സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധനയെന്ന് മന്ത്രി

സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധനയെന്ന് മന്ത്രി

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ. ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ് എന്നിവരെല്ലാം സംഭവത്തിൽ കുറ്റക്കാരാണ്. ആരും ന്യായീകരിച്ച് വരേണ്ടെന്നും പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജുമെൻ്റിന് നോട്ടീസ് നൽകും. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിൻ്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകും. മാനേജ്മെൻ്റിന് ഉത്തരവാദിത്വം ഉണ്ട്. അനാസ്ഥകാരണം നഷ്ടമായത് ഒരു കുഞ്ഞിനെയാണ്. ഫിറ്റ്നസ് ലഭിച്ചത് ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തീവണ്ടികൾ കൂട്ടിമുട്ടാതിരിക്കാന്‍ ‘കവച്’ വരുന്നു; കരാര്‍ കെ-റെയില്‍- എസ് എസ് റെയില്‍ സഖ്യത്തിന്‌

തീവണ്ടികൾ കൂട്ടിമുട്ടാതിരിക്കാന്‍ ‘കവച്’ വരുന്നു; കരാര്‍ കെ-റെയില്‍- എസ് എസ് റെയില്‍ സഖ്യത്തിന്‌

കൊച്ചി: കേരളത്തിൽ ഏറ്റവും ട്രെയിൻ ഗതാഗത സാന്ദ്രതയുള്ള എറണാകുളം ജംഗ്ഷൻ – ഷൊര്‍ണൂര്‍ മേഖലയിൽ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ആന്ധ്ര കേന്ദ്രമായുള്ള എസ് എസ് റെയിലും ചേർന്നുള്ള സംയുക്ത സംരംഭത്തിനു ലഭിച്ചു. 105. 87 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം ജംഗ്ഷൻ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.

തീവണ്ടികൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആർ ഡി എസ് ഒ) വികസിപ്പിച്ച സംവിധാനമാണ് കവച്. സെന്‍സറുകളും ജി.പി.എഎസ് സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ഒരേ പാതയിൽ വരുന്ന തീവണ്ടികൾ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും, സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ മേഖലയായിരിയ്ക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള ഭാഗത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ-റെയില്‍ – ആര്‍.വി.എന്‍.എല്‍ സഖ്യമാണ്.

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

കൊച്ചി: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ തത്സമയ റിസര്‍വേഷന്‍ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിയുമായിരുന്നില്ല.

സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും. ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബംഗലൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ചതുപ്പിൽ കുഴിച്ചിട്ട് സൂക്ഷിച്ചു; ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

ചതുപ്പിൽ കുഴിച്ചിട്ട് സൂക്ഷിച്ചു; ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

കൊച്ചി: കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണിയെ (35)യാണ് എക്‌സൈസ് പിടികൂടിയത്. വടുതല പാലം റോഡിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ എക്സൈസ് സംഘത്തിന് നേരെ അക്രമാസക്തനാകുകയും ചെയ്തു. കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് പിന്‍തുടര്‍ന്ന് പിടികൂടി.

തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞത്.

‘കാലം മായ്ക്കാത്ത കുഞ്ഞൂഞ്ഞ്’; ഓര്‍മകള്‍ക്ക് രണ്ടാണ്ട്‌; സ്മൃതിസംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകള്‍ക്ക് താക്കോല്‍ ദാനം

‘കാലം മായ്ക്കാത്ത കുഞ്ഞൂഞ്ഞ്’; ഓര്‍മകള്‍ക്ക് രണ്ടാണ്ട്‌; സ്മൃതിസംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകള്‍ക്ക് താക്കോല്‍ ദാനം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9 നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. 10നു സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഇന്നു രാവിലെ 7നു കുര്‍ബാനയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. പൊതുസമ്മേളനത്തിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തും. ഡിസിസി, മണ്ഡലം, വാര്‍ഡ് തലങ്ങളിലും അനുസ്മരണ പരിപാടികള്‍ ഇന്നു സംസ്ഥാനവ്യാപകമായി നടക്കും.

പുതുപ്പള്ളിയിലെ പരിപാടിക്കുശേഷം വൈകിട്ട് 3നു തിരുവനന്തപുരം വഴുതക്കാട്ടെ ‘അഞ്ജന’ത്തിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം രാഹുല്‍ വിമാനത്താവളത്തിലെത്തി നാലോടെ മടങ്ങും.

നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.

ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മര്‍കസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തില്‍ ഉള്‍പെടുത്തണമെന്നും ആവശ്യപ്പെടും.

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വാര്‍ത്തകള്‍ തള്ളി ഇന്നലെ തലാലിന്റെ സഹോദരന്‍ രംഗത്ത് വന്നിരുന്നു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യയിലേയും കേരളത്തിലേയും മാധ്യമങ്ങള്‍ പാവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫത്താഹ് അബ്ദുള്‍ മഹ്ദി വിമര്‍ശിച്ചു.