‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള്‍ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടി വരും. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. അമേരിക്കയുടെ പുതിയ നീക്കം വിസ അപേക്ഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക.

അനധികൃതമായി രാജ്യത്ത് തുടരുന്നവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ ഡോണൾഡ് ട്രംപ് സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് വിസ അപേക്ഷകർക്ക് ബോണ്ട് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ നടത്തുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ബോണ്ട് ഏർപ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പദ്ധതി നടപ്പാക്കുന്നതിന് 15 ദിവസം മുമ്പ് ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ കണക്കുകൾ അധികൃതർ പരിശോധിക്കും. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരിൽ കൂടുതൽ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയ ശേഷം ആ രാജ്യത്തിൽ നിന്നുള്ള അപേക്ഷകർക്കാകും ബോണ്ട് ഏർപ്പെടുത്തുക.

പദ്ധതി ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും നടപ്പിലാക്കുക. 5,000, മുതൽ 15,000 ഡോളറുകൾ വരെ ബോണ്ടായി ആവശ്യപ്പെടാനുള്ള പ്രത്യേക അധികാരം

കോൺസുലർ ഓഫിസർമാർക്ക് നൽകും. വിസയുടെ കാലാവധി അവസാനിക്കുന്നവർ നടപടി ക്രമങ്ങൾ പാലിച്ച് രാജ്യം വിടുമ്പോൾ ബോണ്ട് ആയി നൽകിയ പണം തിരികെ നൽകും. ഇനി വിസ നിയം ലംഘിച്ചാൽ പണം കണ്ടു കെട്ടുകെട്ടുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയിലെ യു എസ് എംബസി വിസ ഉടമകൾക്ക് കർശനമായ മുന്നറിയിപ്പുമായി രംഗത്ത് എത്തി. യു എസ് വിസയുടെ നിബന്ധനകളും അമേരിക്കയിൽ താമസിക്കുന്നതിനുള്ള അംഗീകൃത കാലയളവും മാനിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റിൽ എംബസി പറയുന്നു. നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; ആലുവയില്‍നിന്ന് 20 മിനിറ്റ്, സാധ്യതാപഠനം നടത്തിയതായി ബെഹ്‌റ

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; ആലുവയില്‍നിന്ന് 20 മിനിറ്റ്, സാധ്യതാപഠനം നടത്തിയതായി ബെഹ്‌റ

കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടര്‍ മെട്രോ സര്‍വീസ് പരിഗണനയില്‍. ആലുവയില്‍ നിന്ന് 20 മിനിറ്റുകൊണ്ട് വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരിയില്‍ എത്താവുന്ന രീതിയിലാണ് റൂട്ട്. ഇതുസംബന്ധിച്ച് പ്രാഥമിക സാധ്യതാപഠനം കൊച്ചി മെട്രോ നടത്തിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കൊച്ചിയില്‍ ജലവഴികളിലൂടെ ബന്ധിപ്പിക്കാവുന്ന പ്രധാനയിടങ്ങളുണ്ട്. വിമാനത്താവളത്തിലേക്കെന്നതിനു സമാനമായി വാട്ടര്‍മെട്രോ ഓടിക്കാവുന്ന ഒന്‍പത് റൂട്ടുകള്‍ കൂടി കൊച്ചി മെട്രോ കണ്ടെത്തിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.കൊച്ചിയുടെ ഭാവിയിലെ ഗതാഗതം സംബന്ധിച്ച് പനമ്പിള്ളി നഗര്‍ കെഎംഎ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബെഹ്‌റ ഇക്കാര്യം പറഞ്ഞത്.

കൊച്ചി വാട്ടര്‍ മെട്രോ മാത്യകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത്. കൊല്‍ക്കത്ത , ഗോവ, ശ്രീനഗര്‍ , അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇടങ്ങള്‍ വരെ വാട്ടര്‍മെട്രോയുടെ ആശയത്തിലേക്ക് വന്നുവെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു.

ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. അരൂരിലാണ് സംഭവം. കോതമംഗലത്ത് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്.

അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലാണ്ടായ സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ബൈക്കില്‍ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിനാല്‍ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി.

ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി ബസിനെ പിന്തുടര്‍ന്നെത്തി മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു.SR 299702 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SW 391513 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SN 299702

SO 299702

SP 299702

SS 299702

ST 299702

SU 299702

SV 299702

SW 299702

SX 299702

SY 299702

SZ 299702

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

അദാനി റോയല്‍സ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം

അദാനി റോയല്‍സ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം

കോവളം: അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടിനെ കീഴടക്കി വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം, റോയല്‍സ് കപ്പില്‍ മുത്തമിട്ടു. ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍, വിജയറണ്‍ നേടാന്‍ അവസാന പന്തില്‍ ബൗണ്ടറി പായിച്ചാണ് ബാച്ച്‌മേറ്റ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കിയത്.

പതിനാറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. ആദ്യ സെമിയില്‍ അരോമ എയര്‍പോര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് ഫൈനലില്‍ ഇടംപിടിച്ചത്. രണ്ടാം സെമിയില്‍ ക്രേസി 11 വിഴിഞ്ഞത്തെ തകര്‍ത്ത് ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടും കലാശക്കളിക്ക് യോഗ്യത നേടി.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ട്, നിശ്ചിത അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിനായി വെടിക്കെട്ട് ബാറ്റര്‍ ഇമ്മാനുവേല്‍ നിറഞ്ഞാടിയപ്പോള്‍ മത്സരം ആവേശക്കൊടുമുടി കയറി. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍, സമ്മര്‍ദ്ദത്തെ അതിജീവിച്ച് അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാച്ച്‌മേറ്റ്‌സ് ലക്ഷ്യം മറികടന്നു (64/1).

ടൂര്‍ണമെന്റിന്റെ യഥാര്‍ത്ഥ താരം വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന്റെ ഇമ്മാനുവേല്‍ ആയിരുന്നു. ഫൈനലില്‍ വെറും 22 പന്തില്‍ നിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയ ഇമ്മാനുവേലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് വിജയമൊരുക്കിയത്. ടൂര്‍ണമെന്റിലുടനീളം 207 റണ്‍സ് നേടിയ ഇമ്മാനുവേല്‍ തന്നെയാണ് കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും. മികച്ച ബൗളറായി മച്ചമ്പീസ് വിഴിഞ്ഞത്തിന്റെ താരം വിജയിയെയും തിരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റ്, വിഴിഞ്ഞം വോയേജ് ചര്‍ച്ച് വികാരി
ഫാ.ഡോ. നിക്കോളാസ് എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കൗണ്‍സിലര്‍ പനത്തുറ ബൈജു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്, പോര്‍ട്ട് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് ഡോ. അനില്‍ ബാലകൃഷ്ണന്‍, ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ചീഫ് ഓഫീസര്‍ രാഹുല്‍ ഭട്കോട്ടി, കേരള റീജിയണല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് മഹേഷ് ഗുപ്തന്‍, ട്രിവാന്‍ഡ്രം റോയല്‍സ് മാനേജ്‌മെന്റ് പ്രതിനിധി മനോജ് മത്തായി, ടീം പി.ആര്‍ മേധാവി ഡോ. മൈതിലി, ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് കോച്ച് മഥന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താൻ മത്സരിക്കാൻ യോ​ഗ്യ‌; പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

താൻ മത്സരിക്കാൻ യോ​ഗ്യ‌; പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയില്‍ സാന്ദ്ര ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെര‍ഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈ ലോയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.

സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളു എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി.

ഒടുവില്‍, പറഞ്ഞത് പോലെ ഇന്ന് തന്നെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. രണ്ട് കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫീസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിര അംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം.

തന്‍റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. താന്‍ മത്സരിക്കാന്‍ യോഗ്യയാണ്. പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണം. വരണാധികാരിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

എന്നാല്‍ ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരിഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും വ്യക്തമാക്കുകയാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍.