by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഡയറ്റ് സ്‌കൂളിലെ പുതിയ ബസ് എ.എ.റഹീം എം.പി. ഉദ്ഘാടനം ചെയ്തു. എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്‌കൂളിലേക്ക് പുതിയ ബസ് വാങ്ങി നല്കിയത്.
ഒ.എസ്.അംബിക എം.എല്‍.എ. അധ്യക്ഷയായി. നഗരസഭാധ്യക്ഷ എസ്.കുമാരി, വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ എസ്.ഗിരിജ, കൗണ്‍സിലര്‍ ജി.എസ്.ബിനു, എസ്.എം.സി. ചെയര്‍മാന്‍ ബി.ശ്രീകുമാര്‍, എം.സുധീര്‍, പ്രിന്‍സിപ്പാള്‍ ഗീതാനായര്‍, സ്‌കൂള്‍ ചുമതലയുള്ള വി.എസ്.സിന്ധു എന്നിവര്‍ പങ്കെടുത്തു.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കൊച്ചി: ആഭിചാരവും അനാചാരവും തടയുന്നതിനുള്ള ബില്‍ പരിഗണനയിലാണെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. പുതിയ നിയമത്തിന്റെ സാധ്യത പരിശോധിച്ചുവരികയാണ്. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് കാലതാമസം നേരിടുന്നതെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. എന്താണ് ഇതിനുള്ള തടസ്സങ്ങളെന്ന് വിശദീകരിച്ച് അധിക സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ ഈ കേസ് പരിഗണിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേരള യുക്തിവാദിസംഘം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആഭ്യന്തര ജോ.സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ നിയമവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. സജീവ പരിഗണന എത്രകാലത്തേക്കാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കൃത്യമായ സമയപരിധി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമപരവും ഭരണഘടനാപരവുമായി ചില പ്രശ്നങ്ങൾ ഉള്ളതായും സർക്കാർ അറിയിച്ചു.
ഇക്കാര്യങ്ങൾ വിശദീകരിച്ച് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി. അതിനകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. ഇന്ത്യയില്‍ അന്ധവിശ്വാസ ചൂഷണത്തിനെതിരേയുള്ള കേന്ദ്രനിയമം ഇല്ലാതിരിക്കെ ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നിയമങ്ങള്‍ പാസാക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മാത്രമാണ് അന്ധവിശ്വാസത്തിനെതിരേ കുറച്ചെങ്കിലും നിയമം ഉള്ളത്. ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ആഭിചാരത്തിനും ദുര്‍മന്ത്രവാദത്തിനുമെതിരെ നിയമങ്ങള്‍ നിലവിലുണ്ട്.
by Midhun HP News | Jul 15, 2025 | Latest News, കേരളം
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കും. കാന്തപുരത്തിൻ്റെ ഇടപെടൽ ഫലം കണ്ടു. അതേസമയം, ദിയാധനം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
രാത്രിയോടെ വധശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയേക്കും. നാളെയാണ് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ചർച്ച നടത്തിയിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി ജനായത്ത് പ്രകാരമുള്ള ഇടപെടലാണ് താൻ നടത്തുന്നതെന്നും ഇസ്ലാമികമായ കർമ ശാസ്ത്ര പ്രകാരമാണ് ഇടപെട്ടതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ മതിയെന്ന മതനിയമം പ്രയോജനപ്പെടുത്താനാണ് നീക്കമെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം പൂർണമായി അംഗീകരിച്ചാലേ ഈ നീക്കം വിജയിക്കൂവെന്നും കാന്തപുരം മുസ്ലിയാർ വിശദീകരിച്ചു.
“നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാൻ കഴിഞ്ഞു. ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണ്. യെമനിലെ പണ്ഡിതന്മാരെ ഞാൻ ബന്ധപ്പെട്ടിരുന്നു. യെമനിലെ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്,” അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇനിമുതൽ ഒരിടത്തും ചെയർമാൻ ഇല്ല, ചെയർപേഴ്സൺ മാത്രമാകും ഉണ്ടാവുക. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ലിംഗ വിവേചനം ഒഴിവാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (മാതൃഭാഷ) വകുപ്പാണ് ചെയർമാൻ എന്ന പദം ഒഴിവാക്കി ചെയർപേഴ്സൺ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കിയത്. ഇക്കാര്യത്തിന് നിയോഗിച്ച ഭാഷ വിദഗ്ധരുടെ സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ലിംഗ സമത്വം ഉറപ്പാക്കുന്നതിന് വേണ്ടി ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശം വളരെ മുൻപുതന്നെ ഉയർന്നുവന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ വനിതകളായിരുന്നു പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവച്ചത്.
ഭരണതലത്തിൽ ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ അപേക്ഷ ഫോമുകളിൽ അപേക്ഷകൻ എന്നത് മാത്രം ഉണ്ടായിരുന്നത് മാറ്റി അപേക്ഷക എന്നുകൂടി ചേർക്കണമെന്ന നിർദ്ദേശം വളരെ മുൻപുതന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. അതുപോലെ സർക്കാറിന് സമർപ്പിക്കുന്ന അപേക്ഷ ഫോമുകളിൽ അവൻ/ അവൻ്റെ എന്നതിന് ഒപ്പം അവൾ/അവളുടെ എന്നുകൂടി ചേർക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിന് അന്ന് വ്യാപകമായ സ്വീകാര്യത കിട്ടുകയുണ്ടായി. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.
ലിംഗ നിഷ്പക്ഷ പദങ്ങൾ ഭരണ തലത്തിൽ വ്യാപകമായി ഉപയോഗിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാരിന്റെ ജെൻഡർ കൺസൾട്ടൻ്റായ ടി കെ ആനന്ദി ചൂണ്ടിക്കാട്ടി. “ചെയർമാൻ എന്നതിനുപകരം ചെയർപേഴ്സൺ എന്ന് ഉപയോഗിക്കണമെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ചത് തെരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികൾ തന്നെയാണ്. വനിതകൾ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ എത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും പലയിടത്തും അവരെ ചെയർമാൻ എന്ന് തന്നെയാണ് എഴുതുന്നതും വിശേഷിപ്പിക്കുന്നതും. ഈ പശ്ചാത്തലത്തിലാണ് ചെയർപേഴ്സൺ എന്ന വാക്ക് ഉപയോഗിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്.”
ഈ തീരുമാനത്തിന് തുടർച്ചയായി പോഷ് ആക്ട് ഉൾപ്പെടെയുള്ള നിലവിലെ നിയമങ്ങളിലും പുതുതായി വരുന്ന നിയമനിർമ്മാണങ്ങളിലും ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.
“കഴിയുന്നിടത്തെല്ലാംഅവൻ/അവന്റെ എന്നതിനൊപ്പം അവൾ/അവളുടെ എന്നുകൂടി ചേർക്കണമെന്ന് തീരുമാനമെടുക്കാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവൻ/അവൻ്റെ എന്നതിനു മുൻപേ കൊടുക്കേണ്ടത് അവൾ/അവളുടെ എന്നീ പദങ്ങളാണ്. ഉദാഹരണത്തിന് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം. ഗാർഹിക തൊഴിലാളികളിൽ സിംഹഭാഗവും സ്ത്രീകളാണ്. സ്വാഭാവികമായും അവൻ/അവൾ എന്നതിനു പകരം അവൾ/അവൻ എന്നു കൊടുക്കുന്നതായിരിക്കും ഉചിതം. ഇക്കാര്യത്തിൽ സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നുണ്ട്,” ആനന്ദി പറഞ്ഞു.
ഭരണരംഗത്ത് ലിംഗ വിവേചനം ഒഴിവാക്കാനും ഔദ്യോഗിക ആശയവിനിമയങ്ങളിൽ ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കാനും സർക്കാർ മുൻപുതന്നെ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ടോയ്‌ലറ്റിലിരുന്നു വെര്‍ച്വല്‍ കോടതിയില്‍ ഹാജരായ വ്യക്തിക്ക് ഒരു ലക്ഷം രൂപ പിഴ കെട്ടിവെക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യത്തിന് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് നിസാര്‍ എസ് ദേശായി ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. വിഡിയോ വൈറലായതോടെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു.
ജൂലൈ 22നകം ഒരു ലക്ഷം രൂപ കെട്ടിവെക്കാനാണ് അബ്ദുള്‍ റഹ്മാന്‍ ഷാ എന്ന വ്യക്തിയോട്ജസ്റ്റിസ് എ എസ് സുപേഹിയസ ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലൈവ് സ്ട്രീമിങ് നടപടികള്‍ക്കിടെയുണ്ടായ തന്റെ പെരുമാറ്റം കുറ്റകരമാണെന്ന് സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. ജൂണ്‍ 20ന് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. 74 മിനിറ്റ് വാദം നീണ്ടു നിന്നു. കോവിഡ് 19 മുതല്‍ മിക്ക കോടതികളും വിചാരണ നടപടികളില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
കോടതിയുടെ തന്നെ യൂ ട്യൂബ് ചാനല്‍ വഴിയാണ് നടപടിക്രമങ്ങള്‍ സംപ്രേഷണം ചെയ്തത്. ടോയ്‌ലറ്റില്‍ നിന്നും ഇയാള്‍ പിന്നീട് റൂമിലേയ്ക്ക് പോവുകയും വീണ്ടും ലോഗിന്‍ ചെയ്ത് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതും എല്ലാം വിഡിയോയിലുണ്ട്. രണ്ട് വ്യക്തികള്‍ക്കെതിരെ അബ്ദുള്‍ റഹ്മാന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പാകുകയും എഫ്‌ഐആര്‍ റദ്ദാക്കുകയും ചെയ്തു.
by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച എക്‌സ്‌ചേഞ്ചിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫിറോസ് ടവര്‍ കെട്ടിടത്തില്‍ നാലു ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഭാരതീയ ന്യായ സംഹിതയുടെ 351(1)(b), 353(2), 351(3), 351(4) എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതൊരു വ്യാജ മെയിലാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍പും സമാനമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Recent Comments