by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തിരച്ചില്‍ നടത്തുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. തിരച്ചില്‍ നിര്‍ത്തിവച്ചു എന്നുപറയുന്നത് രാഷ്ട്രീയ ആരോപണമാണെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
മണ്ണ് മാറ്റി തിരച്ചില്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയത് താനാണെന്നും വാസവന്‍ പറഞ്ഞു. അവിടെ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഉപയോഗശൂന്യമായ കെട്ടിടമെന്ന് പറഞ്ഞതെന്നും വാസവന്‍ പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ടാണ് ആരോഗ്യമന്ത്രിയോട് ആ കെട്ടിടം ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം മെഡിക്കല്‍ സൂപ്രണ്ടിനെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ കള്ളം പറയുന്ന ഒരാളല്ല. ഇന്ന് വൈകീട്ട് ബിന്ദുവിന്റെ വീട്ടിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എംഎല്‍എയും പ്രവര്‍ത്തകരുമാണ് ആംബുലന്‍സിന് വിലങ്ങിട്ടത്. പ്രതിപക്ഷം സംഭവത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുകയെന്നതാണ് പലരുടെയും നിലപാടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിന് പിന്നാലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നു. മൂന്ന് ഡിമാന്റുകളാണ് അവര്‍ ആവശ്യപ്പെട്ടത്. കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം. കുടുംബത്തിന് ധനസഹായം വേണം, ഭാവിയെ സംബന്ധിച്ച സുരക്ഷിതത്വം എന്നിവയായിരുന്നു അവ. അക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അവരെ അറിയിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
അതേസമയം, ബിന്ദുവിന്റെ മൃതദേഹം രാവിലെ എട്ടരയോടെ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകള്‍ കഴുത്തില്‍ കോളര്‍ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാന്‍ നൂറുക്കണക്കിന് ആളുകളാണ് വീട്ടിലേക്കെത്തുന്നത്. 11 മണിയോടെയാകും വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുക.
by Midhun HP News | Jul 4, 2025 | Latest News, കേരളം
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പ്രാഥമിക പരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.
അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലം ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.
പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.
by Midhun HP News | Jul 4, 2025 | Latest News, കേരളം
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് സിപിഎം പ്രാദേശിക നേതാവ്. ‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്.’ എന്നാണ് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ഫെയ്സ്ബുക്കിൽ കുറിച്ചത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രിയെ മറ്റൊരു സിപിഎം നേതാവ് അഡ്വ. എൻ രാജീവ് പരോക്ഷമായി പരിഹസിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും’ എന്നാണ് രാജീവിന്‍റെ പരിഹാസം.
മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് എൻ രാജീവ്. പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ ആയിരുന്നു. അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ആരോപണത്തെത്തുടർന്ന് എൻ രാജീവിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്പെൻഡു ചെയ്തിരുന്നു.
by Midhun HP News | Jul 4, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിക്കും. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിക്കും. അതേസമയം അപകടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും, മകള്‍ക്ക് ജോലിയും നല്‍കണണെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ, അടച്ചിട്ട കെട്ടിടമാണ് തകര്‍ന്നതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഒരുക്കിയിരിക്കുന്നത്.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ ഝാര്‍ഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. ഇതില്‍ 6,254 പേര്‍ മറ്റു ജില്ലകളില്‍കൂടി അപേക്ഷിച്ചവരാണ്. അലോട്ട്മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.
അലോട്ട്‌മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 84 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 334 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്.
പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒമ്പതുമുതല്‍ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന് അവസരം നല്‍കും. ഇതുവരെ മെറിറ്റില്‍ 2,68,584 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. അണ്‍ എയ്ഡഡ് ഉള്‍പ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണില്‍ പ്രവേശനം നേടിയത്.
Recent Comments