മദ്യലഹരിയില്‍ കാറുമായി കെഎസ് യു നേതാവിന്റെ മരണപ്പാച്ചില്‍; ഇടിച്ചു തെറിപ്പിച്ചത് നിരവധി വാഹനങ്ങള്‍

മദ്യലഹരിയില്‍ കാറുമായി കെഎസ് യു നേതാവിന്റെ മരണപ്പാച്ചില്‍; ഇടിച്ചു തെറിപ്പിച്ചത് നിരവധി വാഹനങ്ങള്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി കെഎസ് യു നേതാവിന്റെ മരണപ്പാച്ചില്‍. സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയും പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബ് ആണ് മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ ജൂബിന്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

ഇന്നലെ കോളജില്‍ കുട്ടികളുടെ ആഘോഷപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ അപകടം ഉണ്ടായത്. സിഎംഎസ് കോളജിന് സമീപത്തു വച്ച് യാത്ര തുടര്‍ന്ന കാര്‍ കുടമാളൂര്‍ കോട്ടക്കുന്ന് വരെയാണ് അപകടകരമായി റോഡിലൂടെ പാഞ്ഞത്. ചുങ്കം മുതല്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ കുടമാളൂരിന് സമീപം റോഡ് വശത്തെ മരത്തിലടിച്ചാണ് യുവാവ് ഓടിച്ച കാര്‍ നിന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

വിദ്യാര്‍ഥി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ലഭിച്ചു. ലഹരി തലയ്ക്കു പിടിച്ച് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

അപകടമുണ്ടാക്കിയ കെഎസ് യു നേതാവിനെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയും ചെയ്തു. അഞ്ചു കിലോമീറ്ററിന് ഉള്ളില്‍ എട്ടു വാഹനങ്ങളിലാണ് ജുബിന്‍ ഓടിച്ച കാര്‍ ഇടിച്ചതെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ഇരുചക്ര വാഹന യാത്രക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ക്കും കാര്യമായ പരുക്കില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ഥി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം; ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്, അന്വേഷണമുണ്ടാവും

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം; ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്, അന്വേഷണമുണ്ടാവും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.

ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്. ഡോ.ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.വെളിപ്പെടുത്തലമായി ബന്ധപ്പെട്ട് ഡോ.ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.

ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചികിത്സ ഉപകരണങ്ങളുടെ കുറവ് ഹാരിസ് മേലധികാരികളെ അറിയച്ചതിന്‍റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ രണ്ട് കത്തുകളാണ് മാധ്യമങ്ങൾക്കു ലഭിച്ചത്. സമിതി റിപ്പോർട്ടിൽ എന്താണെന്ന് തനിക്കറിയില്ലെന്നും കത്ത് കൊടുത്ത കാലയളവിനിടെ ഉപകരണം കിട്ടിയിട്ടില്ല, കത്ത് പ്രിന്റ് ചെയ്യാനുള്ള പേപ്പർ വരെ പൈസ കൊടുത്ത് താൻ വാങ്ങണം. അത്രയും ഗതികേടാണെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്, 1000 കോടിയുടെ വെട്ടിപ്പ് പിടികൂടി

സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്, 1000 കോടിയുടെ വെട്ടിപ്പ് പിടികൂടി

കൊച്ചി: സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടന്ന ഇൻകംടാക്സ് റെയ്ഡിൽ നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം നടത്തിയെന്നാണ് കണ്ടെത്തൽ. നെപ്റ്റോൺ എന്ന സോഫ്ട് വെയർ ഉപയോഗിച്ചാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൃത്യമായി ബില്ല് ലഭിക്കുമെങ്കിലും സെർവറിൽ ഇത് രേഖപ്പെടുത്തില്ല. ഇതുവഴി ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഐടി വകുപ്പിൻ്റെ കണ്ടെത്തൽ.

ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കോഴിക്കോട് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നെപ്റ്റോൺ സോഫ്ട് വെയർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടക്കുന്നതെന്ന് ഇൻകംടാക്സ് അധികൃതർ അറിയിച്ചു. 2019 മുതൽ 2025 വരെയുളള കാലഘട്ടത്തിലെ വ്യാപാര ഇടപാടുകളിലാണ് അന്വേഷണമെന്നും അധികൃതർ വ്യക്തമാക്കി.

സ്കൂട്ടറിൽ കാറിടിച്ച് കടയ്ക്കൽ വയ്യാനം സ്വദേശി മരണപ്പെട്ടു

സ്കൂട്ടറിൽ കാറിടിച്ച് കടയ്ക്കൽ വയ്യാനം സ്വദേശി മരണപ്പെട്ടു

കിളിമാനൂർ: സംസ്ഥാന പാതയിൽ പുളിമാത്ത് ജങ്ഷനു സമീപം മൂന്നംഗകുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റു.

കടയ്ക്കൽ വയ്യാനം കുമാർഭവനിൽ പി. അനിൽകുമാർ(45) ആണ് മരിച്ചത്. ഭാര്യ സിജി (34), മകൾ പാർവതി (8) എന്നിവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മകളെ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു കുടുംബം. കാരേറ്റു ഭാഗത്തുനിന്നു വന്ന കാർ കെഎസ്ആർടിസി ബസിനെ മറികടന്ന്, തെറ്റായ വശത്തുകൂടി അമിതവേഗതയിൽ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു.

ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ സാരഥിയെ ഇന്നറിയാം, ആകാംഷയോടെ ആരാധകർ

ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ സാരഥിയെ ഇന്നറിയാം, ആകാംഷയോടെ ആരാധകർ

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. മനോലോ മാർക്കേസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് 170-ൽ അധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരുടെ അന്തിമ പട്ടിക ഇന്ന് ചേരുന്ന AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കും. ഐ.എം. വിജയൻ നയിക്കുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് ഈ പട്ടിക തയ്യാറാക്കിയത്.

ഈ പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ഖാലിദ് ജമീൽ. ഇന്ത്യൻ ഫുട്ബോളിന്റെ എല്ലാ തലങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ള ഖാലിദ് ഒരു മുൻ ഇന്ത്യൻ താരം കൂടിയാണ്. 2016-17 സീസണിൽ ഐസോൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യൻമാരാക്കിയതാണ് ഖാലിദിന്റെ കരിയറിലെ പ്രധാന നേട്ടം. കഴിഞ്ഞ സീസണിൽ ജംഷാദ്പൂർ എഫ്.സി.യെ സൂപ്പർ കപ്പ് റണ്ണേഴ്‌സ് അപ്പാക്കാനും ഖാലിദ് ജമീലിന് സാധിച്ചു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി.വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.