by Midhun HP News | Aug 5, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിത കാല സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് രാവിലെയാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കോടതി സ്റ്റേ അവഗണിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്. ഡിപ്പോകളില്‍ ബസുകള്‍ കൂട്ടമായി നിര്‍ത്തിയിട്ട അവസ്ഥയാണ്. ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. ഗ്രാമീണ മേഖലയിലെ ചില ബസുകള്‍ സര്‍വീസ് നടത്തി. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വേണ്ടി കുറച്ച് ഡ്രൈവര്‍മാര്‍ ജോലിയില്‍ കയറിയതായി ഗതാഗത വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ബസ് സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍, സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ട്രെയിനി ബസ് ഡ്രൈവര്‍മാരെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബസ് ടെര്‍മിനലുകളില്‍ നിന്ന് സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബെംഗളൂരു, ചിക്കമഗളൂരു, റായ്ച്ചൂര്‍, ചിത്രദുര്‍ഗ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മംഗളൂരു, മൈസൂരു, തുമകൂരു, ഹാസന്‍, മടിക്കേരി, ശിവമോഗ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.
by Midhun HP News | Aug 5, 2025 | Latest News, കേരളം
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസ്സായത്.
മുമ്പ് നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോകുകയും, വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇതു വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സിപിഎം കൗൺസിലർ കലാ രാജുവിനും സ്വതന്ത്ര കൗൺസിലർ സുനിലിനും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ”പാർട്ടി ചിഹ്നത്തിൽ മത്സരിച്ച തന്നോടാണ് സിപിഎം മുമ്പ് മോശമായി പെരുമാറിയത്. സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ല. അയോഗ്യത നടപടികളെ നേരിടാൻ തയ്യാറാണെന്നും, ഇനി യുഡിഎഫിനൊപ്പമായിരിക്കും പ്രവർത്തനമെന്നും” കല രാജു പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാനെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്. വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം ഉച്ചയ്ക്ക് ശേഷം ചർച്ചയ്ക്കെടുക്കും.25 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കൂത്താട്ടുകുളത്തെ കക്ഷിനില.
by Midhun HP News | Aug 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
by Midhun HP News | Aug 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ( ചൊവ്വ, ബുധന്‍) വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിതീവ്രമഴ കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നി ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Aug 5, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘകാലമായി പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുമായി ബന്ധപ്പെട്ട് കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ചെയ്യാനാണ് നിര്‍ദേശം. ഇതിനായി ബാങ്കിലേക്ക് ഓടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാനും ജൂലൈ ഒന്നുമുതല്‍ കാംപെയ്ന്‍ നടത്തി വരികയാണ്. സെപ്റ്റംബര്‍ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ കാംപെയ്ന്‍. ഈ പ്രചാരണത്തിന്റെ ഭാഗമായി നിലവിലുള്ള ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കല്‍, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിര്‍ന്നവര്‍ക്കായി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ തുറക്കല്‍, സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വീട്ടുപടിക്കല്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തി വരികയാണ്. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ക്യാമ്പുകളില്‍ നടപടി സ്വീകരിച്ച് വരികയാണ്.
ക്യാമ്പിലെ സേവനങ്ങള്‍
പഴയ ജന്‍ ധന്‍ അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും പുനഃപരിശോധന, അതായത് കെവൈസി അപ്‌ഡേറ്റ് സൗജന്യമായി ചെയ്യുന്നു.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി പുതിയ ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നു
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) തുടങ്ങിയ പ്രധാന പദ്ധതികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം ഈ ക്യാമ്പുകളില്‍ പ്രചരിപ്പിക്കുകയും ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു.
by Midhun HP News | Aug 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.
Recent Comments