ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊടും ക്രിമിനലായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ല. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാന്‍ ഇടയില്ല. ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് അടക്കം വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല.

റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത് എന്നാണ് നിഗമനം. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളിടെക്നിക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെ

പോളിടെക്നിക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്, സിവിൽ & റൂറൽ എഞ്ചിനീറിംഗ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ & ഫാബ്രിക്കേഷൻ എന്നീ പോളിടെക്നിക് കോഴ്സുകളിലേക്ക് ഗവ. മെറിറ്റ് അഡ്മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള തീയതികളിലായി ചിറയിൻകീഴ് മുസലിയാർ പോളിടെക്നിക്ക് കോളേജിൽ വെച്ച് 8.30 മണി മുതൽ 3.30 മണി വരെ നടത്തുന്നു. എസ് എസ് എൽ സി, ഐ ടി ഐ, പ്ലസ് ടു, വി എച്ച് എസ് ഇ, കെ ജി സി ഇ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്: 9961060720,9495338319

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി ഇന്ന് വിശദീകരണം നല്‍കിയേക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും. ഇന്നലെ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമിച്ചതില്‍ അമിത് ഷാ പ്രകോപിതനായിരുന്നു.

പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാകും. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്. അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് വ്യക്തമാക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളിൽ പാക്കിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.

പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് രണ്ടു തവണ ഏറ്റെടുത്തതാണ്. എന്നാൽ പാക്കിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാക്കിസ്ഥാന്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്ക്മെയ്‌ലിങ്ങിനു മുന്നിൽ തലകുനിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനം: സ്‌പോട്ട് അഡ്മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം: സ്‌പോട്ട് അഡ്മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്‌പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകീട്ട് നാലുമണി വരെ ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ വിവരം ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ രംഗത്ത്. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വാര്‍ത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും അഭിപ്രായപ്പെട്ടു. പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.

നിറപുത്തരി; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി.

ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും. നാളെ പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. നിറപുത്തരിയ്ക്കായുള്ള നെല്‍ക്കതിരുകളുമായി ഘോഷയാത്ര ഇന്ന് പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.