by Midhun HP News | Jul 18, 2025 | Latest News, കേരളം
കൊച്ചി: കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണിയെ (35)യാണ് എക്‌സൈസ് പിടികൂടിയത്. വടുതല പാലം റോഡിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ എക്സൈസ് സംഘത്തിന് നേരെ അക്രമാസക്തനാകുകയും ചെയ്തു. കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് പിന്‍തുടര്‍ന്ന് പിടികൂടി.
തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞത്.
by Midhun HP News | Jul 18, 2025 | Latest News, കേരളം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9 നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. 10നു സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഇന്നു രാവിലെ 7നു കുര്‍ബാനയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. പൊതുസമ്മേളനത്തിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തും. ഡിസിസി, മണ്ഡലം, വാര്‍ഡ് തലങ്ങളിലും അനുസ്മരണ പരിപാടികള്‍ ഇന്നു സംസ്ഥാനവ്യാപകമായി നടക്കും.
പുതുപ്പള്ളിയിലെ പരിപാടിക്കുശേഷം വൈകിട്ട് 3നു തിരുവനന്തപുരം വഴുതക്കാട്ടെ ‘അഞ്ജന’ത്തിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം രാഹുല്‍ വിമാനത്താവളത്തിലെത്തി നാലോടെ മടങ്ങും.
by Midhun HP News | Jul 18, 2025 | Latest News, കേരളം
കൊച്ചി: നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മര്‍കസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തില്‍ ഉള്‍പെടുത്തണമെന്നും ആവശ്യപ്പെടും.
വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വാര്‍ത്തകള്‍ തള്ളി ഇന്നലെ തലാലിന്റെ സഹോദരന്‍ രംഗത്ത് വന്നിരുന്നു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യയിലേയും കേരളത്തിലേയും മാധ്യമങ്ങള്‍ പാവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫത്താഹ് അബ്ദുള്‍ മഹ്ദി വിമര്‍ശിച്ചു.
by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അതീ തീവ്ര മഴ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും; ജൂലൈ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും റെഡ് അലർട്ടാണ്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ 19/07/2025 രാവിലെ 02.30 മുതൽ രാത്രി 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ 19/07/2025 രാത്രി 08.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Jul 18, 2025 | Latest News, കേരളം
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.
സുജ നാളെ വെളുപ്പിന് കൊച്ചിയിലെത്തും. തുര്‍ക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈത്തില്‍ എത്തിക്കും. അവിടെ നിന്ന് കൊച്ചിയിലെത്തും. അമ്മയെത്തിയാല്‍ സംസ്‌കാരം നാളെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തേക്കും. സ്‌കൂള്‍ അധികൃതരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രാഥമിക റിപ്പോര്‍ട്ടില്‍ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പൊലീസ് ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും. സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
by Midhun HP News | Jul 17, 2025 | Latest News, കേരളം
തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്.പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെവ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്ഇബിക്ക് വിവരം നൽകിയിരുന്നുവെന്നാണ് സ്കൂൾ മാനേജ്മെൻറും പറയുന്നുണ്ട്.പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകാൻ പാടില്ല. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്തുടനീളം നിശ്ചിത ഇടവേളകളിൽ സുരക്ഷാ പരിശോധന സ്കൂളുകളിൽ നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
Recent Comments