by Midhun HP News | Jul 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐപിഎസിന്റെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയിഡ്, നിരോധിത പുകയില ഉൽപ്പനങ്ങൾ വിൽപ്പന നടത്തിയ 31 പേർ അറസ്റ്റിൽ. കൊറിയർ സർവീസ് വഴി ലഹരി മരുന്ന് കച്ചവടം ചെയ്യാൻ ശ്രമിച്ച കല്ലമ്പലം ചാത്തൻപാറ സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തു.
by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ സ്വദേശിയായ അങ്കിത സാംഗ്ലെ (19) ആണ് ജീവനൊടുക്കിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ 166 മാര്‍ക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. പരീക്ഷാ ഫലം വന്നതിനു പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് അങ്കിതയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മറാത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
‘നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു, പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലാ ബുദ്ധിമുട്ടുകളിലും ഒരു കൂട്ടുകാരിയെപ്പോലെ അമ്മ എന്നെ പിന്തുണച്ചു. ദാദാ (ജ്യേഷ്ഠന്‍), നിങ്ങളും എന്നെ ഒരുപാട് സഹായിച്ചു. അമ്മയെക്കാളും അച്ഛനെക്കാളും കൂടുതല്‍ എന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങള്‍ ആരും ഉത്തരവാദികളല്ല. ഞാന്‍ നീറ്റിനായി പഠിക്കുമ്പോഴും നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് നിങ്ങളുടെ ആഗ്രഹം നിറവേറ്റാനായില്ല.’
മാതാപിതാക്കളെ നന്നായി നോക്കണമെന്നും അവരെ ഒന്നിനും ബുദ്ധിമുട്ടിക്കരുതെന്നും സഹോദരനോട് കുറിപ്പിലൂടെ അങ്കിത അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സഹായത്തിനായി ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. വിളിക്കൂ: 1056 / 0471-2552056)

by Midhun HP News | Jul 27, 2026 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഏഴു ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദമാണ് തീവ്രമായത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഇന്ന് വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലായി കരയില്‍ പ്രവേശിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വിഡിയോകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകളിലാണ് പൊലീസ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകള്‍ കണ്ടെത്തിയത്. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് ശേഷം ശക്തമായ നിരീക്ഷണം തുടരാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വ്യാജ (ഡീപ്‌ഫേക്ക്), എഐ-നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 450 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അതത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന്, 36 ദിവസം നീണ്ടുനിന്ന പ്രതിഷേധം ശനിയാഴ്ച സിജെപി പിന്‍വലിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 5 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, തുടര്‍ന്ന് അവ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാമേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് എഫ്‌ഐആറാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പബ്ലിക് എക്‌സാമിനേഷന്‍സ് ( പ്രിവെന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്‌മെന്റ് ബില്‍ എന്ന പേരിലുള്ള ബില്‍, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബിൽ അവതരണം.
പ്രതിപക്ഷവും രാജ്യത്തെ യുവാക്കളും ആവശ്യപ്പെട്ട ബില്ലാണ് സർക്കാർ അവതരിപ്പിക്കുന്നതെന്നും, പ്രതിപക്ഷം ഈ ബില്ലുമായി സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. തുടർന്ന് ശബ്ദ വോട്ടോടെ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. ബില്ലിന്മേൽ ഒരു മണി വരെ നിർദേശങ്ങൾ സമർപ്പിക്കാമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു. വളരെ പ്രധാനപ്പെട്ട ബില്ലാണ്. നിങ്ങൾ ആവശ്യപ്പെട്ട ചർച്ചയാണ് നടക്കാൻ പോകുന്നത്. നിങ്ങൾക്ക് പറയാനുള്ള നിർദേശങ്ങളെല്ലാം സഭയിൽ വെക്കാവുന്നതാണെന്നും സ്പീക്കർ വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നാല്‍ രാജ്യതലസ്ഥാനത്ത് നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ രക്തമൊഴുകിയെന്ന് രാജ്യസഭയില്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടുമണി വരെ നടപടികള്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്‍ സുഗന്ധതൈലം പൂശല്‍ മാത്രമാണെന്നും, വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം കൊണ്ടുവരുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി അഭിപ്രായപ്പെട്ടു.
പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍, ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

by Midhun HP News | Jul 27, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഴൂർ ഗവണ്മെന്റ് സ്കൂൾ ആണ് വ്യത്യസ്തമായ ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. രാസ ലഹരിയെ അകറ്റൂ കായിക ലഹരി ആസ്വദിക്കൂ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സംഘടിപ്പിച്ച തൂഫാൻ മാച്ചിൽ ഒന്നാം സ്ഥാനം ടീം ബ്രസീൽ സ്വന്തമാക്കി. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു, ബ്ലോക്ക് മെമ്പർ ആർ അനിൽ, വാർഡ് മെമ്പർ സിന്ധു, പഞ്ചായത്ത് വൈസ് പ്രെഡിഡന്റ് രഞ്ജിത് ലാൽ, എച്ച് എം മിനി എസ്, സീനിയർ ടീച്ചർ ബീന എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും കേരള ഫുട്ബോൾ ടീം കോച്ചുമായ ആന്റണി ജോർജ്,എസ് ആർ ജി കൺവീനവർ ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Recent Comments