ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയം, ഭീകരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയം, ഭീകരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഓപ്പറേഷന്‍ സിന്ദൂറിലെ സൈനികരുടെ വിജയത്തിന്റെ ആഘോഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവന്‍ ഇന്ത്യയുടെ ശക്തി കണ്ടതായും ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഐക്യത്തിന് ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. വര്‍ഷ കാല സമ്മേളനത്തിന് മുന്‍പ് പതിവു പോലെ മാധ്യമങ്ങളെ കാണുകയായിരുന്നു മോദി.

പ്രസംഗത്തില്‍ ബഹിരാകാശ നിലയത്തില്‍ ഇന്ത്യ കാലുകുത്തുന്നത് മുതല്‍ 2026 ഓടെ ‘നക്‌സലിസ രഹിത’ രാജ്യം എന്ന സര്‍ക്കാരിന്റെ ലക്ഷ്യം വരെയുള്ള നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയമായിരുന്നുവെന്ന് പറഞ്ഞ മോദി, ഇതിന് വേണ്ടി പരിശ്രമിച്ച സായുധ സേനയെ പ്രശംസിച്ചു. ‘ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്ത് ഐക്യം കണ്ടുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ പാര്‍ലമെന്റിലും നേതാക്കള്‍ ഒന്നിക്കണം. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ സൈനിക ആക്രമണം നടത്തി. ഇന്ത്യയുടെ സൈനിക ശക്തി ലോകം മുഴുവന്‍ കണ്ടു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം 100 ശതമാനവും വിജയം കൈവരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് കീഴില്‍, ഭീകരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി,’- മോദി പറഞ്ഞു.

‘മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ആശയം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സായുധ സേന അവരുടെ ശക്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ സൈനിക ശക്തിയുടെ ഒരു പുതിയ വശത്തെ പ്രതിനിധീകരിക്കുന്ന ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന ആശയം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഞാന്‍ കാണുമ്പോഴെല്ലാം, ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവരുന്നത് ഞാന്‍ കണ്ടു,’- അദ്ദേഹം പറഞ്ഞു.

നക്‌സലിസം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. ‘ഇന്ന് പല ജില്ലകളും നക്‌സലിസത്തില്‍ നിന്ന് മുക്തമാണ്. ‘ചുവന്ന ഇടനാഴികള്‍’ ‘പച്ച വളര്‍ച്ചാ മേഖലകളായി’ മാറുകയാണ്. ഇന്ത്യ ഇപ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ‘ദുര്‍ബലമായ അഞ്ച്’ രാജ്യങ്ങളില്‍ ഒന്നായി രാജ്യത്തെ കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുപോയി. 2014 ന് മുമ്പ് പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, നിരക്ക് ഏകദേശം രണ്ടു ശതമാനം ആയി കുറഞ്ഞതോടെ, സാധാരണക്കാര്‍ക്ക് ആശ്വാസമായി മാറിയിരിക്കുന്നു,’- പ്രധാനമന്ത്രി പറഞ്ഞു.

‘വിഷമം താങ്ങാനായില്ല, ഞാന്‍ ചെയ്തത് വൃത്തികേട്, മാപ്പ്’; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

‘വിഷമം താങ്ങാനായില്ല, ഞാന്‍ ചെയ്തത് വൃത്തികേട്, മാപ്പ്’; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ആത്മഹത്യ ശ്രമത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞ് എലിസബത്ത് ഉദയന്‍. ഒരു ഘട്ടത്തില്‍ തനിക്ക് വിഷമം താങ്ങാന്‍ സാധിക്കാതെ വന്നുവെന്നും അങ്ങനെയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടൊപ്പം താന്‍ ആശുപത്രി വിട്ടതായും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും എലിസബത്ത് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് എലിസബത്തിന്റെ പ്രതികരണം.

”ഡിസ്ചാര്‍ജ് ആയി. കുറച്ച് ദിവസത്തിനുള്ളില്‍ നാട്ടില്‍ വരും. ചിരിച്ച മുഖത്തോടെ മാത്രം വീഡിയോ ചെയ്യണം എന്നൊരു തീരുമാനമെടുത്തിട്ടുണ്ട്. അല്ലെങ്കില്‍ വീഡിയോ ചെയ്യില്ല. സോറി, കുറേ പേര്‍ മെസേജ് അയച്ചിരുന്നു. ചിലര്‍ അവരുടെ കയ്യും കാലും വിറച്ചു, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായെന്ന് പറഞ്ഞു. സോറി. എനിക്ക് വിഷമം താങ്ങാന്‍ പറ്റിയില്ല. അതൊന്നും ഒരു ന്യായീകരണമല്ല. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി. സോറി കൊണ്ടൊന്നും മറയ്ക്കാനാകില്ല. എന്തൊക്കെ വിഷമം വന്നാലും പൊരുതണം. ചെറിയ ചെറിയ സന്തോഷങ്ങളാണെങ്കിലും അതിനെ അപ്രിഷിയേറ്റ് ചെയ്യാന്‍ പഠിക്കണം. ശ്രമിക്കുന്നുണ്ട്” എലിസബത്ത് പറയുന്നു.

”ഇപ്പോള്‍ കുറച്ച് വിഷമമുള്ള ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു ശ്രമം നടത്തിയതിനാല്‍ ഞാന്‍ കഴിച്ചു കൊണ്ടിരിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകള്‍ കുറച്ച് നാളത്തേക്ക് നിര്‍ത്താനാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് ദിവസം കഴിഞ്ഞാല്‍ വീണ്ടും തുടരും. അതിന്റെ വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉണ്ടാകും. സാധാരണ പതിയെയാണ് മരുന്ന് നിര്‍ത്തുക. പക്ഷെ ഞാന്‍ ഇങ്ങനൊരു വൃത്തികെട്ട പരിപാടി കാണിച്ചത് കാരണം, ഇനിയും ഡോസ് ചെല്ലുന്നത് ശരീരത്തിന് നല്ലതല്ലാത്തതിനാല്‍ കുറച്ച് ദിവസം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.” എന്നും താരം പറയുന്നു.

”കുറച്ച് ദിവസത്തേക്ക് വീഡിയോകളുണ്ടാകില്ല. പക്ഷെ ഞാന്‍ സുരക്ഷിതയായി ഇരിക്കുന്നുവെന്ന് കാണിക്കാന്‍ പഴയ വീഡിയോകള്‍ പോസ്റ്റ് ചെയ്യും. നമുക്ക് നാട്ടില്‍ വച്ച് കാണാം. നല്ല നല്ല തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കുമെന്ന് കരുതുന്നു. എന്നെ പിന്തുണച്ചവര്‍ക്കും എനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും വിളിച്ച് അന്വേഷിച്ചവര്‍ക്കും നന്ദി പറയുന്നു. വിഷമിച്ചവരോട് മാപ്പ് പറയുന്നു. ഇപ്പോഴും വിളിച്ച് അന്വേഷിക്കുന്നവരുണ്ട്, അവരോടും നന്ദി പറയുന്നു” എന്നും എലിസബത്ത് പറയുന്നുണ്ട്.

ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു, സുഹൃത്ത് കസ്റ്റഡിയിൽ

ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു, സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: ആലുവ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെ സംഭവമുണ്ടായത്. ഇരുവരും ഇടയ്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു.

ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി എത്തിയത്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ എംഡിഎംഎ; ഒമാനില്‍ നിന്നെത്തിയ യുവതി പിടിയില്‍

മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ എംഡിഎംഎ; ഒമാനില്‍ നിന്നെത്തിയ യുവതി പിടിയില്‍

കരിപ്പൂര്‍: മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനില്‍നിന്നെത്തിയ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സൂര്യ മസ്‌കറ്റിലേക്കു പോയത്. കഴിഞ്ഞ 16നു മസ്‌കറ്റിലെത്തിയതായാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എംഡിഎംഎ നാട്ടിലെത്തിക്കാന്‍ കാരിയര്‍ ആയി പോയതാകാമെന്നാണു പൊലീസ് നിഗമനം.

സൂര്യയെ സ്വീകരിക്കാനെത്തിയ 3 പേരെയും കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സിപി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ്

അറസ്റ്റിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ആണ് പൊലീസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. എംഡിഎംഎ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും മറ്റും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

തൃശൂരില്‍ ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

തൃശൂരില്‍ ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

തൃശൂര്‍: മകളെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തൃശൂര്‍ മണലൂര്‍ സ്വദേശിയെ പേരാമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ ഏഴുവയസ്സുകാരിയായ മകളെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ചകളില്‍ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്. മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ കേസും ചുമത്തിയിട്ടുണ്ട്. കാലങ്ങളായി ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ഒരു തവണയേ പീഡനം നടന്നിട്ടുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ അരുംകൊല, ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ അരുംകൊല, ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗര്‍ സ്വദേശി സിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്‌സ് നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സിജോ ജോണ്‍ എന്ന നാല്‍പ്പതുകാരന്‍ ബാറിലെത്തി മദ്യപിച്ചു. ഭക്ഷണം കഴിക്കുന്നതുപോലെ സിജോ ജോണ്‍ നിരന്തരം ടച്ചിങ്‌സ് ആവശ്യപ്പെട്ടു. എട്ടുതവണയാണ് ടച്ചിങ്‌സ് ആവശ്യപ്പെട്ടത്. ഒടുവില്‍ ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി ജീവനക്കാരുമായി സിജോ ജോണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു. ഒടുവില്‍ സിജോ ജോണിനെ ബാറില്‍ നിന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. നിന്നെയൊക്കെ കാണിച്ചു തരാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടാണ് യുവാവ് ബാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയതെന്ന് ബാര്‍ ജീവ നക്കാര്‍ പറയുന്നു.

തുടര്‍ന്ന് തൃശൂരില്‍ എത്തിയ പ്രതി ഒരു കത്തി വാങ്ങി. കത്തി വാങ്ങിയ ശേഷം വീണ്ടും ബാറില്‍ കയറി മദ്യപിച്ചു. രാത്രി 11.30 ഓടേ ബാര്‍ ക്ലോസ് ചെയ്ത് ഹേമചന്ദ്രന്‍ പുറത്തേയ്ക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്തുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം നടന്നുപോകുന്ന സമയത്ത് ഒളിച്ചിരുന്ന സിജോ ജോണ്‍ പെട്ടെന്ന് തന്നെ ആക്രമിക്കുകയായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് ഹേമചന്ദ്രന്റെ കഴുത്തില്‍ കുത്തിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഹേമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിജോ ജോണിനെ പൊലീസ് പിടികൂടുന്നത്.