നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റില്‍. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്കാണ് നായാട്ടിനായി ബന്ധുക്കളായ മൂവര്‍ സംഘം അനധികൃതമായി കടന്നത്. മദ്യലഹരിയിലായിരുന്നു ഇവര്‍ കാട്ടിലേക്ക് പോയത്.

വേട്ടയ്ക്കിടെ അനക്കം കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ എന്നയാള്‍ സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വനത്തിനുള്ളില്‍ വെച്ച് ഇവര്‍ വീണ്ടും മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

വെടിയേറ്റു വീണ സഞ്ജിത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന അന്‍സൂര്‍ സ്വദേശി എം പാപ്പയ്യന്‍, കാരമട വെള്ളിയങ്കാട് സ്വദേശി മുരുകേശന്‍ എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ ടോയ് കാറിനുള്ളിൽ കൂറ്റൻ രാജവെമ്പാല; ഞെട്ടിത്തരിച്ച് വീട്ടുകാർ

കുഞ്ഞിന്റെ ടോയ് കാറിനുള്ളിൽ കൂറ്റൻ രാജവെമ്പാല; ഞെട്ടിത്തരിച്ച് വീട്ടുകാർ

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ കുട്ടിയുടെ കളിപ്പാട്ടത്തിനിടയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

കുട്ടി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയില്‍ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
കണ്ണവം വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്. വീടിന് ഉള്ളില്‍ കിടന്ന ഇലക്ട്രിക് ടോയ് കാറിനുള്ളിലാണ് രാജവെമ്പാല ഒളിച്ചിരുന്നത്.

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു. ഫാമിലി ഹെൽത്ത് സെന്റർ ഇൻചാർജും, ഐ എം എ പ്രസിഡന്റുമായ ഡോ: രാമകൃഷ്ണ ബാബുവിനെയും ഡോക്ടർ ജാസ്മിനെയും ആണ് ആദരിച്ചത്. ചടങ്ങിൽ മണമ്പൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln.ഷിജു ഷറഫ്, Ln.പ്രസന്നൻ Ln.സുദർശനൻ ജോത്സ്യർ Ln.സുധാകരൻ Ln.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്.

നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്.

ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം.പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓടിച്ച് നോക്കാന്‍ ഉടമ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി

ഓടിച്ച് നോക്കാന്‍ ഉടമ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി

കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്‍ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ് കുമാറിന്. ബൈക്ക് വാങ്ങാനെത്തിയ ആള്‍ക്ക് വാഹനത്തിന്റെ കണ്ടീഷന്‍ അറിയാന്‍ വേണ്ടി താക്കോല്‍ കൊടുത്തതോടെയാണ് ട്വിസ്റ്റ്. വിരുതന്‍ കിട്ടിയ അവസരം മുതലെടുത്ത് ബൈക്ക് ഓടിച്ച് പോയി. രണ്ട് ദിവസം കഴിഞ്ഞ് കുറുപ്പംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്‌സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്‌സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്‌ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി പരിശോധിച്ചിട്ട് മതിയെന്ന് വിജയ്കുമാര്‍ വിളിച്ചയാളോട് പറയുകയും ചെയ്തു. നേരിട്ടെത്തിയ റിഫാസിന് ബൈക്ക് ഓടിച്ച് നോക്കാനായി വിജയ്കുമാര്‍ താക്കോല്‍ കൈമാറി. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ കാത്തിരുന്നിട്ടും ഇയാള്‍ തിരികെ വന്നില്ല. സംശയം തോന്നി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ ബന്ധപ്പെടാനും കഴിയുന്നില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് വിജയ്കുമാര്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

രേഖകളും വാഹനവും വിശദമായി പരിശോധിച്ച ശേഷമാണ് ഇയാള്‍ വാഹനം ഓടിച്ച് നോക്കാനായി താക്കോല്‍ വാങ്ങിയത്. എസ്എച്ച്ഒ വിഎം കെന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമിച്ചു.

ബൈക്കിന് ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ആയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിനും അത് ട്രാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാകുമെന്ന് കരുതി. ഇയാള്‍ക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ക്യാമറാമാൻ എ.ആര്‍.സുഭാഷ് അന്തരിച്ചു

ക്യാമറാമാൻ എ.ആര്‍.സുഭാഷ് അന്തരിച്ചു

ചേലക്കര: വെങ്ങാനെല്ലൂര്‍ കുടജാദ്രിയിൽ വീട്ടിൽ പരേതനായ കെ. ആറുമുഖൻ ചെട്ടിയാരുടെ മകൻ
എ.ആര്‍.സുഭാഷ്(47) അന്തരിച്ചു. നിരവധി സിനിമ, ഹ്രസ്വ ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.

അമ്മ: രത്നം
ഭാര്യ: മനോരഞ്ജിത
മക്കള്‍: നന്ദിനികൃഷ്ണ (യു.കെ. എംബിബിഎസ് വിദ്യാര്‍ഥിനി), അരുണ്‍ കൃഷ്ണാ(ബാംഗ്ലൂർ), വൈഗാകൃഷ്ണ
സഹോദരങ്ങൾ: സുരേഷ്, സുധീഷ്