വളരെ വേഗം വിസ ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അറിയിപ്പുമായി ദുബൈ അധികൃതർ

വളരെ വേഗം വിസ ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അറിയിപ്പുമായി ദുബൈ അധികൃതർ

ദുബൈ: വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ അധികൃതർ. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇതിലൂടെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ ) അറിയിച്ചു.

വിസ സേവനങ്ങൾക്കായി അപേക്ഷ നൽകുന്നവർ അവ്യക്തമായ വിവരങ്ങൾ നൽകുന്നത് കാരണം നടപടി ക്രമങ്ങളിൽ കാലതാമസം വരും. ഇത് ഒഴിവാക്കാനായി കൃത്യമായ വിവരങ്ങൾ മാത്രം അപേക്ഷയ്‌ക്കൊപ്പം നൽകുക. ഇതിലൂടെ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. വ്യക്തി വിവരങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേരുകളിലെ സ്പെല്ലിങ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കുക.

വളരെ വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അപേക്ഷകർ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ തുടർ നടപടികൾക്ക് വലിയ കാലതാമസം വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജി ഡി ആർ എഫ് എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

പേര് സാംസങ്, അച്ഛന്‍റെ പേര് ഐ ഫോണ്‍!; വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍

പേര് സാംസങ്, അച്ഛന്‍റെ പേര് ഐ ഫോണ്‍!; വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍

പാട്‌ന: ‘ഡോഗ് ബാബു’ എന്ന നായയ്ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ബിഹാര്‍. ഇത്തവണ വരുമാന സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷകന്റെയും മാതാപിതാക്കളുടെ പേരുമാണ് വൈറല്‍ ആയിരിക്കുന്നത്. അപേക്ഷകന്റെ പേര് ‘സാംസങ്’ എന്നും മാതാപിതാക്കളുടെ പേര് ഐഫോണ്‍ എന്നും ‘സ്മാര്‍ട്ട് ഫോണ്‍’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാന സര്‍ട്ടിഫിക്കറ്റ് ഫോമില്‍ കുടുംബത്തിന്റെ മേല്‍വിലാസം ‘ഗദ്ദ’എ്‌നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മോദന്‍ഗഞ്ച് ഓഫീസില്‍ അപേക്ഷയെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ആകെ അമ്പരന്നു. ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഫോം പരിശോധിച്ചപ്പോള്‍ ഒരു തമാശയായി തോന്നി. എന്നാല്‍ ഇത്തരം തമാശകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മോദന്‍ഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതിനാല്‍ ഫോം നിരസിച്ചു. ഇത്തരം തമാശകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജെഹനാബാദിലെ സൈബര്‍ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ നിന്ന് സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭോജ്പുരി നടി മോണാലിസയുടെ ഫോട്ടോ ഉപയോഗിച്ച് സോണാലിക ട്രാക്ടര്‍ എന്ന പേരില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഫോം സമര്‍പ്പിച്ചു. അമ്മയുടെ പേര് കാര്‍ ദേവി എന്നുമാണ് രേഖപ്പെടുത്തിയത്. പിതാവിന്റെ പേര് സ്വരാജ് ട്രാക്ടര്‍ എന്നും രേഖപ്പെടുത്തി. ഇതില്‍ അജ്ഞാതനായ അപേക്ഷകനെതിരെ എഫ്‌ഐഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടി; ഇൻസ്പെക്ടറിന് പരിക്കേറ്റു

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടി; ഇൻസ്പെക്ടറിന് പരിക്കേറ്റു

തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെ നന്നാട്ടുകാവ് ജങ്ഷനിൽ ആയിരുന്നു അപകടം.

തെരുവുനായ അപ്രതീക്ഷിതമായി ബൈക്കിൽ ഓടിവന്ന് ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്ന് വീണ സിഐ അഞ്ച് മീറ്ററോളം റോഡിലൂടെ നിരങ്ങിയതായി സഹപ്രവർത്തകർ പറഞ്ഞു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ പരുക്ക് ഗുരുതരമായില്ല. കൈയ്ക്കും കാലിനും ചെറിയ പരുക്കുകൾ മാത്രമാണുണ്ടായത്. നന്നാട്ടുകാവ് മുതൽ പോത്തൻകോട് ജംഗ്ഷൻ വരെ തെരുവ് നായ ശല്യം രൂക്ഷ മാണെന്ന് റസിഡന്‍റ്സ് അസോസിയേഷൻ പ്രവർത്തകർ പരാതിപ്പെടുന്നു. പോത്തൻ‌കോട് ഭാഗത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്പതോളം പേർക്കാണ് കടിയേറ്റത്.

ഗാസയില്‍ ഭക്ഷണം കാത്തു നിന്നവര്‍ക്ക് നേരെ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 91 പേര്‍

ഗാസയില്‍ ഭക്ഷണം കാത്തു നിന്നവര്‍ക്ക് നേരെ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 91 പേര്‍

ഗാസാസിറ്റി: ഗാസയിലെ വിവിധയിടങ്ങളിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്.

22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.

സഹായവിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങളുണ്ടായത്. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, തങ്ങള്‍ തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരുടെ മരണത്തിന് കാരണം ഹമാസാണെന്നും അവര്‍ ആരോപിക്കുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സാധാരണക്കാര്‍ മരിക്കുന്നതെന്നും ഇസ്രായേല്‍ ന്യായീകരിക്കുന്നു.

റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കും.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുതുള്‍പ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കല്‍ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചിരുന്നു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.