by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത, സിനിമ
തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് രജനിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, ചന്ദ്രമുഖി, എന്തിരൻ, ജയിലർ, വേട്ടയ്യൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഹിറ്റുകളിലൂടെ രജനികാന്ത് തമിഴകത്ത് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.
സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകരും. രജനികാന്തിനോടുള്ള ആരാധനയുടെ ഭാഗമായി തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം പോലും നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ക്ഷേത്രത്തിൽ നിന്നുള്ള ഒരു വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. മധുരയിലെ രജനികാന്തിന്റെ പേരിലുള്ള ക്ഷേത്രമായ അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ 5,500-ലധികം ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാർത്തിക് എന്ന ആരാധകൻ.
രജനികാന്തിന്റെ സിനിമകളിൽ നിന്നുള്ള ഫോട്ടോകളും ഇവിടെ കാണാം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ക്ഷേത്രത്തിൽ 300 കിലോഗ്രാം ഭാരം വരുന്ന രജനികാന്തിന്റെ ഒരു വിഗ്രഹവുമുണ്ട്. രജനികാന്തിന്റെ അഭിനയത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നടനെ ദൈവമായി കണ്ടാണ് കാർത്തിക്കും കുടുംബവും വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ സൂപ്പർ ഹിറ്റുകളായ ഒട്ടേറെ സിനിമകളാണ് അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന കൂലിയും ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയിൽ ഹർജിയിൽ നൽകിയിരിക്കുന്നത്. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്വേത ഹർജിയിൽ പറയുന്നു. ഇന്ന് ഉച്ചയോടെ ഹർജി പരിഗണിക്കും. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്.
ഈ മാസം 15നാണ് തെരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽ നിന്നു തന്നെ ഉയർന്നിരുന്നു. ശ്വേതയെ പിന്തുണച്ച് താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്.
ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നു. 2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത
+ 1 ന് ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ, ഉദ്ദേശിച്ച ഗ്രൂപ്പ് ലഭിക്കാത്തവർ, ദൂരസ്ഥലങ്ങളിൽ അഡ്മിഷൻ നേടിയവർ – സ്കൂൾ മാറുവാൻ അവസാന അവസരം. ശ്രീവിദ്യാധിരാജ സ്കൂൾ ആറ്റിങ്ങൽ
ബയോളജി സയൻസ്
കമ്പ്യൂട്ടർ സയൻസ്
കമ്പ്യൂട്ടർ കൊമേഴ്സ്
Ph: 9995333815, 9037521894.
ആഗസ്റ്റ് 17 അവസാന തീയ്യതി.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രമുഖ ഡോർ നിർമാണ കമ്പനിയിൽനിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം വിളവൂർക്കൽ ഇളംപുരയിടത്തിൽ ഷിജോ ജോസഫിനെ (43) ആണ് വാഴക്കാട് എസ്.ഐ കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
2008 മുതൽ ജോലി ചെയ്ത, കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന്റെ കേരള-തമിഴ്നാട് സെയിൽസ് ഹെഡായി പ്രവർത്തിച്ച് വരുകയായിരുന്ന ഷിജോ ഉപഭോക്താക്കൾ നൽകുന്ന ചെക്കിൽ കൃത്രിമം കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് കണക്കിൽ കൃത്രിമം കാട്ടിയും രേഖകൾ നിർമിച്ചും സ്ഥാപനത്തിന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് കേസ്. ഒരു കോടിയിലധികം രൂപയാണ് ഇത്തരത്തിൽ ഇയാൾ വെട്ടിപ്പ് നടത്തിയത്
വാഴക്കാട് സ്റ്റേഷൻ എസ്.ഐ സുരേഷ് കുമാറിനൊപ്പം കെ. ഹരീഷ് കുമാർ, സി. രാഹുലൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് പിടികൂടിയത്. 2008ന് മുമ്പ് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ഓട്ടോമൊബൈൽ ഡീലറെ സമാന രീതിയിൽ കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയതിന് ഷിജോക്കെതിരെ തുമ്പ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ നടപടി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുകയാണ്. മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി – ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി.
ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകിയിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. മാര്‍ച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകള്‍ മാറ്റി. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. 10 പേര്‍ പണം കണ്ടതായി മൊഴി നല്‍കി. ജസ്റ്റിസ് വര്‍മയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനല്‍കി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്ജ. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Recent Comments