by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ എന്‍ഐഎ കോടതി നാളെ വിധി പറയും.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റില്‍ വേദനയും അമര്‍ഷവും ഉണ്ടെന്നും, എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെ വിവേചനം ഉണ്ട്. കന്യാസ്ത്രീകളെ എത്രയും വേഗം ജയില്‍മോചിതരാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. കന്യാസ്ത്രീകളോടൊപ്പമുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഇരുവരും അറിയിച്ചു. ഇതില്‍ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയില്‍ പോകണമെങ്കില്‍ പോലും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തില്‍ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും രാഷ്ട്രീയ നാടകം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബംഗലൂരുവിലെഎംപി/ എംഎല്‍എമാര്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷ നാളെ വിധിക്കും.
തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വേലക്കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.
വിധി കേള്‍ക്കാനായി പ്രജ്വല്‍ രേവണ്ണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി വിധി പ്രസ്താവിച്ചപ്പോള്‍ പ്രജ്വല്‍ രേവണ്ണ അസ്വസ്ഥനായി കാണപ്പെട്ടു. കഴിഞ്ഞ 14 മാസമായി ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
by Midhun HP News | Aug 1, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി കെഎസ് യു നേതാവിന്റെ മരണപ്പാച്ചില്‍. സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയും പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബ് ആണ് മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ ജൂബിന്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ഇന്നലെ കോളജില്‍ കുട്ടികളുടെ ആഘോഷപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ അപകടം ഉണ്ടായത്. സിഎംഎസ് കോളജിന് സമീപത്തു വച്ച് യാത്ര തുടര്‍ന്ന കാര്‍ കുടമാളൂര്‍ കോട്ടക്കുന്ന് വരെയാണ് അപകടകരമായി റോഡിലൂടെ പാഞ്ഞത്. ചുങ്കം മുതല്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ കുടമാളൂരിന് സമീപം റോഡ് വശത്തെ മരത്തിലടിച്ചാണ് യുവാവ് ഓടിച്ച കാര്‍ നിന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
വിദ്യാര്‍ഥി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ലഭിച്ചു. ലഹരി തലയ്ക്കു പിടിച്ച് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
അപകടമുണ്ടാക്കിയ കെഎസ് യു നേതാവിനെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയും ചെയ്തു. അഞ്ചു കിലോമീറ്ററിന് ഉള്ളില്‍ എട്ടു വാഹനങ്ങളിലാണ് ജുബിന്‍ ഓടിച്ച കാര്‍ ഇടിച്ചതെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ഇരുചക്ര വാഹന യാത്രക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ക്കും കാര്യമായ പരുക്കില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ഥി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസ് എടുത്തു.
by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.
ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്. ഡോ.ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.വെളിപ്പെടുത്തലമായി ബന്ധപ്പെട്ട് ഡോ.ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.
ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചികിത്സ ഉപകരണങ്ങളുടെ കുറവ് ഹാരിസ് മേലധികാരികളെ അറിയച്ചതിന്‍റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ രണ്ട് കത്തുകളാണ് മാധ്യമങ്ങൾക്കു ലഭിച്ചത്. സമിതി റിപ്പോർട്ടിൽ എന്താണെന്ന് തനിക്കറിയില്ലെന്നും കത്ത് കൊടുത്ത കാലയളവിനിടെ ഉപകരണം കിട്ടിയിട്ടില്ല, കത്ത് പ്രിന്റ് ചെയ്യാനുള്ള പേപ്പർ വരെ പൈസ കൊടുത്ത് താൻ വാങ്ങണം. അത്രയും ഗതികേടാണെന്നും അദ്ദേഹം പറയുന്നു.
by Midhun HP News | Aug 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടന്ന ഇൻകംടാക്സ് റെയ്ഡിൽ നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം നടത്തിയെന്നാണ് കണ്ടെത്തൽ. നെപ്റ്റോൺ എന്ന സോഫ്ട് വെയർ ഉപയോഗിച്ചാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൃത്യമായി ബില്ല് ലഭിക്കുമെങ്കിലും സെർവറിൽ ഇത് രേഖപ്പെടുത്തില്ല. ഇതുവഴി ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഐടി വകുപ്പിൻ്റെ കണ്ടെത്തൽ.
ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കോഴിക്കോട് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നെപ്റ്റോൺ സോഫ്ട് വെയർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടക്കുന്നതെന്ന് ഇൻകംടാക്സ് അധികൃതർ അറിയിച്ചു. 2019 മുതൽ 2025 വരെയുളള കാലഘട്ടത്തിലെ വ്യാപാര ഇടപാടുകളിലാണ് അന്വേഷണമെന്നും അധികൃതർ വ്യക്തമാക്കി.
by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സംസ്ഥാന പാതയിൽ പുളിമാത്ത് ജങ്ഷനു സമീപം മൂന്നംഗകുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റു.
കടയ്ക്കൽ വയ്യാനം കുമാർഭവനിൽ പി. അനിൽകുമാർ(45) ആണ് മരിച്ചത്. ഭാര്യ സിജി (34), മകൾ പാർവതി (8) എന്നിവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മകളെ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു കുടുംബം. കാരേറ്റു ഭാഗത്തുനിന്നു വന്ന കാർ കെഎസ്ആർടിസി ബസിനെ മറികടന്ന്, തെറ്റായ വശത്തുകൂടി അമിതവേഗതയിൽ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു.
Recent Comments