ഡിസിസി മുൻ ജനറൽ സെക്രട്ടറി കെ. ജി. ജേക്കബ് (55) അന്തരിച്ചു

ഡിസിസി മുൻ ജനറൽ സെക്രട്ടറി കെ. ജി. ജേക്കബ് (55) അന്തരിച്ചു

തിരുവനന്തപുരം: ഡിസിസി മുൻ ജനറൽ സെക്രട്ടറി കുറവൻകോണം ഹിൽ വ്യുവിൽ കെ. ജി. ജേക്കബ് (55) അന്തരിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. തുടർച്ചയായി മാർ ഇവാനിയോസ് കോളജിനെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി യൂനിയൻ കൗൺസിലറായിരുന്നു. ജില്ലയിലെ കോൺഗ്രസ്സ് പൊതുയോഗങ്ങളിലെ മികച്ച പ്രസംഗകനായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്ന എംഗിൽബർട്ടിന്റെ മകനാണ്. അമ്മ: ശോശാമ്മ, ഭാര്യ: സാലി പണിക്കർ. മകൻ: മിലാൻ. സഹോദരങ്ങൾ: റെയ്ച്ചൽ ,മേരീ വിൻസെന്റ്, പരേതനായ കെ.ജി. ഈപ്പൻ. സംസ്കാരം പിന്നീട്.

അണമുറിയാതെ ജനം; വിലാപയാത്ര വിഎസിന്റെ മണ്ണില്‍

അണമുറിയാതെ ജനം; വിലാപയാത്ര വിഎസിന്റെ മണ്ണില്‍

വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി.ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയുടെ മണ്ണിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിഎസിനായി ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു.

വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാൽ, ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കാളികളാകണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും..

ശബരിമലയിൽ പഞ്ചലോഹ വിഗ്രഹത്തിനായുള്ള പണ പിരിവ്; കേസെടുക്കാൻ ഹൈക്കോടതി നിർദേശം

ശബരിമലയിൽ പഞ്ചലോഹ വിഗ്രഹത്തിനായുള്ള പണ പിരിവ്; കേസെടുക്കാൻ ഹൈക്കോടതി നിർദേശം

ശബരിമലയിൽ അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള സ്വകാര്യ വ്യക്തിയുടെ പണ പിരിവിൽ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർക്കാണ് തുടർ നടപടികൾ സ്വീകരിക്കാൻ ബെഞ്ച് നിർദേശം നൽകിയത്. പമ്പ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാം.

പ‍ഞ്ചലോ​ഹ വി​ഗ്രഹം സ്ഥാപിക്കാൻ തമിഴ്നാട് സ്വദേശിക്ക് അനുമതി നൽകിയ ഫയലുകളും കോടതി ആവശ്യപ്പെട്ടു. കോടതിക്ക് മുൻപാകെ തമിഴ്നാട് സ്വദേശിഹാജരാവണം. നോട്ടീസ് അയച്ചിട്ടുണ്ട് ഇയാൾ മറുപടി നൽകിയില്ലെന്നും കോടതി. വിഗ്രഹത്തിന്റെ പേരിൽ ഇയാൾ ഇതുവരെ എത്ര രൂപ പിരിച്ചെന്ന് പൊലീസ് കണ്ടെത്തണം. ഗണ്യമായ തുക സ്വകാര്യ വ്യക്തി പ്രചരിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി ചീഫ് പൊലീസ് കോർഡിനേറ്റർ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ തുക സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പിൻവലിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി നിർദേശം നൽകി.

അതേസമയം, ശബരമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്ക്ക് അനുമതി നൽകിയ സംഭവം ഗൗരവകരമെന്ന് ഹൈക്കോടതി നേരെത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.

ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും, അതിനായി പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെർച്വൽക്യു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണണറാണ് പിരിവിന്റെ കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ക്ഷേത്രാങ്കണത്തിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പണം പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ ടൗൺ റസിഡൻസ് അസോസിയേഷൻ, തിരുവനന്തപുരം സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ജൂലൈ 23 (ബുധനാഴ്ച) ആറ്റിങ്ങൽ വീരളം ദ്വാരക ആഡിറ്റോറിയത്തിൽ രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെനടക്കും

വിഎസ് മടങ്ങി, എന്താവും ഇനി ഐസ്‌ക്രീം പാര്‍ലര്‍ കേസ് ?

വിഎസ് മടങ്ങി, എന്താവും ഇനി ഐസ്‌ക്രീം പാര്‍ലര്‍ കേസ് ?

കൊച്ചി: അനീതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച നേതാവാണ് വി എസ് അച്യുതാനന്ദന്‍. വിഎസിന്റെ ഇത്തരത്തിലുള്ള പോരാട്ടങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. 2018 ല്‍, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന വിഎസിന്റെ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ രണ്ട് ക്രിമിനല്‍ റിവ്യൂ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഈ കേസുകളുടെ നടത്തിപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേസ് നടത്താന്‍ വി എസ് കാണിച്ച താല്‍പ്പര്യം ഇനി ആര് ഏറ്റെടുക്കുമെന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. 1997ല്‍ ആരംഭിച്ച ഈ കേസില്‍ ഭാവി നടപടികള്‍ തീരുമാനിക്കേണ്ടത് കോടതിയാണെന്ന് ഹൈക്കോടതിയില്‍ വിഎസിനു വേണ്ടി ഹാജരായ ഡി അനില്‍ കുമാര്‍ പറഞ്ഞു.

‘സിസ്റ്റത്തിലെ കാലതാമസം പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. ഇതൊരു ദുഃഖകരമായ അവസ്ഥയാണ്. ‘ അനില്‍ കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോഴിക്കോട് ജെഎഫ്‌സിഎം കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, 2017 ല്‍ അവര്‍ സ്വീകരിക്കുകയും ചെയ്തതാണ്. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. വി എസ് സമര്‍പ്പിച്ച ഹര്‍ജികളെ പിന്തുണച്ച്, 2021 ഡിസംബര്‍ 13-ന് ലീഗ് മുന്‍ നേതാവ് ടി അബ്ദുള്ള നല്‍കിയ ഹര്‍ജിയാണ് കേസില്‍ പ്രതീക്ഷ നല്‍കുന്ന കാര്യം. ഇതും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

‘ഹര്‍ജി ഇപ്പോഴും പരിഗണനയിലായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ സാധ്യതയില്ല. വി എസ് പക്ഷാഘാതം ബാധിച്ച് കിടപ്പിലായപ്പോളാണ് അബ്ദുള്ള ഹര്‍ജി സമര്‍പ്പിച്ചത്.’ അഭിഭാഷകന്‍ പി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വിലയിരുത്തുന്നതില്‍ മജിസ്ട്രേറ്റിന് വീഴ്ചയുണ്ടായെന്ന് വി എസ് ഹര്‍ജിയില്‍ പറയുന്നു. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് വിചാരണ കോടതിയോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാക്ഷികളെയും ജുഡീഷ്യറിയെയും സ്വാധീനിച്ച് അന്വേഷണം അട്ടിമറിച്ചതായുള്ള റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് വിഎസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഈ ഹര്‍ജി തള്ളിയതോടെ, വി എസ് സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിന്മേല്‍ മുന്‍വിധിയില്ലാതെ, വി എസ് ഉന്നയിക്കുന്ന വാദങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കൂടുതല്‍ അന്വേഷണം വേണ്ടെന്ന മജിസ്‌ട്രേറ്റിന്റെ വാദം ചോദ്യം ചെയ്ത വിഎസ്, തന്റെ വാദങ്ങള്‍ ശരിയായ രീതിയില്‍ പരിഗണിക്കാതെ തെറ്റായ വിലയിരുത്തലിലേക്ക് എത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് കേസില്‍ വിഎസിന് വ്യക്തിപരമായ ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്ന് അബ്ദുള്ള സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അന്വേഷണം ദുര്‍ബലമാണെന്നും നിരവധി നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും, സാക്ഷികളെ സ്വാധീനിച്ചുവെന്നും അബ്ദുള്ള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തനിക്കറിയാം. താന്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയിലെ സത്യസന്ധമല്ലാത്ത പ്രവൃത്തികളില്‍ മനമടുത്താണ് 1992 ല്‍ മുസ്ലിം ലീഗ് വിടുന്നതും രാഷ്ട്രീയം ഉപേക്ഷിച്ചതും. എന്നാല്‍ ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും അബ്ദുള്ള പറഞ്ഞു.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു, റീപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു, റീപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം

തിരുവനന്തപുരം: രണ്ടാഴ്ച മുന്‍പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യുഎഇയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുടുംബത്തിന്റെ ആവശ്യം അനുസരിച്ചാണ് മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ ആണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു.

ജൂലൈ എട്ടിനായിരുന്നു കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്ന് ആരോപിച്ച് വിപഞ്ചികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.