ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

‘നായ അല്ല സിമ്പ… അവനെ അങ്ങനെ വിളിച്ചാൽ മതി…’ മോഹിനിയാട്ടം സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ​ഗോവിന്ദരാജ എന്ന കഥാപാത്രം പറയുന്ന ഡയലോ​ഗാണിത്. സകല ദുഷ്ടത്തരവും ഉടായിപ്പുമായി നടക്കുന്ന ​ഗോവിന്ദരാജയ്ക്ക് ജീവിതത്തിൽ സ്നേഹമുള്ള ഒരേ ഒരാളാണ് സിമ്പ.

സ്വന്തം ഭാര്യയോട് പോലും കാണിക്കാത്ത കരുതലും സ്നേഹവും അയാൾ സിമ്പയോട് കാണിക്കുന്നുണ്ട്. അതേ സ്നേഹം ഒരല്പം പോലും കുറയാതെ സിമ്പയ്ക്ക് തിരിച്ചുമുണ്ട്. ‘എന്നാടാ… നിനക്ക് വിശക്കുന്നുണ്ടോ?. സിമ്പാ ബിസ്കറ്റ് തീർന്നു പോയെടാ. ഞാൻ രാവിലെ വാങ്ങിയിട്ട് വരാം’. ​സിമ്പയും ​ഗോവിന്ദരാജയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടക്കുന്നത് ഇങ്ങനെയാണ്.

‘സിമ്പയ്ക്ക് എന്താണ് ബിസ്കറ്റ് വാങ്ങി വയ്ക്കാതിരുന്നത് ?’. എന്ന് ഭാര്യയോട് ​ഗോവിന്ദൻ ചോദിക്കുമ്പോൾ അത് മറന്നു പോയെന്ന ഭാര്യയുടെ മറുപടിയിൽ തന്നെ ​ഗോവിന്ദന്റെ മുഖഭാവം മാറുന്നത് കാണാം. മാത്രമല്ല സിമ്പയും ​ഗോവിന്ദനും തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്ന് പിന്നീടുള്ള രം​ഗങ്ങളിൽ വ്യക്തവുമാണ്. ​

ഗോവിന്ദനെ കാണാതാകുമ്പോൾ ശശിയുടെ വീടിനടുത്ത് നിന്ന് സിമ്പ കുരയ്ക്കുന്നുണ്ട്. ക്ലൈമാക്സ് വരെ സിമ്പയുടെ സാന്നിധ്യവുമുണ്ട് മോഹിനിയാട്ടത്തിൽ. മനുഷ്യരേക്കാൾ എന്ത് കൊണ്ടും വിശ്വസിക്കാൻ പറ്റുന്നത് നായയെ ആയതു കൊണ്ടാണ് സിമ്പയോട് ​ഗോവിന്ദൻ ഇത്രയും അടുപ്പം പുലർത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം ജിജേഷ് എസ് എന്ന ഡോ​ഗ് ട്രെയ്നറുടെ നോവ എന്ന് പേരുള്ള ബീ​ഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയാണ് മോഹിനിയാട്ടത്തിൽ അഭിനയിച്ചിരിക്കുന്നത്.

എക്കോ ഉൾപ്പെടെയുള്ള സിനിമകളിൽ നായകളെ പരിശീലിപ്പിച്ചതും ജിജേഷ് ആയിരുന്നു. അതേസമയം തിയറ്ററിലും ഒടിടിയിലും വൻ സ്വീകാര്യതയാണ് മോഹിനിയാട്ടത്തിന് ലഭിച്ചത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, നന്ദു പൊതുവാൾ, ബേബി ജീൻ തുടങ്ങി വൻ താരനിരയാണ് മോഹിനിയാട്ടത്തിൽ അണിനിരന്നത്.

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് നാലു രൂപ കൂട്ടി

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് നാലു രൂപ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.

3.35 രൂപ കര്‍ഷകന് ലഭിക്കുന്ന രീതിയിലാണ് വില വര്‍ധനവെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ മില്‍മ പാലിന്റെ വില 56 രൂപയായി ഉയരും. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്.

വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ്‌യുടെ (നടൻ വിജയ്) നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി കഴകംസർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം മുന്നണിക്കുള്ളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഭിന്നതയും രൂക്ഷമാകുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ഒരു വിഭാഗത്തെ പുതിയ വിജയ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ, സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന സഖ്യകക്ഷിയായ സിപിഎം പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തി. എഐഎഡിഎംകെയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ സർക്കാരിന് നൽകുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ബുധനാഴ്ച വ്യക്തമാക്കി.

“മുഖ്യമന്ത്രി വിജയ് അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നത്. എന്നാൽ, മറിച്ചൊരു തീരുമാനമുണ്ടാകുകയും എഐഎഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ സർക്കാരിനുള്ള ഞങ്ങളുടെ പിന്തുണ പൂർണ്ണമായി പുനഃപരിശോധിക്കേണ്ടി വരും,” പി. ഷൺമുഖം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. ബിജെപിയോടുള്ള എഐഎഡിഎംകെയുടെ മൃദുസമീപനവും മുൻകാല എൻഡിഎ നയങ്ങളെ അവർ പിന്തുണച്ചതുമാണ് ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പിന് കാരണം. സഖ്യകക്ഷികൾക്കിടയിൽ പുകയുന്ന ഈ അതൃപ്തി പുതിയ വിജയ് സർക്കാരിന് ആദ്യ ദിനങ്ങളിൽ തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വിശ്വാസവോട്ട് നേടിയത് 144 വോട്ടുകൾക്ക്; നിർണ്ണായകമായി എഐഎഡിഎംകെ പിളർപ്പ്

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ വിജയ്‌യുടെ ടിവികെക്ക് ലഭിച്ചത് 108 സീറ്റുകളായിരുന്നു. ഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്നതോടെ കോൺഗ്രസ്, സിപഐ, സിപിഎം, വിസികെ (VCK), മുസ്ലിം ലീഗ് (IUML) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. തുടർന്ന് ബുധനാഴ്ച നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ 144 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് ഭൂരിപക്ഷം തെളിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

കൊച്ചി: മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി ഭരണത്തിരക്കിലേയ്ക്ക് ഇന്നത്തോടെ പൂര്‍ണമായും കോണ്‍ഗ്രസ് മാറി. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മന്ത്രിയായതോടെ സ്വാഭാവികമായും ഇനി വേണ്ടത് പുനഃസംഘടനയാണ്. കെപിസിസി അധ്യക്ഷന് പുറമേ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും യുഡിഎഫ് മന്ത്രിസഭയില്‍ ഇടംനേടി. ഇതോടെ ഈ പദവികളിലെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ടെങ്കിലും നിലവില്‍ നേതൃത്വം ഇത്തരം ചര്‍ച്ചകളിലേയ്ക്ക് കടന്നിട്ടില്ല.

പാര്‍ട്ടി നേതൃത്വം നിലവില്‍ മന്ത്രിസഭാ രൂപീകരണത്തിരക്കിലായതിനാല്‍ ഒഴിവുള്ള സ്ഥാനങ്ങളിലേയ്ക്ക് ആരെ കൊണ്ടുവരുമെന്ന ചിന്തിച്ചിട്ടില്ലെങ്കിലും താഴേത്തട്ടില്‍ ചര്‍ച്ചകളും പേരുകളും സജീവമാണ്. ഓരോ പക്ഷവും അവരവര്‍ക്ക് ആവശ്യമുള്ള പേരുകള്‍ ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവരുന്ന തിരക്കിലാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കാണെങ്കില്‍ അവരവര്‍ തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി എന്നിവര്‍ അതിനായുള്ള ചരടുവലികള്‍ നേരത്തെ തന്നെ തുടങ്ങിയെന്നാണ് വിവരം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ് അപ്രതീക്ഷിതമായി മന്ത്രിയായതോടെ യുവജനസംഘടനയെ നയിക്കാന്‍ ആര് വരുമെന്ന ചര്‍ച്ചയും നേതൃതലത്തിലേയ്ക്ക് എത്തിയിട്ടില്ല. എങ്കിലും, പല ജില്ലാ പ്രസിഡന്റുമാരുടേയും പേരുകള്‍ താഴേത്തട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ സജീവ ചര്‍ച്ചയിലുണ്ടായിരുന്ന പേരാണ് ബിനു ചുള്ളിയിലേന്റേത്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായ ബിനുവിന്റെ പേര് പലരും സാധ്യത പറയുന്നുണ്ടെങ്കിലും മറ്റ് മൂന്നു പേരുകള്‍ കൂടി സജീവ ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആര്‍ ഷെഹിന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചകളില്‍. ഇവരെല്ലാവരും തന്നെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് അടുത്തു നില്‍ക്കുന്നവര്‍ കൂടിയാണ്.

സാമുദായിക സന്തുലനം ഉറപ്പാക്കിയാണ് കഴിഞ്ഞ ടേമിലും ഈ സ്ഥാനങ്ങളെല്ലാം നിശ്ചയിക്കപ്പെട്ടത്. ഇത്തവണയും ആ രീതി തന്നെയാവും പരിഗണിക്കുക. അതാത് ആളുകള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും കെ സി പക്ഷത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് യൂത്ത്‌കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബർ 30 വരെ നീട്ടാൻ പി എസ് സിയ്ക്ക് ശുപാർശ ചെയ്യും.

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുൻപ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി ആരംഭിക്കും. വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങൾ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്മ പുരസ്‌കാരങ്ങൾക്കുള്ള പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവർത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രൂപ നൂറ് തൊടുമോ?, റെക്കോര്‍ഡ് തകര്‍ച്ചയില്‍; 33 പൈസയുടെ നഷ്ടം

രൂപ നൂറ് തൊടുമോ?, റെക്കോര്‍ഡ് തകര്‍ച്ചയില്‍; 33 പൈസയുടെ നഷ്ടം

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയാണ് ഇടിഞ്ഞത്. ഒരു ഡോളര്‍ വാങ്ങാന്‍ 97 രൂപ കൊടുക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. 96.86 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ നൂറ് രൂപ കൊടുക്കേണ്ട സ്ഥിതിയിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ തന്നെ തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാക്കുന്നതാണ് രൂപയെ ദുര്‍ബലമാക്കുന്നത്. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.സംഘര്‍ഷം ഉടന്‍ അവസാനിക്കുന്നതിനുള്ള സാധ്യത വിദൂരമായി തുടരുന്നത് ആഗോള വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് രൂപയില്‍ പ്രതിഫലിക്കുന്നതായി വിപണി വിദഗ്ധര്‍ പറയുന്നു.

അതേസമയം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 671 പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ പിന്നീട് തിരിച്ചുകയറുന്നതാണ് കണ്ടത്. നിലവില്‍ സെന്‍സെക്‌സ് 75,000ന് മുകളിലാണ്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിപണി തിരിച്ചുകയറാന്‍ കാരണം.