അരുണാക്ഷി അമ്മ (84) നിര്യാതയായി

അരുണാക്ഷി അമ്മ (84) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് തുണ്ടിൽ അരുണാലയത്തിൽ പരേതനായ പുരുഷോത്തമൻ
നായരുടെ ഭാര്യ അരുണാക്ഷി അമ്മ (84) നിര്യാതയായി.
മക്കൾ: ജയന്തി, ഇന്ദിരദേവി, ബീന, ബിന്ദു
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്

നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്

തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്. കഴിഞ്ഞ കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അശാസ്ത്രീയ പ്രവണതകളാണ് കേരളത്തിന് തിരിച്ചടിയായത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളില്‍ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വര്‍ധന എന്നിവയാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നിതിനിടെ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക (2023 -24) ല്‍ ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ സൂചിക 80 പിന്നിടുമ്പോഴും നാലാം സ്ഥാനമാണ് ലഭിച്ചത്. ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചല്‍ പ്രദേശ് (83) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി. കേരളത്തിനൊപ്പം കര്‍ണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളില്‍ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളില്‍ 93 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി. 2018 മുതലാണ് കേരളത്തില്‍ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ല്‍ കേരളം പട്ടികയില്‍ ഒന്നാമതെത്തി. 2020-21 ല്‍ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കല്‍ തുടങ്ങിയ സൂചകങ്ങള്‍ ഉള്‍പ്പെടുക്കിയപ്പോള്‍ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു.

9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയില്‍ കേരളം പിന്നോട്ടുപോയി. സംസ്ഥാനത്ത് 2023-24 സമയത്ത് വാക്‌സിനേഷന്‍ ശതമാനം 85.40 ആയി കുറഞ്ഞു. 2020-21 ല്‍ 92 ആയിരുന്ന വാക്‌സിനേഷന്‍ നിരക്കിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെ പ്രസവങ്ങള്‍ ശതമാനം 99.90 ല്‍ നിന്ന് 99.85 ആയി കുറഞ്ഞെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയതായി ഉള്‍പ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് നടത്തിയത്. ആത്മഹത്യ നിരക്ക് മുന്‍ കണക്കുകളേക്കാള്‍ ഉയര്‍ന്നു. 2020-21 സമയത്ത് 24.30 ആയിരുന്നു സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2023-24 പതിപ്പില്‍ ഇത് 28.50 ആയി ഉയ‍‍‍ർന്നു. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തില്‍ ആത്മഹത്യ നിരത്ത് ഇരട്ടിയിലധികം രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. ഒരു ലക്ഷം പേരില്‍ 12.10 ആണ് ഈ കണക്ക്. എന്നാല്‍ ഇതും ദേശീയ ശരാശരിയേക്കാള്‍ (12.4) ഉയര്‍ന്ന് നില്‍ക്കുന്നു.

സംസ്ഥാനത്ത് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവും കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 17 ശതമാനമാണ് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആത്മഹത്യനിരക്ക് ഉള്‍പ്പെടെയുള്ളവയില്‍ കേരളം നേരിട്ടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൗണ്‍സിലിങ് ഉള്‍പ്പെടെ മെച്ചപ്പെടുത്തേണ്ടുണ്ടെന്ന് ഡോ. എന്‍ എം അരുണ്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ പരിപാലന രംഗം മെച്ചപ്പെടുണം. ഒരു ആശുപത്രിയില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ക്രമീകരണം ഉണ്ടാകണം. വാക്‌സിനേഷന്‍, വീടുകളിലെ പ്രസവം എന്നിവ കുറയുന്നതില്‍ മതപരമായ വിശ്വാസങ്ങള്‍ക്ക് അപ്പുറത്ത് സോഷ്യല്‍ മീഡിയുടെ സ്വാധീനം ശക്തമാണെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടുന്നു.

Summary

തോട്ടില്‍ വെള്ളം പതഞ്ഞ് പൊങ്ങി; പരിശോധനയില്‍ കണ്ടെത്തിയത് രാസസാന്നിധ്യം, ആശങ്കയോടെ നാട്ടുകാര്‍

തോട്ടില്‍ വെള്ളം പതഞ്ഞ് പൊങ്ങി; പരിശോധനയില്‍ കണ്ടെത്തിയത് രാസസാന്നിധ്യം, ആശങ്കയോടെ നാട്ടുകാര്‍

കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയില്‍ തോട്ടിലാണ് വെള്ളപത പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി.

പച്ചക്കറികളുടെ വിഷാംശം നീക്കുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കല്‍ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി.

പഴം, പച്ചക്കറി എന്നിവയിലെ വിഷാശം ഒഴിവാക്കുന്നതിനായി ഉണ്ടാക്കുന്ന ലായിനിയില്‍ ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്, ഫാറ്റി ആല്‍ക്കഹോള്‍ എഥോലെറ്റ് എന്നിവയടങ്ങിയ കെമിക്കല്‍ തോട്ടിലൂടെ ഒഴുക്കിയതാണ് പത വരുന്നതിന് കാരണമായിട്ടുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, ഒരാള്‍ മലയാളി

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, ഒരാള്‍ മലയാളി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥി.

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ആയിരുന്നു അപകടം.

ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഹാര്‍വ്‌സ് എയറിൻ്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്

സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സര്‍ക്കാരിനെതിരായ സമസ്ത സമരം തുടങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്ത ആരോപിക്കുന്നത്. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം. സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.

സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും, വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാമന്ത്രിക്കും രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്.

സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. നന്ദു തിരിച്ചെത്തിയപ്പോഴാണ് ലഹരിമരുന്ന് പിടികൂടുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശബന്ധമുള്ള ലഹരിമാഫിയയുടെ കാരിയറായി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.