റ്

സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്മെന്റ് നടപടികൾ ഓഗസ്റ്റ് ഒൻപതുമുതൽ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാന തല ആദ്യ അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്ട്മെന്റ് നടപടികൾ 27 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്. രണ്ടാം അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്‌റ്റംബർ 11-നകം നേടണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 15 മുതൽ 25 വരെയായിരിക്കും.

സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് ഇന്നലത്തെ റെക്കോര്‍ഡ് ഉയരമായ 75,200 മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നിലവില്‍ 75,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികമാണ് വില കൂടിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാകുന്നു

അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാകുന്നു

ആറ്റിങ്ങൽ: സ്വന്തമായി പോസ്റ്റാഫീസിന് സ്ഥലം ഉണ്ടെങ്കിലും പതിറ്റാണ്ടുകളായി വാടകകെട്ടിടങ്ങൾമാറി മാറി പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് അടൂർ പ്രകാശ് എം. പി യിലൂടെ ശാപമോക്ഷം.
1984-89 ൽ ചിറയിൻകീഴ് എം.പിയായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ കാലഘട്ടത്തിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പുതിയകെട്ടിടം നിർമിക്കാൻ സ്വന്തമായി സ്ഥലം അനുവദിച്ചത്.

അദ്ദേഹത്തിന്റെ കാലഘട്ടത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ മാറിമാറി വന്ന ഒരു എം.പി പോലും സ്വന്തമായി സ്ഥലം കൈവശമുള്ള പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുവാൻ കഴിഞ്ഞില്ല. അടൂർ പ്രകാശ് ആദ്യമായി ആറ്റിങ്ങൽ ലോകസഭ എംപി ആകുമ്പോൾ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം വേണമെന്നുള്ള ജനങ്ങളുടെ പൊതു വികാരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ടേമിൽ വർക്കല പോസ്റ്റ് ഓഫീസ് കെട്ടിടത്തിനായിരുന്നു അദ്ദേഹം തുക അനുവദിച്ചത്. തുടർന്ന് അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ ആയിരത്തിൽപ്പരം പൊതു ജനങ്ങളിൽനിന്ന് ഒപ്പ് സമാഹരണം നടത്തുകയും എം. പി യ്ക്കു നൽകുകയും ചെയ്തു. തുടർന്ന് അടൂർ പ്രകാശ് എം പി പോസ്റ്റ് ഓഫീസിന് ഏറ്റെടുത്ത സ്ഥലം സന്ദർശിക്കുകയും കെട്ടിടത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുകയും പോസ്റ്റാഫീസിന് സ്വന്തമായി കെട്ടിടത്തിന് തുക അനുവദിക്കാമെന്ന് പ്രവർത്തകർക്കും, ജനങ്ങൾക്കും ഉറപ്പുനൽകുകയും ചെയ്തു.

ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് പുതിയ കെട്ടിടത്തിനായി നിവേദനം നൽകുകയും ഇതിനായി പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അവനവഞ്ചേരി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം അനുവദിച്ചു എന്നുള്ള അറിയിപ്പ് ആറ്റിങ്ങലിലെ എം.പി ഓഫീസിൽ നിന്ന് ലഭിക്കുകയായിരുന്നു. ഇതോടെ സ്വന്തമായി വസ്തു ഉണ്ടായിട്ടും കൂടിയ വാടകകൊടുത്ത് അവനവഞ്ചേരി ഗ്രാമം മുക്കിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാവുകയായിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ സഹോദരൻ അന്തരിച്ചു

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ സഹോദരൻ അന്തരിച്ചു

അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ പരേതരായ വാമദേവൻ സത്യവതി എന്നിവരുടെ മകനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ സഹോദരനുമായ സൈജു (61) നിര്യാതനായി.

ഭാര്യ: കവിത
മക്കൾ: അശ്വതി, അനഘ

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി : അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി : അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ തേടി അടൂർ പ്രകാശ് എം.പി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനം തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് ആയിരുന്നു പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരുമെന്നും ഇതൊഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനപരിശോധന നടത്തുകയാണെന്നുമാണ് കഴിഞ്ഞദിവസം പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.

നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും പദ്ധതി വൈകുന്നതു മൂലം ഭൂവുടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അപ്പോഴൊക്കെ പദ്ധതിക്ക് അന്തിമ അനുമതി വൈകില്ലെന്നും നഷ്ടപരിഹാരം ഉടൻ കൈമാറുമെന്ന ഉറപ്പായിരുന്നു ലഭിച്ചത്. ഈ ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നിരവധി മറുപടികളിലും അലൈൻമെന്റിലെ പ്രശ്നം ഒരിക്കൽ പോലും വ്യക്തമാക്കിയിരുന്നില്ല.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയും ഓഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലൈ അവസാനത്തോടെ ഈ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.

പദ്ധതി അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് ഇപ്പോൾ പറയുന്നത് കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുന്ന സ്ഥലമുടമകൾക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണ്. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത 6500 ഓളം ഭൂവുടമകൾ തങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ലെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി.

‘ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ്’, കൈക്കൂലിക്കാരെ തേടി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

‘ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ്’, കൈക്കൂലിക്കാരെ തേടി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ”സെക്വര്‍ ലാന്‍ഡ്” എന്ന പേരില്‍ ആയിരുന്നു സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍, ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനും, സബ് രജിസ്ട്രാര്‍ ഓഫീസ് മുഖേന നല്‍കുന്ന മറ്റ് വിവിധ സേവനങ്ങള്‍ക്കും ആധാരമെഴുത്തുകാര്‍ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ 72 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാഴാഴ്ച വൈകുന്നേരം 04.00 മണി മുതല്‍ പരിശോധന നടത്തിയത്. പരിശോധനയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മുഖേന നല്‍കി വരുന്ന ആധാരം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്ക്, ഉദ്യോഗസ്ഥര്‍ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ഉപയോഗിച്ച് പൊതുജനങ്ങില്‍ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. വസ്തു രജിസ്‌ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്ന പൊതുജനങ്ങളില്‍ നിന്നും എഴുത്തുകൂലിക്ക് പുറമേ കൂടുതല്‍ പണം ആധാരമെഴുത്തുകാര്‍ വാങ്ങി സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് വീതം വച്ച് കൈക്കൂലിയായി നല്‍കുന്നതായും, ഫെയര്‍വാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ വില്‍പ്പന വില കുറച്ച് കാണിച്ച് ആധാരം രജിസ്‌ട്രേഷന്‍ നടത്തുന്നതായും, കൈക്കൂലി കൈപ്പറ്റി ഉദ്യോഗസ്ഥര്‍ ഈ ക്രമക്കേടിന് കൂട്ടു നില്‍ക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

വസ്തു നില നില്‍ക്കുന്ന റവന്യു ജില്ലയില്‍പ്പെട്ട ഏതൊരു രജിസ്ട്രാര്‍ ഓഫീസിലും രജിസ്‌ട്രേഷന്‍ ചെയ്യാമെന്നുള്ള പദ്ധതി മുതലെടുത്ത് അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും, ഈ പദ്ധതിയുടെ മറവില്‍ ഫ്‌ലാറ്റുകളുടെയും മറ്റും വില കുറച്ച് കാണിച്ച് അഴിമതിക്കാരായ സബ് രജിസ്ട്രാര്‍മാര്‍ ചുമതല വഹിക്കുന്ന ഓഫീസുകള്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തി രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലും, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടക്കുന്നു എന്നും ആരോപണങ്ങളുണ്ട്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.