by Midhun HP News | Jul 29, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.
ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ജൂലൈ 20ന് നടന്ന ചലോ സംസദ് മാര്‍ച്ചിനിടെയും തുടര്‍ന്നുണ്ടായ പൊലീസ് നടപടികള്‍ക്ക് ശേഷവും പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച പോസ്റ്റുകളും വിഡിയോകളും ഉടനടി നീക്കം ചെയ്യാനും അക്കൗണ്ട് ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനും പൊലീസ് പ്ലോറ്റ്ഫോമുകളോട് നിര്‍ദ്ദേശിച്ചു.
അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തതിന്റെയും ലോഗ് ഔട്ട് ചെയ്തതിന്റെയും കൃത്യമായ സമയവും തീയതിയും, അന്വേഷണത്തിന് സഹായിക്കുന്ന മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവയാണ് പൊലീസ് നോട്ടീസില്‍ തേടിയത്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചില പോസ്റ്റുകളും വിഡിയോകളും ഇതിനകം പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനിയും നിയമവിരുദ്ധ പോസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് സൈബര്‍ സംഘം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

by Midhun HP News | Jul 29, 2026 | Latest News, സിനിമ
നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല.
AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട്. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്.

by Midhun HP News | Jul 29, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. നിക്ഷേപകര്‍ ഐടി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് കരുത്തായത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 800 പോയിന്റ് ആണ് മുന്നേറിയത്. ഒരിടവേളയ്ക്ക് ശേഷം നിഫ്റ്റി 24000ന് മുകളില്‍ എത്തി.
ഐടി സൂചിക 2.8 ശതമാനമാണ് മുന്നേറിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റം 8.5 ശതമാനമായി ഉയര്‍ന്നു. ആഗോള ചിപ്പ് നിര്‍മ്മാതാക്കളെ മറികടന്ന് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഓഹരികള്‍ മികച്ച പ്രതിമാസ നേട്ടത്തിലേക്ക് കുതിക്കുകയാണ്. നിക്ഷേപകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപാരങ്ങളില്‍ നിന്ന് മാറി ഐടി കമ്പനികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം മുതല്‍ ഐടി സൂചികയില്‍ ഉണ്ടായ മുന്നേറ്റമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 755 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെ തന്നെയാണ്. ഇതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. അഞ്ചു പൈസയുടെ നേട്ടത്തോടെ 95.77ലേക്കാണ് രൂപ ഉയര്‍ന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മുന്നേറ്റം. ഡോളര്‍ ദുര്‍ബലമായതും എണ്ണവില കുറഞ്ഞതും അടക്കമുള്ള വിഷയങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, എച്ച് യുഎല്‍, ലാര്‍സന്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

by Midhun HP News | Jul 29, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇറാനെതിരെയുള്ള പിഴ നീട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യക്കും ചൈനക്കും മേല്‍ ഉയര്‍ന്ന താരിഫ് ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍.
അടുത്തിടെ അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരില്‍ അറിയപ്പെടുന്ന ബില്ലിനെ ട്രംപും പിന്തുണച്ചിരുന്നു. 12നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഭൂരിപക്ഷം അംഗങ്ങളും ഒന്നിച്ചുനിന്നാണ് ബില്‍ പാസാക്കാന്‍ ആവശ്യമായ 60 വോട്ട് തികച്ചത്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി ക്യാപിറ്റോള്‍ ഹില്ലില്‍ എത്തി സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ബില്ലിന്മേലുള്ള വോട്ടെടുപ്പ്.
റഷ്യന്‍ ഉദ്യോഗസ്ഥര്‍, അതിസമ്പന്നര്‍, ധനകാര്യ സ്ഥാപനങ്ങള്‍, റഷ്യന്‍ എണ്ണ കയറ്റുമതിയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റുകള്‍’ എന്നിവയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങളില്‍ (പ്രത്യേകിച്ച് ഇന്ത്യ, ചൈന) നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് ബില്‍ അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്ന് 15 ശതമാനത്തില്‍ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും, അത് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ ബില്ലില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ട്രംപിന്റെ ആവശ്യപ്രകാരം ഇറാന്റെ ഊര്‍ജ്ജ, ആയുധ മേഖലകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് നിലവിലുള്ള ഉപരോധ അധികാരങ്ങളും ഇതില്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ ഊര്‍ജ്ജ വരുമാനം തടയുന്നതിലൂടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന യുക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് കണ്ടെത്താനുള്ള വ്‌ലാദിമിര്‍ പുടിന്റെ ശേഷി ദുര്‍ബലപ്പെടുത്തുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ ചില ഡെമോക്രാറ്റിക് നേതാക്കള്‍ ബില്ലില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
പ്രസിഡന്റിന് അമിതമായ താരിഫ് അധികാരം നല്‍കുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില വര്‍ധിക്കാനും യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രതിനിധി സഭ വേനല്‍ക്കാല അവധിയിലായതിനാല്‍ സെപ്റ്റംബറിന് മുമ്പ് ബില്‍ സഭയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ല.

by Midhun HP News | Jul 29, 2026 | Latest News, കേരളം
തിരുവനന്തപുരം: പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി സ്പെഷല്‍ അസറ്റ് മാനേജ്മെന്റ് പോര്‍ട്ടല്‍ രൂപീകരിക്കും. പ്ലാന്‍ സ്പെയ്സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റര്‍ രൂപീകരിക്കും. വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധനപദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്ഠിത പ്രോജക്ട് റജിസ്റ്റര്‍ ഉണ്ടാകും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്റര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളമായി 19000 കോടിയോളം രൂപയാണ് നല്‍കുന്നത്. പല കാലത്തായി രൂപീകരിച്ച സ്ഥാപനങ്ങള്‍ ഉദ്ദേശലക്ഷ്യങ്ങള്‍ കഴിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിക്കും.
കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസമാകുന്നു. ഇതൊഴിവാക്കാനുള്ള സമഗ്രമായ പരിപാടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും. മികച്ച ജീവിതസൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും. ബിസിനസ് നടത്താന്‍ കേരള സര്‍ക്കാരുമായി നടത്തുന്ന ഇടപെടലുകള്‍ ലളിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

by Midhun HP News | Jul 29, 2026 | Latest News, കേരളം
ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി നല്‍കാന്‍ ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഓഗസ്റ്റ് 5ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി മന്ത്രി വിളിച്ചുചേര്‍ത്ത ആലോചനാ യോഗത്തില്‍ 80-ലധികം അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച നിരവധി ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഈ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണനയിലാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്‍ അറിയിച്ചു.
ഉച്ചഭക്ഷണ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് അധ്യാപക പ്രതിനിധികള്‍ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇതിന് പുറമെ, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉള്ളത്. ഏകദേശം 32 ലക്ഷം കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

Recent Comments