by Midhun HP News | Jul 27, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് കരാർ പണികളിൽ 10% പ്രൈസ് പ്രിഫറൻസ് നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് എ. നഹാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ട്രഷറർ ജി. തൃദീപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എ.താജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് എം. ആർ. ഷാനവാസ്, താലൂക്ക് സെക്രട്ടറി ആർ.എസ്.വിനോദ് മണി, നടാർഷാൻ, വി.തുളസീധരൻനായർ, ആർ.മുരളീധരൻ നായർ, ഇൻസാർ .എസ്, എസ്. ശശാങ്കൻ, ജെ .എച്ച്.സുഭാഷ്ചന്ദ്രബാബു, എസ്. എൻ.താരിഫ് മുഹമ്മദ്, ശശി കുറ്റിമൂട് തുടങ്ങിയവർ സംസാരിച്ചു.


by Midhun HP News | Jul 27, 2026 | Latest News, കേരളം
കോഴിക്കോട്: 2016ല്‍ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ തന്റെ ജീവിതം മാറിമറിയുമെന്നാണ് കോഴിക്കോട് പരന്നൂര്‍ സ്വദേശിയായ കോയ കരുതിയത്. എന്നാല്‍ ഭാഗ്യം വന്ന വഴിക്ക് തന്നെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ് ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഓട്ടോ ഡ്രൈവറുടെ ജീവിതം പരാതി നല്‍കലും, കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള യാത്രകളുമായി മാറി. വാടകയും കടങ്ങളും മറ്റ് ചെലവുകളും വേറെ.
2016 ജൂലൈ 9ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ KE 454045 നമ്പര്‍ ടിക്കറ്റിനാണ് തനിക്ക് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതെന്ന് 70കാരനായ കോയ പറയുന്നു. എന്നാല്‍ ആ സന്തോഷത്തിന് ഒരു തടസ്സമുണ്ടായിരുന്നു; ടിക്കറ്റിന് ചെറിയ കേടുപാട് സംഭവിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം 2016 ജൂലൈ 13ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭാഗ്യക്കുറി വകുപ്പ് ഓഫിസിലെത്തി അദ്ദേഹം പരിശോധനയ്ക്കായി ടിക്കറ്റ് കൈമാറി. മൂന്ന് മാസത്തിന് ശേഷം വരാനാണ് അന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ആ കാത്തിരിപ്പ് ഇന്നും തുടരുന്നുവെന്ന് കോയ പറയുന്നു.
പിന്നീട്, അന്ന് ധനമന്ത്രിയായിരുന്ന ടിഎം തോമസ് ഐസക്കിന്റെ ഓഫീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോയ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയതിന് മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2018 മാര്‍ച്ചില്‍ ലോട്ടറി വകുപ്പ് അദ്ദേഹത്തിന്റെ അവകാശവാദം തള്ളി. കോയയ്ക്ക് ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് എവി ദേവരാജന്‍ ഒപ്പിട്ടു നല്‍കിയ സാക്ഷ്യപത്രവും ലോട്ടറി വകുപ്പ് സ്വീകരിച്ചില്ല.
എന്നാല്‍ ടിക്കറ്റ് താന്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോയ ഉറപ്പിച്ചു പറയുന്നു. കൈമാറുന്നതിന് മുമ്പ് അതിന്റെ ഒരു കോപ്പി എടുത്തില്ല എന്നതാണ് താന്‍ ചെയ്ത ഏക തെറ്റ്. സര്‍ക്കാര്‍ സംവിധാനത്തെ താന്‍ വിശ്വസിച്ചെന്നും അദ്ദേഹം പറയുന്നു. 2021ല്‍, കോയയുടെയും ഏജന്റ് ദേവരാജന്റെയും ഭാഗം കേട്ട ശേഷം സമ്മാനത്തുക ലഭിക്കാനുള്ള അര്‍ഹതയില്‍ തീരുമാനമെടുക്കാന്‍ കോടതി ലോട്ടറി വകുപ്പിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ വകുപ്പോ സര്‍ക്കാരോ ഇതുവരെ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. തന്റെ ടിക്കറ്റ് ഓഫിസില്‍ വെച്ച് നഷ്ടപ്പെട്ടിരിക്കാം എന്നും അത് തിരിച്ചുകിട്ടിയാല്‍ പോലും എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയാന്‍ അധികൃതര്‍ തയ്യാറായേക്കില്ലെന്നും കോയ കരുതുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മറ്റാരും ഈ സമ്മാനത്തുകയ്ക്കായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. താനല്ലെങ്കില്‍ മറ്റാരാണ് വിജയിയെന്ന് കോയ ചോദിക്കുന്നു. 1990കളില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട മുന്‍ ലോട്ടറി ഏജന്റ് കൂടിയാണ് കോയ. കാലക്രമേണ അദ്ദേഹത്തിന് 76 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായി. അത് വീട്ടാന്‍ രണ്ട് വീടുകളും 70 സെന്റ് സ്ഥലവും വില്‍ക്കേണ്ടി വന്നു. നിലവില്‍ 32 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യ സൗദയും മക്കളും കോഴിക്കോട്ടെ വാടകവീട്ടിലാണ് കഴിയുന്നത്.
1970കളില്‍ സര്‍ക്കസില്‍ അപകടകരമായ പ്രകടനങ്ങള്‍ നടത്തുകയും, ‘മരണക്കിണറില്‍’ ബൈക്ക് ഓടിക്കുകയും, മുടി കൊണ്ട് കാര്‍ വലിക്കുകയും ചെയ്തിരുന്ന കോയയ്ക്ക്, നീതി ലഭിക്കാനായുള്ള ഈ നിരന്തര പോരാട്ടമാണ് ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയുണ്ടാക്കുന്നത്. തനിക്ക് നേരിട്ട അനീതിയില്‍ പുതിയ സര്‍ക്കാര്‍ ഇടപെട്ട് കേസ് വീണ്ടും പരിശോധിക്കുമെന്നും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം ഇപ്പോള്‍.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് എസ്‌ഐടിയില്‍ നിയമിച്ചത്. തിരുവനന്തപുരം സ്വദേശിയും ലഖ്‌നൗ റേഞ്ച് ഐജിയുമായ എസ് കിരണിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക.
അയോധ്യ ഡിഐജി സോമെന്‍ ബര്‍മ, എസ്എസ്പി ഗൗരവ് ഗ്രോവര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അയോധ്യ സംഭാവനക്കൊള്ള അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിക്കാന്‍ ഈ മാസം 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നേരത്തേ ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്തും സ്‌പെഷ്യല്‍ സെക്രട്ടറി (ധനകാര്യം) നീല്‍ രത്തന്‍ കുമാറുമാണ് കേസ് അന്വേഷിച്ചിരുന്നത്.
സംഭാവനക്കൊള്ള ക്രിമിനല്‍ക്കുറ്റമാണെന്നും അതിനാല്‍ പ്രത്യേക സാങ്കേതിക പരിശോധനകള്‍ തന്നെ ആവശ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. ക്രിമിനല്‍ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുതിയ എസ്‌ഐടി സുപ്രീംകോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
2008 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്. കിരണ്‍ ജനുവരിയിലാണ് ലഖ്‌നൗ റേഞ്ച് ഐജിയായി ചുമതലയേറ്റെടുത്തത്. നേരത്തേ നോയിഡ, ഝാന്‍സി, സുല്‍ത്താന്‍പുര്‍, പ്രതാപ്ഗഢ് തുടങ്ങിയ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍പോളിലെ സേവനത്തിന് മെഡല്‍ ഓഫ് എക്‌സലന്‍സ് ലഭിച്ചിട്ടുണ്ട്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയില്‍ സിബിഐയിലും പ്രവര്‍ത്തിച്ചു. ഫ്രാന്‍സില്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞാണ് കിരണ്‍ ലഖ്‌നൗ ഐജിയായി സ്ഥാനമേറ്റത്.

by Midhun HP News | Jul 27, 2026 | Latest News, കേരളം
കൊച്ചി: വഴി കൊടുത്തില്ലെന്ന നിസ്സാര കാരണത്തിന് ബൈക്ക് യാത്രക്കാരായ യുവാക്കളെ കാര്‍ യാത്രക്കാര്‍ ക്രൂരമായി മര്‍ദിച്ചു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് റോഡ് റേജിന് ഇരയായി യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ആക്രമണത്തില്‍ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി, പ്രവീണ്‍ കുമാര്‍, നിസാം എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന കാര്‍ യാത്രക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പിറകില്‍ നിന്നുവന്ന കാറിലുണ്ടായിരുന്ന സംഘം വാഹനം മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വഴി മാറ്റി കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പ്രതികള്‍ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും ദേഹം മുഴുവന്‍ ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃക്‌സാക്ഷികളില്‍ നിന്നും വിവരം തേടിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അക്രമികളെ ഉടന്‍ വലയിലാക്കുമെന്നും പോലീസ് അറിയിച്ചു.

by Midhun HP News | Jul 27, 2026 | Latest News, കേരളം
തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്കായി അപേക്ഷകര്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാം. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലെ കംപ്യൂട്ടര്‍ക്ഷാമം കാരണം ലേണേഴ്‌സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാണ് സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. ഓഫിസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഇതിലുണ്ട്.
ലേണേഴ്‌സ് ലൈസന്‍സിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ മൂന്നുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുദിവസത്തിനുള്ളില്‍ ടെസ്റ്റിന് അവസരം ലഭിക്കാനാണ് ഈ മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തിനുള്ളിലും തോറ്റവര്‍ക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനാണ് ശ്രമം.
കാത്തിരിപ്പ് ഒഴിവാക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ദിവസം 40നുപകരം 50 ടെസ്റ്റുകള്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്നുമാസത്തേക്ക് എല്ലാ ഓഫിസുകളിലും ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ് നടത്തും. പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചു. 28 പുതിയ അപേക്ഷകര്‍ക്കും 20 പരാജയപ്പെട്ടവര്‍ക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കും. മേല്‍നോട്ടം വഹിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരില്ലെങ്കില്‍ എന്‍ഫോഴ്‌സസ്‌മെന്റില്‍നിന്ന് നിയോഗിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

by Midhun HP News | Jul 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകള്‍ ഇനി മുതല്‍ അഞ്ച് ദിവസവും നടത്തും. അപേക്ഷകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍പ് കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേര്‍ക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 50 ആയി വര്‍ധിപ്പിച്ചത്. ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്‌സ് ലൈസന്‍സിനുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങള്‍ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

Recent Comments