by Midhun HP News | Feb 3, 2026 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി വെള്ളിയാഴ്ച. അന്നേ ദിവസം ക്ഷേത്രത്തിൽ രാവിലെ 11.30 മുതൽ ദർശന സൗകര്യം ഉണ്ടാകില്ല.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണ് രാവിലെ ദർശന നിയന്ത്രണം. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 4.30 ന് ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
രാവിലെ 11.30 നു നട അടച്ചാൽ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് 12ന് സർവ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങും. പിന്നെ ഭക്തർക്കിടയിലാണ് ഭഗവതി. മൂന്നരയോടെ പറകൾ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളിൽ ആറാടും. ഭക്തിസാന്ദ്രമാർന്ന നിമിഷങ്ങൾക്കാകും പിന്നീട് സാക്ഷിയാകുകയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് നേരാം. പറ നിരക്കുകൾ ചുവടെ:
1. നെൽപ്പറ-Rs.300/
2. അരിപ്പറ-Rs.600/
3. പൂപ്പറ-Rs.800/
4. മലർപ്പറ-Rs.300/
5. കുങ്കുമപ്പറ-Rs.2,700/
6. അവിൽപ്പറ-Rs.700/
7. മഞ്ഞൾപ്പറ-Rs.4,500/
താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യം ഏർപ്പെടുത്തും.
ഇടത്തരികത്ത് കാവ് ഭഗവതി
ഗുരുവായൂർ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഗുരുവായൂരപ്പന്റെ ഇടത് വശം അരികിലായി ഇരിക്കുന്നതിനാലാണ് ഇടത്തരികത്ത് കാവ് ഭഗവതി എന്ന് വിളിക്കുന്നത്. ഗുരുവായൂരപ്പന് അധിവസിക്കുവാൻ ഇടം നൽകി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവൻ മമ്മിയൂരേക്കും മാറിക്കൊടുത്തു എന്നാണ് ഐതിഹ്യം. ശാന്ത ഭാവമുള്ള ഭദ്രകാളിയായി മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വൃക്ഷച്ചുവട്ടിൽ കാവെന്ന സങ്കല്പത്തിലാണ് ഭഗവതി ഇവിടെ ഇരിക്കുന്നത്.
by Midhun HP News | Feb 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. ആറ് സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിക്കൊണ്ടാണ് ഈ പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചത്.
വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിദ്യാർത്ഥികളിലേക്ക് എത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഐ.ഒ.ടി (Internet of Things) അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ കിറ്റുകൾ വിതരണം ചെയ്യുന്നത്.
വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുള്ള ഡെവലപ്മെന്റ് ബോർഡുകളും വിവിധയിനം സെൻസറുകളും അടങ്ങിയ ഈ കിറ്റ് ഉപയോഗിച്ച് സ്മാർട്ട് വെതർ സ്റ്റേഷനുകൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങി സങ്കീർണ്ണമായ പ്രോജക്റ്റുകൾ കുട്ടികൾക്ക് സ്വന്തമായി നിർമ്മിക്കാനാകും. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യുന്നതാണ്. സാങ്കേതികവിദ്യയുടെ ലോകത്ത് നമ്മുടെ കുട്ടികളെ മുൻനിരയിലെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.


by Midhun HP News | Feb 3, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഏകദേശം അഞ്ചുദിവസത്തിനിടെ 20,000 രൂപയോളമാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ഇന്നലെ സ്വര്‍ണവിലയെ സംബന്ധിച്ച് ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകീട്ടും രാത്രിയുമായി തിരിച്ചുകയറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. ഇന്നലെ രണ്ടു തവണകളായി പതിനായിരത്തോളം രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെയും രാത്രിയോടെയും അയ്യായിരം രൂപയാണ് തിരിച്ചുകയറിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Feb 2, 2026 | Latest News, കേരളം
ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് വരെ നീട്ടി
ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണിവരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.
നേരത്തെ ജനുവരി31ന് വൈകിട്ട് അഞ്ചുവരെ ആണ് കീമിന് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നത്.
പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.
വിശദവിവരങ്ങൾക്ക്: ഔദ്യോഗിക വെബ് സൈറ്റ് www.cee.kerala.gov.in,
ഫോൺ: 0471-2332120.
by Midhun HP News | Feb 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.
ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത ( കോട്ടയം വഴി) ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. കായംകുളം- തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. തിരുവനന്തപുരം – നാഗര്‍കോവില്‍ സര്‍വേ നടക്കുകയാണ്.
തുറവൂര്‍- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലില്‍ സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏറെ സുപ്രധാനമായ ശബരിപാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി. അങ്കമാലി ശബരിപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. ഗുരുവായൂര്‍- തിരുനാവായ പാതയുടെ നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്. പദ്ധതിക്കായി 1975 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.റെയില്‍വേ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. 105 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും തേടിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും വേണം.
മെട്രോ മാൻ ഇ ശ്രീധരന്റെ കണ്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.. കേരളത്തിലെ റെയില്‍വേ വികസനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍പാത സംബന്ധിച്ച ചോദ്യങ്ങളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമായ മറുപടി നല്‍കിയില്ല.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.
അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.


Recent Comments