ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വൊള്ളം പൊങ്ങുകയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കുറഞ്ഞത് 400 പേരെങ്കിലും സ്ഥലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിലിനായി ഒമ്പത് രക്ഷാസംഘം, 14 ഹെലികോപ്റ്ററുകള്‍, 12 ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ചിലരെ മരങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ടെന്നും ഡാന്‍ ചാട്രിക് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. നടീൽ ഉത്സവം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാമിൽ പ്രിൻസിപ്പൽ ജവാദ്, എച്ച് എം അനിൽകുമാർ, പിടിഎ പ്രസിഡന്റ് സന്തോഷ്, പിടിഎ വൈസ് പ്രസിഡന്റ് ആശാദേവ്, പ്രോഗ്രാം ഓഫീസർമാരായ ജിമ്മി, ഡോക്ടർ ബിനു എസ് പി സി പ്രോഗ്രാം കോഡിനേറ്റർ ദിവ്യ, അധ്യാപകരായ ഡോക്ടർ മുഹമ്മദ് ഷജീർ, സിന്ധു, ജിഷ, വിപിൻകുമാർ, ഷീബ, ഷീജാകുമാരി എന്നിവരും പാടശേഖര സമിതി അംഗങ്ങളും പങ്കെടുത്തു.

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

ജൂലൈ 4 മുതല്‍ 7 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; നാളെ മുതല്‍ ചൊവ്വാഴ്ച വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും’; വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകള്‍, മുന്നറിയിപ്പുമായി പൊലീസ്

‘ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും’; വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകള്‍, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഈ ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം.

ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും.

ഓണ്‍ലൈന്‍ സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പൊലീസിനെ വിവരമറിയിക്കാം.

പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴിയെത്തുന്ന. apk (അപ്ലിക്കേഷന്‍) ഫയലുകളെ സൂക്ഷിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ നിന്നും ഇത്തരം ഫയലുകള്‍ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും. ശ്രദ്ധിക്കണേ..

ഓണ്‍ലൈന്‍ സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.

ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടി’; കര്‍ണാടകയെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടി’; കര്‍ണാടകയെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

ബംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 1998നും 2014നും ഇടയിലായിരുന്നു സംഭവം.

സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധര്‍മസ്ഥല പൊലീസ് പറഞ്ഞു. തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യപ്പെട്ട അദ്ദേഹം തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നല്‍കി.

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. ‘ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 1998ല്‍, എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍, ക്രൂരമായി ആക്രമിക്കപ്പെട്ടു,’ അദ്ദേഹം പരാതിയില്‍ പറഞ്ഞു.

തന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ‘മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെതായിരുന്നു. അതില്‍ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍പമ്പിന് 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ എന്നെ നിര്‍ബന്ധിച്ചു, അവയില്‍ ചിലത് കത്തിച്ചു’- അദ്ദേഹം പറഞ്ഞു.

‘2014-ല്‍, എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാളെ എന്റെ സൂപ്പര്‍വൈസറിന് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങള്‍ ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങള്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപാതകികളെ കണ്ടെത്തുകയുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്. അടുത്തിടെ ഞാന്‍ ധര്‍മസ്ഥലയില്‍ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതികള്‍ ധര്‍മ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്’- അദ്ദേഹം പറഞ്ഞു.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍: ദുരന്ത ബാധിതര്‍ക്കായി ഇതുവരെ ചെലവഴിച്ചത് 108. 21 കോടിയെന്ന് സർക്കാർ

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍: ദുരന്ത ബാധിതര്‍ക്കായി ഇതുവരെ ചെലവഴിച്ചത് 108. 21 കോടിയെന്ന് സർക്കാർ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയെന്ന് കണക്കുകള്‍. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ ശവസംസ്‌കാരം മുതല്‍ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുത്തത് വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ റവന്യൂമന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ചെലവിട്ട തുക സംബന്ധിച്ച് പ്രതികരിച്ചത്.

ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കി. ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കിയെന്നും മന്ത്രി അറിയിച്ചു.

ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

യോഗത്തില്‍ ജില്ലാ കലക്റ്റര്‍ ഡി ആര്‍ മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി പി, ചൂരല്‍മല പുനരധിവാസ സ്പെഷ്യല്‍ ഓഫീസര്‍ മന്‍മോഹന്‍ സി വി, ഡി ഡി എം എ സ്പെഷ്യല്‍ ഓഫീസര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.