ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വീണാ ജോര്‍ജ്

ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം:കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശി ഡി ബിന്ദു (52) മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കെട്ടിടം തകര്‍ന്ന് ബിന്ദു മരിച്ചത്. അപകടമുണ്ടായി രണ്ടേകാല്‍ മണിക്കൂറിനുശേഷമാണ് ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. സുരക്ഷിതമല്ലെന്ന് 12 വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു.

വീണ ജോര്‍ജിന്റെ കുറിപ്പ്

‘കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’.

‘വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി’; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

‘വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി’; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്റെ കുറിപ്പ്. വിഎസ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

കുറിപ്പ്:

ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. സിപിഐ(എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വര്‍ഷം ആ മനീഷിയുടെ കൈവിരല്‍ത്തുമ്പില്‍ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നില്‍ക്കുമ്പോള്‍ നാട്ടിലെത്തുക എന്നത് ഇതുവരെചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു.

ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോള്‍ രാജധാനിയില്‍ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചക്കകം തിരിച്ച് ചെന്ന് ആ കൈവിരല്‍ തൊടാമെന്ന് പ്രതീക്ഷിക്കുന്നു.

‘ഹോട്ടല്‍ തുറന്നത് 2016ല്‍, സംഭവം നടന്നത് 2012ലും’; രഞ്ജിത്തിനെതിരെയുള്ള പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

‘ഹോട്ടല്‍ തുറന്നത് 2016ല്‍, സംഭവം നടന്നത് 2012ലും’; രഞ്ജിത്തിനെതിരെയുള്ള പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി.

ആരോപണ വിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന താജ്‌ഹോട്ടല്‍ 2016ല്‍ മാത്രമാണ് തുറന്നതെന്നും, അത് തന്നെ കേസ് സത്യസന്ധമല്ലെന്ന് തെളിയിക്കാനുള്ള കാരണമാണെന്നും രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. പരാതി ഫയല്‍ ചെയ്യുന്നതിനായി 12 വര്‍ഷത്തെ കാലതാമസം ഉണ്ടായെന്നും എന്തുകൊണ്ടാണ് വൈകിയതെന്നതിന് വ്യക്തമായ കാരണം പോലും പറയാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി ആണ് രജ്ത്തിന് വേണ്ടി ഹാജരായത്.

2012ല്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് എന്ന സംവിധായകന്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. താജ്‌ഹോട്ടലിന്റെ നാലാം നിലയിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരന്റെ മൊഴി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377, സ്വകാര്യത ലംഘിക്കുന്നതിനുള്ള ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.

2012ല്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തിയത്.

അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.

പ്രതിഷേധാഗ്നിയില്‍ കേരളം; പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പ്രതിഷേധാഗ്നിയില്‍ കേരളം; പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്.

ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ഇതോടെ ബഹളമായി.

പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ക്യാബിനുള്ളില്‍ പ്രതിഷേധിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശ്ശൂരില്‍ യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രി രാജി പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമം നടന്നു.

പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയിലെ വീണാ ജോര്‍ജിന്റെ എംഎല്‍എ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കെ എസ് യു പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ കോലവുമായെത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഒരാഴ്ച നീളുന്ന തുടര്‍ ചികിത്സ

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഒരാഴ്ച നീളുന്ന തുടര്‍ ചികിത്സ

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബൈ വഴിയാണ് യാത്ര. ഒരാഴ്ചയിലേറെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങുമെന്നാണ് വിവരം

നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ യാത്ര നിശ്ചയിച്ചിരുന്നെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കാരണം നീട്ടിവയ്ക്കുകയായിരുന്നു.

മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ വാഹനത്തില്‍ പാമ്പ്; ശ്രദ്ധിക്കണമെന്ന ഉപദേശത്തിന് രസകരമായ കമന്റുകള്‍

മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ വാഹനത്തില്‍ പാമ്പ്; ശ്രദ്ധിക്കണമെന്ന ഉപദേശത്തിന് രസകരമായ കമന്റുകള്‍

മഴക്കാലത്ത് പാമ്പിനെ ഏറെ സൂക്ഷിക്കേണ്ടതാണ്. ചൂട് തേടി പാമ്പ് എവിടെ വേണമെങ്കിലും പതുങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഷൂസ് ഉപയോഗിക്കുമ്പോഴും വാഹനങ്ങള്‍ എടുക്കുമ്പോഴും പരിശോധിക്കാന്‍ മറക്കരുതെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോള്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ പാമ്പ് കയറിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡിനും ഡ്രൈവര്‍ സീറ്റിന് മുന്‍വശത്തുമായാണ് പാമ്പ് കിടന്നിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ മുഹ്സിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മഴക്കാലമായതിനാല്‍ പാമ്പുകള്‍ എവിടെയും കയറിയിരിക്കാമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കുറിച്ചു.

കാറിനകത്ത് ആയിരുന്ന പാമ്പ് ഡോര്‍ തുറന്നതോടെ പുറത്തേക്ക് വരികയും കാറിനു മുകളിലേക്ക് കയറുകയും ചെയ്തു. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. റോഡിലെ കുഴിയില്‍ വീണ് നട്ടെല്ലിന് പരിക്ക് പറ്റുന്ന സഹജീവികളുടെ നട്ടെല്ലിന്റെ കാര്യത്തില്‍ കൂടി താങ്കളുടെ ശ്രദ്ധ ഉണ്ടാകുമെന്ന് കരുതട്ടെ എന്ന തരത്തിലാണ് കമന്റുകള്‍ നിറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ശ്രദ്ധിക്കുക

മഴക്കാലമാണ്, പാമ്പുകള്‍ എവിടെയും കയറാം..

ഫോട്ടോ: ഇന്ന് പരിപാടികള്‍ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ അകത്തിരിക്കുന്ന ആളെ കണ്ടത്

എല്ലാവരും ശ്രദ്ധിക്കുക..