by Midhun HP News | Jul 5, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 1998നും 2014നും ഇടയിലായിരുന്നു സംഭവം.
സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധര്‍മസ്ഥല പൊലീസ് പറഞ്ഞു. തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യപ്പെട്ട അദ്ദേഹം തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നല്കി.
താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. ‘ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 1998ല്‍, എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍, ക്രൂരമായി ആക്രമിക്കപ്പെട്ടു,’ അദ്ദേഹം പരാതിയില്‍ പറഞ്ഞു.
തന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ‘മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെതായിരുന്നു. അതില്‍ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍പമ്പിന് 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള് സ്കൂള്‍ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്കൂള്‍ ബാഗിനൊപ്പം കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ എന്നെ നിര്‍ബന്ധിച്ചു, അവയില്‍ ചിലത് കത്തിച്ചു’- അദ്ദേഹം പറഞ്ഞു.
‘2014-ല്‍, എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാളെ എന്റെ സൂപ്പര്‍വൈസറിന് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങള്‍ ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങള്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപാതകികളെ കണ്ടെത്തുകയുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്. അടുത്തിടെ ഞാന്‍ ധര്‍മസ്ഥലയില്‍ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതികള്‍ ധര്‍മ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്’- അദ്ദേഹം പറഞ്ഞു.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയെന്ന് കണക്കുകള്‍. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ ശവസംസ്കാരം മുതല്‍ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുത്തത് വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ റവന്യൂമന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ചെലവിട്ട തുക സംബന്ധിച്ച് പ്രതികരിച്ചത്.
ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്കി. ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ കലക്റ്റര്‍ ഡി ആര് മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി പി, ചൂരല്‍മല പുനരധിവാസ സ്പെഷ്യല്‍ ഓഫീസര്‍ മന്മോഹന് സി വി, ഡി ഡി എം എ സ്പെഷ്യല്‍ ഓഫീസര്‍ അശ്വിന് പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Jul 5, 2025 | Latest News, കേരളം
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചമുത്തി. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34)യാണ് വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്.
ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. ടോണി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കും.ജൂണ്‍ 26-നാണ് വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ജോര്‍ളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടോണിയുടെ പീഡനത്തെത്തുര്‍ന്ന് മകള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛന് ജോണ്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ജോര്‍ലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്. 20 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോണ്‍ ആദ്യം നല്കി. പിന്നീടു പലപ്പോഴായി 4 ലക്ഷം രൂപയും നല്കി. ഇതെല്ലാം തടിപ്പണിക്കാരനായ ടോണി മദ്യപാനത്തിലൂടെയും ധൂര്‍ത്തിലൂടെയും ചെലവഴിച്ചു.
28-നാണ് യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. യുവതിയും ഭര്‍ത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടിന് പിന്നിലെ ചായ്പില്‍വെച്ചാണ് സംഭവം. ‘നിന്നെ ഞാന്‍ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളില്‍ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ്’ ജോര്‍ളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്ന സംസ്ഥാന സര്‍ക്കാരിന് കൈമാറും. ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാവും സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.
മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. ‘ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ‘ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’- കുറിപ്പില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. 72,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന് വിലയില്‍ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ ശേഷമാണ് വിപണിയില്‍ ഇന്ന് വര്‍ധനവിന്റെ സൂചന കാണിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഏകദേശം അഞ്ചുദിവസത്തിനിടെ 1500 രൂപ വര്‍ധിച്ചിരുന്നു. അരിന്‍ ശേഷം ഇന്നലെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് വിലയില്‍ നേരിയ വര്‍ധനവാണ് കണ്ടത്.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. തുടര്‍ന്ന് ഈ മാസം ഒന്നുമുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.
by Midhun HP News | Jul 4, 2025 | Latest News, കേരളം
തൃശൂര്‍: 2024ലെ കേരള സാഹിത്യ അക്കാദമിയുടെ എം അച്യുതന് എന്‍ഡോവ്മെന്റിന് രാഹുല്‍ രാധാകൃഷ്ണന്റെ ഉയിര്‍ഭൂപടങ്ങള്‍ എന്ന ഗ്രന്ഥം അര്‍ഹമായതായി അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. അന്‍പത് വയസ്സില്‍ താഴെയുള്ളവര്‍ രചിക്കുന്ന മികച്ച സാഹിത്യ നിരൂപണ കൃതിക്കുള്ളതാണ് ഈ എന്‍ഡോവ്മെന്റ്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സാഹിത്യ അക്കാദമിയുടെ മറ്റ് പുരസ്കാരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Recent Comments