by Midhun HP News | Jul 15, 2025 | Latest News, കേരളം
കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയില്‍ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു.
ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അവിടെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ യുവതികള്‍ ആരും ഉണ്ടായിരുന്നില്ല. ഇയാള്‍ ആഴ്ചകളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. അവിടെ വച്ചാണ് അക്ബര്‍ അലി പൊലീസ് പിടിയിലായത്. ഇടപ്പള്ളിയെ അക്ബര്‍ അലി കടവന്ത്രയിലും വാടക വീട് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികള്‍ക്ക് താമസിക്കാനെന്ന് പറഞ്ഞാണ് ബ്രോക്കര്‍ മുഖാന്തരം വീട് വാടയ്ക്ക് എടുത്തത്. അനാശാസ്യപ്രവര്‍ത്തനത്തിലൂടെ പ്രതി ലക്ഷങ്ങള്‍ സമ്പാദിച്ചതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ 9 പേരാണു പിടിയിലായത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയിലായിരുന്നു.
കൊച്ചിയില്‍ മുനീര്‍ ലഹരി ഇടപാട് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. യാത്രയ്ക്കായി ആഡംബരക്കാറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. നേരത്തെയും മറ്റ് ചില പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും പൊലീസ് കണ്ടെടുത്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉണ്ടോയെന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അങ്ങനെയെങ്കില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Jul 15, 2025 | Latest News, കേരളം
പത്തനംതിട്ട : എഡിജിപി എം ആർ അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. ദർശനത്തിനായി ട്രാക്ടറിൽ കയറി എഡിജിപി ശബരിമലയിൽ എത്തിയതാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയതെന്നാണ് ആരോപണം.
ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നും കർശന ഹൈക്കോടതി നിർദേശം നിലവിലുണ്ട്. എന്നാൽ അജിത്കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണ് ശബരിമല നട തുറന്നത്. ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തു എന്നാണ് സൂചന. റിപ്പോർട്ട് കിട്ടിയ ശേഷം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ വിവരം അറിയിക്കും.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കോഴിക്കോട് : പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതി ഒളിപ്പിച്ച പണം കണ്ടെത്തി. ഒളിച്ച് സൂക്ഷിച്ച 39 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മുഖ്യപ്രതി ഷിബിന്‍ലാലിന്റെ വീടിന് 500 മീറ്റര്‍ മാറി പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്.
പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തുന്നത്. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലായിരുന്നു ബാങ്ക് കവര്‍ച്ച നടന്നത്. മറ്റൊരു ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇസാഫ് ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളഞ്ഞത്.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കണ്ണൂര്‍: സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഈ വിഷയം സംസാരിക്കുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. സ്‌കൂള്‍ സമയമാറ്റത്തിലുള്ള ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. സമസ്തയെ ഈ കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
by Midhun HP News | Jul 15, 2025 | Latest News, കേരളം
സംസ്ഥാനത്ത് വൈറൽ പനി (ഇൻഫ്ലുവൻസ വൈറസ്) കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. ജൂലൈയിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ സംസ്ഥാനത്ത് 382 കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഈ വർഷം ഇതുവരെ പനിമൂലം19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,857 പകർച്ച പനികേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക ഘടകങ്ങളാലും മറ്റ് കാരണങ്ങളാലും ഉണ്ടാകുന്ന സീസണൽ രോഗമാണ് ഇൻഫ്ലുവൻസ, പനിയും ശരീരവേദനയും സാധാരണ ലക്ഷണങ്ങളാണ്. ജീവിതശൈലി രോഗങ്ങൾ, കാൻസർ, പൊണ്ണത്തടി എന്നിവയുള്ള പ്രായമായവരിലും യുവാക്കളിലും മറ്റുള്ളവരേക്കാൾ ഇൻഫ്ലുവൻസ ഗുരുതരമായ ആഘാതം സൃഷ്ടിക്കാം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഗവേഷണ സെല്ലിന്റെ കൺവീനറായ ഡോ. രാജീവ് ജയദേവന്റെ അഭിപ്രായത്തിൽ, മൂന്ന് തരം ഇൻഫ്ലുവൻസ വൈറസുകൾ ഇപ്പോൾ കേരളത്തിൽ കാണുന്നുണ്ട്. “H1N1, H3N2 (ഇവ രണ്ടും ഇൻഫ്ലുവൻസ A വിഭാഗത്തിൽ പെടുന്നു), ഇൻഫ്ലുവൻസ B യും ഉൾപ്പടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ, മറ്റ് സാധാരണ വൈറൽ പനി ലക്ഷണങ്ങൾ പലപ്പോഴും വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ, ബഹുഭൂരിപക്ഷം കേസുകളും രോഗനിർണയം നടത്താതെ പോകുന്നു,” ഡോ. രാജീവ് പറഞ്ഞു.
പനിയും പനി മൂലമുള്ള മരണനിരക്കും വർധിക്കാൻ കാരണം അനുബന്ധ രോഗങ്ങളുടെ വ്യാപനമാണെന്ന് പൊതുജനാരോഗ്യ വിദഗ്‌ദ്ധനായ ഡോ. ബി. ഇക്ബാൽ ചൂണ്ടിക്കാട്ടി.
“പ്രായമായവരിലും യുവാക്കളിലും കൂടുതൽ ആളുകൾ പ്രമേഹം, രക്താതിമർദ്ദം, കാൻസർ എന്നിവയുൾപ്പെടെയുള്ള അനിയന്ത്രിതമായ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. കേരളത്തിൽ 40% പേർ മാത്രമാണ് പ്രമേഹത്തെ ശരിയായി നിയന്ത്രിക്കുന്നത്. അമിതവണ്ണവും ഈ സാഹചര്യത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്,” ഡോ. ഇക്ബാൽ പറഞ്ഞു.
വ്യക്തിപരമായ ഘടകങ്ങളനുസരിച്ച് ഓരോ രോഗിയിലും രോഗത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നു.”മറ്റ് രോഗങ്ങളുള്ളവരിലും പ്രായമായവരിലും ഈ അവസ്ഥ മരണത്തിന് പോലും കാരണമായേക്കാം. രോഗ ബാധിത വ്യക്തി ആരോഗ്യപരമായി ദുർബലനാണെങ്കിൽ, ആഘാതം കൂടുതലായിരിക്കും,” ഡോ. രാജീവ് പറഞ്ഞു.
കോവിഡിൽ നിന്ന് വ്യത്യസ്തമായി, ഇൻഫ്ലുവൻസയ്ക്ക് ഫലപ്രദമായ ചികിത്സയുണ്ട്, ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഒരു ഫ്ലൂ ടെസ്റ്റ് നടത്തി ആൻറിവൈറൽ മരുന്നകൾ ഉപയോഗിച്ച് ചികിത്സ തേടുന്നതാണ് നല്ലതെന്ന് ഡോക്ടർ ഇക്ബാൽ പറഞ്ഞു.
“സംസ്ഥാനത്ത് ഇൻഫ്ലുവൻസ പരിശോധനയ്ക്ക് വിധേയരാകുന്ന ആളുകളുടെ എണ്ണം കുറവാണ്. പരിശോധനകൾ രോഗം തിരിച്ചറിയാൻ സഹായിക്കും. 48 മണിക്കൂറിനുള്ളിൽ ആന്റിവൈറലുകൾ കഴിക്കുന്നത് ഫലപ്രദമാണ്. ചികിത്സയും മുൻകരുതലുകളും വൈറസിന്റെ വ്യാപനവും മരണവും തടയാൻ സഹായിക്കും,” അദ്ദേഹം പറഞ്ഞു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അടുത്തിടെ പുറത്തിറക്കിയ സീസണൽ ഇൻഫ്ലുവൻസയെക്കുറിച്ചുള്ള ഡാറ്റ പ്രകാരം, ഈ വർഷം ഏപ്രിൽ 30 വരെ ഇൻഫ്ലുവൻസ എ മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 2025 ലെ ആദ്യ നാല് മാസങ്ങളിൽ എട്ട് മരണങ്ങൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും വ്യാഴാഴ്ചഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ചപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Recent Comments