ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒരു ജില്ലയിലും അലര്‍ട്ട് ഇല്ല

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒരു ജില്ലയിലും അലര്‍ട്ട് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും( വ്യാഴാഴ്ച) നാളെയും ( വെള്ളിയാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒരു ജില്ലയിലും ഇന്നും നാളെയും അലര്‍ട്ട് ഇല്ല.

അതേസമയം ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശനിയാഴ്ച വടക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.തിങ്കളാഴ്ചയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇത്രയും തുക താങ്ങാനാവില്ല, സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി

ഇത്രയും തുക താങ്ങാനാവില്ല, സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി

കൊച്ചി: കേരള തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എംഎസ് സി കപ്പല്‍ കമ്പനി. കേരള ഹൈക്കോടതിയെയാണ് എംഎസ് സി കപ്പല്‍ കമ്പനി നിലപാട് അറിയിച്ചത്. 9531 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് അറിയിക്കണമെന്ന് കപ്പല്‍ കമ്പനിയോട് കോടതി ചോദിച്ചു.

കപ്പല്‍ അപകടത്തെത്തുടര്‍ന്നുണ്ടായ പാരിസ്ഥിതികാഘാതം അടക്കം ചൂണ്ടിക്കാട്ടി അഡിമിറാലിറ്റി സ്യൂട്ടാണ് കേരളം ഫയല്‍ ചെയ്തിട്ടുള്ളത്. തീരത്തിനും, മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യസമ്പത്തിനും അടക്കം അത്രയും കോടി രൂപയുടെ നഷ്ടം കപ്പല്‍ മുങ്ങിയതു വഴി ഉണ്ടായിട്ടുണ്ട്. ഉള്‍ക്കടലിന്റെ ആവാസ വ്യവസ്ഥയെ അടക്കം ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം വരുംനാളുകളില്‍ കേരളം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂവെന്നും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കപ്പല്‍ കമ്പനിക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഇതേത്തുടര്‍ന്ന് കെട്ടിവെക്കാനാകുന്ന തുകയെപ്പറ്റി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് 6 ലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തിടെ വിഴിഞ്ഞത്തെത്തിയ എംഎസ് സി കമ്പനിയുടെ അക്വിറ്റേറ്റ എന്ന കപ്പല്‍ അറസ്റ്റ് ചെയ്തു സൂക്ഷിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്നതു വരെ കപ്പലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാല്‍ ആതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസരംഗത്ത് പുരോഗമനനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല’ ശിവന്‍ കുട്ടി പറഞ്ഞു.

അതേസമയം, സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധിച്ച് ഇകെ വിഭാഗം സമസ്തയുടെ സമരപ്രഖ്യാപനം ഇന്ന് കോഴിക്കോട് നടക്കും. മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം. കേരളത്തിലെ പതിനൊന്നായിരം മദ്രസകളുടെ പ്രവര്‍ത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ മതപഠനത്തെയും തീരുമാനം ബാധിക്കുമെന്നാണ് സമസ്തയുടെ പരാതി.

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ; മകന് സര്‍ക്കാര്‍ ജോലി നല്‍കും

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. മകന് സര്‍ക്കാര്‍ ജോലി നല്‍കാനും വീട് നന്നാക്കി കൊടുക്കുനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തിയപ്പോള്‍ മകന് സര്‍ക്കാര്‍ ജോലി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. നേരത്തെ മന്ത്രി വിഎന്‍ വാസവനും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു.

ജൂലൈ 3ന് നടന്ന അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. ബിന്ദുവിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. മകളുടെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിലും സർക്കാർ സഹായം ഉറപ്പ് നൽകിയിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; സുപ്രീംകോടതിയില്‍ ഹര്‍ജി

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുനന്ത്. ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാമെന്ന് ശരീ അത്ത് നിയമത്തില്‍ പറയുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താനായി നയതന്ത്ര മാര്‍ഗത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് ഹര്‍ജി, ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മാല്‍ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. എന്തിനാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. നിമിഷപ്രിയ മലയാളി നഴ്‌സാണ്. ജോലി തേടി യെമനില്‍ പോയതാണ്. അവിടുത്തെ ഒരാള്‍ നിമിഷപ്രിയയെ നിരന്തരം ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് അയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. കെ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, എ എ റഹിം എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും കത്തയച്ചിരുന്നു. യെമനിലെ സാമൂഹ്യപ്രവർത്തകരടക്കം വിഷയത്തിൽ ഇടപെടുന്നുണ്ട്. കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാൽ നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.

കണിയാപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു

കണിയാപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു

കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ പരേതനായ അബ്ദുറഹ്മാൻ ഹലിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെഹിൻ കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഷെഹിൻ കുടുംബത്തോടൊപ്പം ദുബൈയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.