ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിന് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി.

വരുന്ന മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ത്യൻ വനിത ചെസിൽ പുതു ചരിത്രം! ദിവ്യ ദേശ്മുഖ് ലോക ചാംപ്യൻ

ഇന്ത്യൻ വനിത ചെസിൽ പുതു ചരിത്രം! ദിവ്യ ദേശ്മുഖ് ലോക ചാംപ്യൻ

ബാറ്റുമി: ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവ താരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ചരിത്രത്തിലെ ആദ്യ വനിതാ ചെസ് ലോക കിരീടവും ഇന്ത്യ സ്വന്തമാക്കി.

‘ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

‘ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോകള്‍ നിര്‍ത്തുന്നു. പുതിയ ചുവട് വയ്പ്പിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഫിറോസ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് വിഡിയോ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. യുട്യൂബില്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുണ്ട് വില്ലേജ് ഫുഡ് ചാനല്‍ എന്ന ഫിറോസിന്റെ യൂട്യൂബ് ചാനലിന്. ഫിറോസിന്റെ പ്രഖ്യാപനവും ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നും മറ്റൊരു സംരംഭത്തിന്റെ പണിപ്പുരയിലാണ് താനെന്നുമാണ് ഫിറോസ് നല്‍കുന്ന സൂചന. ഇപ്പോള്‍ ഷാര്‍ജയിലാണെന്നും ചെറിയൊരു ബിസിനസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും ഫിറോസ് പറയുന്നു. യൂട്യൂബാണ് ഇപ്പോള്‍ പ്രധാന വരുമാനമാര്‍ഗം. അതില്‍ നിന്നൊരു മാറ്റം ആലോചിക്കുന്നുണ്ട്. ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണം എന്നും ഫിറോസ് പറയുന്നു.

പുതിയ സംരംഭം ഭക്ഷണവുമായി ബന്ധപ്പെട്ടാകണം എന്നില്ല. ഫുഡ് ബിസിനസില്‍ റിസ്‌ക് കൂടുതലാണ്. റസ്റ്റോറന്റ് ബിസിനസിലേക്ക് കടന്നാല്‍ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. പുതിയ ചെറിയൊരു ചുവടുവയ്പ്പിനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് ദുബായില്‍ എത്തിയിരിക്കുന്നത്. എന്നും ‘ഞാന്‍ യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു’ എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. യൂട്യൂബ് ചാനല്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നില്ലെന്നും വലിയ വീഡിയോകള്‍ക്ക് പകരം റീലുകളില്‍ തുടരുമെന്നും ഫിറോസ് വ്യക്തമാക്കുന്നു.

വ്യത്യസ്തമായ വിഡിയോകളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ കറിവച്ചും ഒട്ടകത്തെ മുഴുവനായി പാചകം ചെയ്തുമുള്ള ഫിറോസിന്റെ വിഡിയോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ മയിലിനെ കറിവയ്ക്കാന്‍ ശ്രമിച്ചെന്നുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവാദങ്ങളിലും ഫിറോസ് അകപ്പെട്ടിരുന്നു.

ഭക്തര്‍ക്ക് ഇനി ചുരുങ്ങിയ ചെലവില്‍ താമസം, സ്ഥിരമായ ദീപവിതാനം, 10 ആനക്കൂടാരങ്ങള്‍; ഗുരുവായൂരില്‍ യാഥാര്‍ഥ്യമായി നിരവധി പദ്ധതികള്‍

ഭക്തര്‍ക്ക് ഇനി ചുരുങ്ങിയ ചെലവില്‍ താമസം, സ്ഥിരമായ ദീപവിതാനം, 10 ആനക്കൂടാരങ്ങള്‍; ഗുരുവായൂരില്‍ യാഥാര്‍ഥ്യമായി നിരവധി പദ്ധതികള്‍

തൃശൂര്‍: ഭക്തര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന ദേവസ്വം പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗുരുവായൂരില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഭരണസമിതിയെ ദേവസ്വം മന്ത്രി അഭിനന്ദിച്ചു.

ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ തെക്കേ നടയിലാണ് പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് നിര്‍മ്മിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥിരമായ ദീപവിതാനം, ആനക്കോട്ടയില്‍ 10 ആനക്കൂടാരങ്ങള്‍, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നവീകരിച്ച മൈതാനം എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍.

ഭക്തര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സര്‍ക്കാര്‍ താല്‍പ്പര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സമയബന്ധിതമായി ദര്‍ശനം നടത്തി മടങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷനായി. ചടങ്ങില്‍ ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗം മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യൻ കോച്ചാകാൻ ഷാവി വരില്ല; അപേക്ഷ ചാറ്റ് ജിപിടി വക, എല്ലാം ‘പ്രാങ്ക്’; എഐഎഫ്എഫിനെ ‘പറ്റിച്ച്’ ഇന്ത്യൻ വിദ്യാർഥി!

ഇന്ത്യൻ കോച്ചാകാൻ ഷാവി വരില്ല; അപേക്ഷ ചാറ്റ് ജിപിടി വക, എല്ലാം ‘പ്രാങ്ക്’; എഐഎഫ്എഫിനെ ‘പറ്റിച്ച്’ ഇന്ത്യൻ വിദ്യാർഥി!

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് കോച്ചും ബാഴ്സലോണ ഇതിഹാസവുമായ ഷാവി ഹെർ‌ണാണ്ടസ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഷാവിയുടേത് മറ്റാരോ അയച്ച വ്യാജ അപേക്ഷ ഫോമാണെന്നു എഐഎഫ്എഫ് സ്ഥിരീകരിച്ചു. പിന്നാലെ അപേക്ഷ അയച്ചത് താനാണെന്നു അവകാശപ്പെട്ട് വിദ്യാർഥി രം​ഗത്തെത്തി. ചാറ്റ് ജിപിടിയിൽ തയ്യാറാക്കിയ അപേക്ഷയാണ് അയച്ചതെന്നും വെറും പ്രാങ്കായിരുന്നു അതെന്നും വിദ്യാർഥി വെളിപ്പെടുത്തി.

ഷാവിയെ പരി​ഗണിക്കില്ലെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അദ്ദേഹത്തെ പോലൊരു പരിശീലകനെ കൊണ്ടു വരാൻ സാധിക്കില്ലെന്നുമുള്ള ഇന്ത്യൻ ഫുട്ബോൾ ഫെ‍ഡറേഷൻ നിലപാട് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വിഷയത്തിലെ വമ്പൻ ട്വിസ്റ്റ്.

വിഐടി വെല്ലൂരിലെ വിദ്യാർഥിയായ 19കാരനാണ് ഷാവിയുടെ പേരിൽ അപേക്ഷ അയച്ചത് താനാണെന്നും എഐഎഫ്എഫിനുള്ള പ്രാങ്കായിരുന്നു അതെന്നും വെളിപ്പെടുത്തി രം​ഗത്തെത്തിയത്. xaviofficialfcb@gmail.com എന്ന പേരിൽ വ്യാജ ഇ മെയിൽ ഐഡി സൃഷ്ടിച്ചാണ് വിദ്യാർഥി എഐഎഫ്എഫിനു അപേക്ഷ നൽകിയത്. ഈ മാസം 4, 5 തീയതികളിലായി രണ്ട് തവണ താൻ അപേക്ഷ അയച്ചു. അപേക്ഷയ്ക്കൊപ്പം സിവിയൊന്നും ചേർത്തിരുന്നില്ലെന്നും വിദ്യാർഥി വ്യക്തമാക്കി.

ഷാവിയുടെ പേരിലുള്ള ജി മെയിൽ അക്കൗണ്ടുമായി സാമ്യമുള്ള ഇ മെയിലിൽ വന്ന അപേക്ഷ യഥാർഥമാണെന്നും എഐഎഫ്എഫ് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. ഷാവിയുടെ അപേക്ഷ സാമ്പത്തിക സ്ഥിതിയുടെ പേരിൽ ഫെഡറേഷൻ തള്ളിയത് വലിയ വിവാദമായതോടെയാണ് അധികൃതർ ഇ മെയിൽ വിശദ പരിശോധന നടത്തിയത്. അപേക്ഷയിൽ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ ഇല്ലാത്തതും സംശയത്തിലെത്തിച്ചു. മുൻ ബാഴ്സലോണ പരിശീലകനും നിലവിൽ മാ‍ഞ്ചസ്റ്റർ സിറ്റി കോച്ചുമായി പെപ് ​ഗ്വാർഡിയോളയുടെ പേരിലും അപേക്ഷ വന്നിരുന്നു. എന്നാൽ ഇതും വ്യാജമാണെന്നു എഐഎഫ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

മനോലോ മാർക്വേസ് രാജി വച്ചതിനെ തുടർന്നാണ് ഇന്ത്യ പുതിയ പരിശീലകനെ അന്വേഷിക്കുന്നത്. 170 അപേക്ഷകൾ ലഭിച്ചതായി നേരത്തെ എഐഎഫ്എഫ് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നു 10 പേരുടെ പ്രഥമിക പട്ടികയുണ്ടാക്കി.

മുൻ ഇന്ത്യൻ ക്യാപ്റ്റനും മലയാളിയുമായ ഐഎം വിജയൻ നേതൃത്വം നൽകുന്ന ടെക്നിക്കൽ കമ്മിറ്റി ഈ പത്ത് പേരിൽ നിന്നു 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ മൂന്ന് പേരിൽ ഒരാളായിരിക്കും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകൻ. മുൻ ഇന്ത്യൻ കോച്ചായിരുന്ന ഇം​ഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്, യുവ ഇന്ത്യൻ പരിശീലകരിൽ ശ്രദ്ധേയനായ ഖാലിദ് ജമീൽ എന്നിവരാണ് അവസാന പട്ടികയിലുള്ള മൂന്ന് പേർ.

കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്

കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്

കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്’ വിദേശത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ 1. 235 കിലോ എംഡി എം എ കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയും, ഇപ്പോൾ നേമം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് – വിഷ്ണു നഗറിൽ പ്രഗതിയിൽ താമസിക്കുന്ന 48 വയസ്സുള്ള പ്രസാദാണ് അറസ്റ്റിലായത്. ഇയാളുടെ ലഗേജിനോടൊപ്പമാണ് മയക്കുമരുന്ന് എയർപോർട്ടിനുള്ളിൽ നിന്നും പുറത്ത് കടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസാദിനെ വർക്കലയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ പ്രസാദ് .