കനത്ത മഴ; കണ്ണൂരിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു; വിനോദ സഞ്ചാര മേഖലകളിലും പ്രവേശനമില്ല

കനത്ത മഴ; കണ്ണൂരിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു; വിനോദ സഞ്ചാര മേഖലകളിലും പ്രവേശനമില്ല

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം, പ്രവേശനം എന്നിവ നിരോധിച്ചിരിക്കുന്നു

കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.

അതിനിടെ ആറളം മേഖലയിൽ മലവെള്ള പാച്ചിലുണ്ടായി. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ 11, 13 ബ്ലോക്കുകളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ആളുകളെ മാറ്റി പാർപ്പിച്ചു. 50ൽ അധികം വീടുകളിൽ വെള്ളം കയറി.

പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ 3 മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജല നിരപ്പ് 23.10 മീറ്ററാണ്. ഡാമിന്റെ താഴെ ഭാ​ഗത്ത് ഇരു കരകളിലുമുള്ള ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകി.

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികൾ മുറിച്ചത് ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയാതിരിക്കാൻ‌ നൂലു‍കൾ‌ കൊണ്ട് സെല്ലിന്റെ കമ്പിയിൽ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയിൽ വാർഡൻ ചോ​ദിച്ചിരുന്നു. എന്നാൽ സെല്ലിലേക്ക് എലി കയറുന്നതിനാൽ നൂലു കൊണ്ട് താഴ്ഭാ​ഗം കെട്ടി മറച്ചതെന്നാണ് ​ഗോവിന്ദച്ചാമി നൽകിയ മറുപടി.സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ​

ഗോവിന്ദ​ച്ചാമി ജയിൽ ചാടിയതിന് പിന്നാലെ പകർത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്ന് പൊലീസ് പറയുന്നു.പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്.

മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജയിൽ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ​ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി 87 ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു.

രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്. ശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി.

ട്രെയിനിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ട്രെയിനിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ചെന്നൈ എക്‌സ്പ്രസ് സൂര്യയെ ഇടിക്കുകയായിരുന്നു.

അമ്മ: എന്‍. പ്രതിഭ (അധ്യാപിക, മണ്ണൂര്‍ സിഎംഎച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍: ആദിത്യാ രാജേഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി ആരാധകര്‍

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി ആരാധകര്‍

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും.

തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.

മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങി ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ കുറവായിരിക്കും. അവിടങ്ങളിലെയെല്ലാം സംഗീതപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ നൊടി പോലും വേണ്ടാത്ത ചിത്രയുടെ ഗാനങ്ങളുമുണ്ട്. അത് തന്നെയാണ് ഈ ഗായികയുടെ വിജയവും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.

എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കേരള നിയമസഭ മുന്‍ സ്പീക്കർ എന്‍ ശക്തന് നല്‍കി. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്നാണ് നിയമനം. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്.

നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവിനെ തന്നെ ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും, അതോടൊപ്പം വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താഴേത്തട്ടു വരെ പ്രവര്‍ത്തിക്കുന്നതിന് കെപിസിസി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടനടി ജില്ലാ അധ്യക്ഷനെ നിയമിച്ചത്. കോണ്‍ഗ്രസ് സംഘടനയിലെ പുനഃസംഘടനയുടെ ഭാഗമായിട്ടാകും തിരുവനന്തപുരത്ത് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുക.

വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്നാണ് പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പാലോട് രവി ഫോണ്‍ ഓഡിയോക്ലിപ്പില്‍ പറഞ്ഞിരുന്നു.