by Midhun HP News | Jul 27, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി 87 ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു.
രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്. ശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി.
by Midhun HP News | Jul 27, 2025 | Latest News, കേരളം
കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ചെന്നൈ എക്‌സ്പ്രസ് സൂര്യയെ ഇടിക്കുകയായിരുന്നു.
അമ്മ: എന്‍. പ്രതിഭ (അധ്യാപിക, മണ്ണൂര്‍ സിഎംഎച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍: ആദിത്യാ രാജേഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
by Midhun HP News | Jul 27, 2025 | Latest News, ജില്ലാ വാർത്ത
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും.
തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.
മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങി ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ കുറവായിരിക്കും. അവിടങ്ങളിലെയെല്ലാം സംഗീതപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ നൊടി പോലും വേണ്ടാത്ത ചിത്രയുടെ ഗാനങ്ങളുമുണ്ട്. അത് തന്നെയാണ് ഈ ഗായികയുടെ വിജയവും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.
by Midhun HP News | Jul 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കേരള നിയമസഭ മുന്‍ സ്പീക്കർ എന്‍ ശക്തന് നല്‍കി. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്നാണ് നിയമനം. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്.
നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവിനെ തന്നെ ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും, അതോടൊപ്പം വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താഴേത്തട്ടു വരെ പ്രവര്‍ത്തിക്കുന്നതിന് കെപിസിസി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടനടി ജില്ലാ അധ്യക്ഷനെ നിയമിച്ചത്. കോണ്‍ഗ്രസ് സംഘടനയിലെ പുനഃസംഘടനയുടെ ഭാഗമായിട്ടാകും തിരുവനന്തപുരത്ത് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുക.
വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്നാണ് പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പാലോട് രവി ഫോണ്‍ ഓഡിയോക്ലിപ്പില്‍ പറഞ്ഞിരുന്നു.
by Midhun HP News | Jul 27, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് കണ്ണൂരില്‍ വയോധികന്‍ മരിച്ചു. കണ്ണൂര്‍ കോളയാട് പെരുവ തെറ്റുമ്മല്‍ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മീന്‍പിടിത്ത ബോട്ടുമറിഞ്ഞാണ് ജില്ലയിലെ രണ്ടാമത്തെ മരണം സംഭവിച്ചത്.
കന്യാകുമാരി പുത്തുംതുറയിലെ സലോമോന്‍ ലോപ്പസ് എലീസ് (63) ആണ് മരിച്ചത്. ഇടുക്കിയില്‍ ഉടുമ്പന്‍ചോല കല്ലുപാലത്ത് മരം വീണ് തമിഴ്‌നാട് തമ്മനായക്കന്‍പട്ടി സ്വദേശി ലീലാവതി (58) മരിച്ചു. ലോറിക്കുമുകളില്‍ മണ്ണിടിഞ്ഞു വീണാണ് ഡ്രൈവര്‍ മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേഷന്‍ (56) മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനുസമീപം ആയിരുന്നു അപകടം.
സംസ്ഥാനത്തെ തെക്കന്‍ ജിലകളില്‍ മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട് ഉള്‍പ്പെട്ടെ മലബാറിലെ മലയോര മേഖകളില്‍ മഴ തുടരുകയാണ്.
ഇന്നലെ രാത്രിയിലും മലയോരമേഖലകളില്‍ അതി ശക്തമായ മഴ പെയ്തിരുന്നു. വയനാട് കല്ലുമുക്കില്‍ വീടിന് മുകളില്‍ മരം വീണു. ചാലിയാറും ചെറുപുഴ, ഇരുവഴിഞ്ഞപ്പുഴ എന്നിവ കരകവിഞ്ഞതോടെ കോഴിക്കോട് മാവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചാത്തമംഗലം പ്രദേശത്ത് ഉള്‍പ്പെടെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിലങ്ങാടും മരം വീണ് വീട് തകര്‍ന്നു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി തളിപ്പറമ്പ് പാതയില്‍ വെള്ളം കയറി. പഴശ്ശി ഡാമിന് താഴെയുള്ള വീടുകളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പാലക്കാട് ജില്ലയില്‍ നെല്‍പ്പാടങ്ങള്‍ ശക്തമായ മഴയില്‍ വെള്ളം കയറി. മരം വീണുണ്ടായ അപകടത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. ചന്ദ്ര നഗറില്‍ സരോജിനിയ്ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മലപ്പുറം ജില്ലയുടെ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃശൂര്‍ ജില്ലയില്‍ ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചാലക്കുടിയില്‍ അടിപ്പാതകളിലാണ് വെള്ളക്കെട്ടുണ്ടായത്.
എറണാകുളം എടത്തലയില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ എടത്തല ലൈജുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടയം കുഞ്ഞന്‍ കുറിച്ചി കുഞ്ഞന്‍ കവലയില്‍ വീട് ഇടിഞ്ഞുവീണു. ശോഭ എന്നയാളുടെ വീടാണ് തകര്‍ന്നത്. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
by Midhun HP News | Jul 27, 2025 | Latest News, ദേശീയ വാർത്ത
ജനീവ: മഹാമാരികളായ കോവിഡ് 19, എബോള, പക്ഷിപ്പനി തുടങ്ങിയവയെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു. 75 വയസ്സായിരുന്നു. ലോകാരോഗ്യ സംഘടന ( ഡബ്ല്യുഎച്ച്ഒ ) തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയെസോസാണ്, ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ് നബാരോയുടെ മരണ വിവരം പുറത്തു വിട്ടത്.
ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരേയുള്ള പോരാട്ടവും കണക്കിലെടുത്ത് 2018-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രത്യേക ദൂതന്മാരിൽ ഒരാളായരുന്നു ഡോക്ടർ നബാരോ. കോവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടർ നബാരോയെ ആദരിച്ചിരുന്നു.
2017-ല്‍ ലോകാരോഗ്യ സംഘടന മേധാവി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ടെഡ്രോസിനോട് പരാജയപ്പെടുകയായിരുന്നു. 2003-ല്‍ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തിൽ ഡോക്ടർ നബാരോ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്ഫോടനത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ആഗോള ആരോഗ്യ രംഗത്തിന്റെയും ആരോഗ്യ സമത്വത്തിന്റെയും മികച്ച വക്താവായിരുന്നു ഡോക്ടർ നബാരോയെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ അനുസ്മരിച്ചു.
Recent Comments