മില്‍മ പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും; തീരുമാനം ഇന്ന്

മില്‍മ പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കുന്നതില്‍ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാലരൂപ വരെ വര്‍ധനയാണ് ആലോചനയില്‍. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ് ഓഫീസില്‍ ഇന്ന് പതിനൊന്ന് മണിക്കാണ് മൂന്ന് മേഖല യൂണിയനുകളിലെ ചെയര്‍മാന്‍മാര്‍, എംഡിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വില കൂട്ടല്‍ സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം.

മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. ഉത്പാദന ചെലവിന് ആനുപാതിക വര്‍ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല.

പാലിന് 2019 സെപ്റ്റംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്.പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും ആനൂപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ പാല്‍ വില കൂടുതലാണ്.

നിമിഷപ്രിയയുടെ വധശിക്ഷ: നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു; ആശാവഹമെന്ന് പ്രതിനിധി സംഘം

നിമിഷപ്രിയയുടെ വധശിക്ഷ: നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു; ആശാവഹമെന്ന് പ്രതിനിധി സംഘം

ഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെത്തുടര്‍ന്ന്, യെമനില്‍ ഇന്നലെ സുപ്രധാന യോഗം ചേര്‍ന്നു.

സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ എന്നിവര്‍ പങ്കെടുത്തു. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചര്‍ച്ചകള്‍ അതീവ നിര്‍ണായകമാണ്.

ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെങ്കിൽ സഹായം നൽകാൻ തയാറാണെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. ​ വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനായി ശ്രമം തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് സേവ് നിമിഷപ്രിയ കൗണ്‍സിൽ നിവേദനം നൽകിയിട്ടുണ്ട്. ക്രൂരപീഡനത്തെത്തുടർന്നാണ്, യെമനിൽ നഴ്സായി ജോലി ചെയ്യുന്ന നിമിഷപ്രിയ 2017 ജൂലൈ 25ന് യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെ കൊലപ്പെടുത്തുന്നത്.

6 മാസം മുമ്പ് വിവാഹം; ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

6 മാസം മുമ്പ് വിവാഹം; ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

കുതിപ്പിന് സഡന്‍ ബ്രേക്ക്; സ്വര്‍ണവില 73,000ന് മുകളില്‍ തന്നെ

കുതിപ്പിന് സഡന്‍ ബ്രേക്ക്; സ്വര്‍ണവില 73,000ന് മുകളില്‍ തന്നെ

കൊച്ചി: അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി.ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.

ജി. ഓമന (89) അന്തരിച്ചു

ജി. ഓമന (89) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് രേവതിയിൽ റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി ഓമന (89) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോപിനാഥൻ.

മക്കൾ: ജി ജയപ്രഭ, ജി ജയശ്രീ, ജി ജയന്തി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: ഠൗൺ യു.പി.എസ് കിളിമാനൂർ), ജി ജയ(അസിസ്റ്റൻ്റ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്).

മരുമക്കൾ: പ്രകാശ്, രവീന്ദ്രൻ, എസ് ശിവകുമാർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:ഠൗൺ യു.പി.എസ് കിളിമാനൂർ, കെ.എസ്.ടി.എ മുൻ സംസ്ഥാന കമ്മിറ്റി അംഗം)

സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു

സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ അസോസിയേഷൻ പാലോട്, ആറ്റിങ്ങൽ ലോക്കൽ അസോസിയേഷനുകൾ നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് വാമനപുരം എംഎൽഎ ഡി കെ മുരളിയുടെ അധ്യക്ഷതയിൽ ഭരതന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി, ബ്ലോക്ക് മെമ്പർ പി ജെ ശ്രീകല, സംസ്ഥാന ട്രെയിനിങ് കമ്മീഷണർ സ്കൗട്ട്സ് എഡ്വേഡ് ജെ, ആറ്റിങ്ങൽ ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ ഷിബു, എ.ഇ.ഒ. ഡോ. സന്തോഷ് കുമാർ, സുബി വിഎസ്, അജിത് കുമാർ, ലാൽ സി.ഒ, മൻസൂർ എ, ശ്രീലത ആർ പി, നിസാമുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്നേഹഭവനം നിർമ്മാണ കമ്മിറ്റി കൺവീനർ ബി. ലിജിമോൾ സ്വാഗതവും സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ.എസ് നന്ദി പ്രസംഗവും നടത്തി.