by Midhun HP News | Jul 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാനസിക നില തകരാറിലായ മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ സിജോയി സാമുവേലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സിജോയിയെ റിമാൻഡ് ചെയ്തു.
അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയും മൂലമാണ് മകൻ സിജോയിയുടെ മാനസിക നില തകരാറിലായതെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. സുനിൽകുമാർ- ലളിതകുമാരി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് സിജോയി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിജോയിയുടെ മാനസികനില തകരാറിലായിരുന്നു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസം മാറി. എന്നാൽ സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു.
ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽതെറ്റി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ വീഴ്ചയിലേറ്റ പരിക്കല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചിരുന്നു. ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന് പോക്കറ്റ് മണിയായി 150 രൂപയും നല്‍കിയിരുന്നു. വീഡിയോ ഗെയിമുകളും കൂടാതെ ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും സിജോയിക്ക് ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്. സുനില്‍കുമാര്‍ മരിച്ചതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
by Midhun HP News | Jul 17, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.
ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ 15,638 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരന്‍ ക്ലൈവ് കുന്ദര്‍ 3403 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളുമാണ്. എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതും, താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഇത് ആര് ആരോടാണ് ചോദിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ ചോദിച്ചതാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബോയിങ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാൽ അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളോട് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) തുടങ്ങിയവ പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളെ പൈലറ്റുമാരുടെ സംഘടന തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന, അപകടത്തിൽ പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
അതിനിടെ, ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
by Midhun HP News | Jul 17, 2025 | Latest News, കേരളം
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.
രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
by Midhun HP News | Jul 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നത്. അതിന്റെ ഫലമായി ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഐ.എസ്.എം., ഹോമിയോപ്പതി വകുപ്പുകളില്‍ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയുമാണ് അവാര്‍ഡ്. 1.5 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. സബ് ജില്ലാ ആശുപത്രി തലത്തില്‍ ഒന്നാം സ്ഥാനം 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം 3 ലക്ഷം രൂപയുമാണ്. 1 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 1 ലക്ഷം രൂപയും കമന്‍ഡേഷനായി 30000 രൂപ വീതവും നല്‍കുന്നു.
സംസ്ഥാന തലത്തില്‍ ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഐഎസ്എം വകുപ്പില്‍ 95.91% മാര്‍ക്ക് നേടി എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 94.61% മാര്‍ക്കോടെ കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17% മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 98.22% മാര്‍ക്കോടെ എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ഐഎസ്എം വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 98.97% മാര്‍ക്ക് നേടി പാലക്കാട് ജില്ല, ഒറ്റപ്പാലം ഗവ. ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 95.50% മാര്‍ക്കോടെ കണ്ണൂര്‍ ജില്ല, ചെറുകുന്ന് ഗവ. ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 92.86% മാര്‍ക്ക് നേടി കോട്ടയം ജില്ല, കുറിച്ചി ഗവ. ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 91.78% മാര്‍ക്കോടെ തിരുവനന്തപുരം ജില്ല, നെയ്യാറ്റിന്‍കര ഗവ. ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി സബ് ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
കേരളത്തിലെ 14 ഐഎസ്എം, 14 ഹോമിയോപ്പതി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും 42 ഐഎസ്എം 42 ഹോമിയോപ്പതി സ്ഥാപനങ്ങള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
by Midhun HP News | Jul 17, 2025 | Latest News, കേരളം
ടൊറന്റോ: മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളായ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്.
കാനഡയില്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
by Midhun HP News | Jul 17, 2025 | Latest News, കേരളം
പത്തനംതിട്ട: സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പഴകുളം തെങ്ങിനാൽ ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. സ്കൂൾ വിട്ട് വന്ന വിദ്യാർത്ഥിനികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്.
വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് മുന്നിലായിരുന്നു ഇയാളുടെ അതിക്രമം. അശ്ലീലം പറയുകയും കുട്ടികൾക്ക് നേരെ വസ്ത്രം മാറ്റി സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയും ചെയ്തു. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം പറയുകയും ചെയ്തു.
കൂടൽ പൊലീസ് കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്.
Recent Comments