കന്യാസ്ത്രീകളുടെ മോചനം പ്രധാന മന്ത്രിയും അമിത് ഷായും ഉറപ്പുതന്നു

കന്യാസ്ത്രീകളുടെ മോചനം പ്രധാന മന്ത്രിയും അമിത് ഷായും ഉറപ്പുതന്നു

തൃശൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്‌ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ അമര്‍ഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപതയില്‍ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താന്‍ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു. അവരും നല്ലരീതിയില്‍ ഇടപെട്ടു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കില്‍ ഇന്ന് തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കില്‍ മോചനം രണ്ടുദിവസം വൈകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ ആന്‍ഡ്രൂസ് സഹായം അഭ്യര്‍ഥിച്ച് വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ അത് പരിഹരിക്കാനുമാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു. അവര്‍ മോചനം ഉറപ്പുതന്നതായും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ചിലര്‍ ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. ബിജെപി ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനില്ല. അവരെ സഹായിക്കുന്നത് ജാതിയോ മതമോ വോട്ടോ നോക്കിയല്ലെന്നും രാജീവ് പറഞ്ഞു.

നിയമസഭയിലിരുന്ന് റമ്മി കളിച്ചു; കൃഷി മന്ത്രിയെ സ്‌പോര്‍ട്‌സ് വകുപ്പിലേക്ക് മാറ്റി

നിയമസഭയിലിരുന്ന് റമ്മി കളിച്ചു; കൃഷി മന്ത്രിയെ സ്‌പോര്‍ട്‌സ് വകുപ്പിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലിരുന്ന് മൊബൈലില്‍ റമ്മി കളിച്ച കൃഷിമന്ത്രിയെ വകുപ്പില്‍ നിന്നും മാറ്റി. മന്ത്രി മണിക് റാവു കോക്കാട്ടെയെ സ്‌പോര്‍ട്‌സ് വകുപ്പിലേക്കാണ് മാറ്റിയത്. നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കവെ അതിലൊന്നും ശ്രദ്ധിക്കാതെ മന്ത്രി മൊബൈലില്‍ റമ്മി കളിച്ചുകൊണ്ടിരുന്നതിന്റെ വീഡിയോ പുറത്തു വന്നത് സംസ്ഥാനത്ത് വിവാദമായിരുന്നു.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ കൂടിയാലോചിച്ച ശേഷമാണ്, മണിക് റാവു കോക്കാട്ടെയെ കൃഷി വകുപ്പില്‍ നിന്നും കായിക-യുവജന വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി മൊബൈലില്‍ ഗെയിം കളിക്കുന്ന വിഡിയോ എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാന്‍ സമയം കിട്ടുന്നതെന്ന് രോഹിത് പവാര്‍ ആരോപിച്ചിരുന്നു.

മണിക് റാവു കോക്കാട്ടെയ്ക്ക് പകരം ദത്താത്രേയ ഭരാനെയെ പുതിയ കൃഷിമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അതേസമയം, മൊബൈലില്‍ റമ്മി കളിച്ചെന്ന ആരോപണം മന്ത്രി മണിക് റാവു കോക്കാട്ടെ നിഷേധിച്ചിട്ടുണ്ട്. മൊബൈലില്‍ വന്ന പോപ്-അപ്പ് ക്ലോസ് ചെയ്യാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. റമ്മി കളിച്ചെന്ന ആരോപണം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മണിക് റാവു കോക്കാട്ടെ പറഞ്ഞു.

നേരത്തെ വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മന്ത്രി മണിക് റാവു കോക്കാട്ടെ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഇന്നത്തെക്കാലത്ത് യാചകര്‍ പോലും ഒരു രൂപ സ്വീകരിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ വെറും ഒരു രൂപയ്ക്ക് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. എന്നാൽ ചിലര്‍ ഇത് ദുരുപയോഗം ചെയ്തുവെന്നും മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു. കര്‍ഷകരെ അപമാനിച്ചെന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു.

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം: യുവതിയെ ജോലിക്കുനിന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36) ആണ് മരിച്ചത്. പനയം താന്നിക്കമുക്കിലാണ് സംഭവം. ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ ജിനുവിനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി 10.30 ഓടെ വീടിന്റെ മതില്‍ ചാടിയെത്തിയ ജിനു രതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് മാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മന്‍സിലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു യുവതി.

ബൈക്കിലാണ് ജിനു ഭാര്യ ജോലിക്ക് നില്‍ക്കുന്ന താന്നിക്കമുക്ക് ജംഗ്ഷനിലുള്ള വീടിന് മുന്നിലെത്തിയത്. കുത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ ജിനുവിനെ ശൂനരാട് പൊലീസ് പിടികൂടി. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു

ഡോ. ഹാരിസ് നൽകിയ 2 കത്തുകൾ പുറത്ത്

ഡോ. ഹാരിസ് നൽകിയ 2 കത്തുകൾ പുറത്ത്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ ലഭ്യമല്ലെന്ന വിവരം പുറത്തറിയിച്ചതിന് നടപടി നേരിടുന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നൽകിയ കത്തുകൾ പുറത്ത്. മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് കത്തുകളിൽ ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നത്. രോഗികൾക്ക് മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ഉപകരണങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിലും ജൂണിലുമായാണ് ഡോ. ഹാരിസ് കത്തുകൾ നൽകിയത്.

അതേസമയം, ആരോഗ്യ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസ് ചിറക്കൽ ഉടൻ മറുപടി നൽകും. തെളിവുകൾ സഹിതം ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകാനാണ് നീക്കം. ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഡോ. ഹാരിസിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകിയത്. എന്നാൽ മറ്റൊരു ഡോക്ടർ സ്വന്തം നിലയിൽ വാങ്ങി വെച്ചിരുന്ന ഉപകരണമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചതെന്നാണ് ഡോ.ഹാരിസ് ചൂണ്ടിക്കാട്ടുന്നത്.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു, സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്നും നോട്ടീസിൽ ഉണ്ട്. ഡോ.ഹാരിസിന്റെ മറുപടിക്ക് ശേഷമായിരിക്കും നടപടിയിൽ അന്തിമ തീരുമാനം. നേരത്തെ വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ഡോ. ഹാരിസിനെതിരെ നടപടി ശുപാർശ ചെയ്തിരുന്നില്ല. നടപടി വേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യ തീരുമാനം. സാങ്കേതിക നടപടികളുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് വകുപ്പ് വിശദീകരണം.

അമ്മ’ പ്രസിഡന്റ് സ്ഥാനം: ശ്വേതാ മേനോൻ Vs ദേവൻ പോര്; മറ്റുള്ളവർ പത്രിക പിൻവലിച്ചു, മത്സരത്തിൽ നിന്നും പിന്മാറി നവ്യ നായർ

അമ്മ’ പ്രസിഡന്റ് സ്ഥാനം: ശ്വേതാ മേനോൻ Vs ദേവൻ പോര്; മറ്റുള്ളവർ പത്രിക പിൻവലിച്ചു, മത്സരത്തിൽ നിന്നും പിന്മാറി നവ്യ നായർ

കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

അതേസമയം, അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി നടന്‍ ബാബുരാജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബു രാജിന്‍റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്.

‘വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്’, എന്നായിരുന്നു ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. എന്നാൽ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ
അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.