ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍

ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്.) വഴി 100 ടണ്‍ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോര്‍ട്ടികോര്‍പ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വിപണികളില്‍ സവാള വില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോര്‍ത്ത് പറവൂര്‍ തുടങ്ങിയ വിപണികളില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതല്‍ 80 വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വിപണികള്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കും. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടല്‍ വ്യാപിപ്പിക്കും.

നാസിക്, കര്‍ണാടക ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദന കേന്ദ്രങ്ങളിലെ വിലവര്‍ധന, മൊത്തവ്യാപാരികളുടെ സംഭരണം, കര്‍ഷകരില്‍ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവര്‍ധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതല്‍ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ ഔട്ട്‌ലെറ്റുകളും വില്‍പ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാന്‍ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സംഭരണ സൗകര്യങ്ങള്‍ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകള്‍ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയില്‍ 38 ശതമാനം വരെ കുറവ് വരുത്താന്‍ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉല്‍പാദന കേന്ദ്രങ്ങളില്‍ പോലും വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു.

ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

കഠ്മണ്ഡു: പ്രളയക്കെടുതിയുടെ അതീജീവനത്തിന്റെ പ്രതീകമാണ് നേപ്പാളിലെ ദേവിഘട്ട് സ്വദേശിയായ 97കാരി ഗുണ മായ ബൊഹാര. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ ഇവരെ വയോധിക കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. ശരീരമാസകലം ചെളിയില്‍ മൂടിയ നിലയിലായിരുന്നു ഇവര്‍.

ദേവിഘട്ടിലെ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ഫൗണ്ടേഷനിലെ അന്തേവാസിയാണ് മായ ബൊഹാര. ഒപ്പമുണ്ടായിരുന്ന ഏഴ് പേകെ മിന്നല്‍ പ്രളയത്തില്‍ കാണാതായി. മുറിക്കുള്ളില്‍ വെള്ളം കയറിയപ്പോള്‍ മണിക്കൂറുകള്‍ നേരം തല വെള്ളത്തിന് മേലേ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുകയായിരുന്നു.

കഴുത്തോളം ചെളിയില്‍ പുരണ്ട് ജെസിബിയുടെ തൊട്ടിയിലിരിക്കുന്ന ഇവരുടെ ചിത്രം ലോകമെമ്പാടുമുള്ളവരെ അതിശയിപ്പിച്ചിരുന്നു. നിലവില്‍ മറ്റ് അതിജീവിതര്‍ക്കൊപ്പം കാഠ്മണ്ഡുവിലെ താല്‍ക്കാലിക ഷെല്‍ട്ടറില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മിന്നല്‍പ്രളയത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരുമുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വയേധിക കേന്ദ്രത്തിലെ ഒരു അന്തേവാസി പറയുന്നു. പ്രഭാതഭക്ഷണ സമയത്താണ് മേല്‍ക്കൂര കുലുങ്ങുന്നതായി കണ്ടത്. ഞങ്ങള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു, എന്നാല്‍ ആറോ ഏഴോ പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല,’ അദ്ദേഹം പറഞ്ഞു.

പ്രളയം ബാധിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞതെന്ന് ഒരു സന്നദ്ധ പ്രവര്‍ത്തക പറഞ്ഞു. വെള്ളം ഒഴുകിപ്പോയെങ്കിലും അവിടെയാകെ ചെളിയില്‍ മുങ്ങിപ്പോയിരന്നു. അവിടെ നിന്നും വയോധികരെ രക്ഷപ്പെടുത്തി പ്രാദേശിക ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും സന്നദ്ധ പ്രവര്‍ത്ത പറഞ്ഞു. അവിടെ നിന്ന് അവരെ വിമാനമാര്‍ഗം കഠ്മണ്ഡുവില്‍ എത്തിച്ച് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചു. ഇവിടെ ഭക്ഷണം, വസ്ത്രങ്ങള്‍, നഴ്‌സിങ് പരിചരണം, വൈദ്യപരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവര്‍ക്കായി ഒരുക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട് മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാർ നടത്തിവന്ന അനിശ്ചിതകാല സമരം വിജയകരമായ ഒത്തുതീർപ്പിലേക്ക്. സമരത്തിന്റെ മൂന്നാം നാൾ മെഡിക്കൽ കോളജ് ഡയറക്ടർ നേരിട്ടെത്തി നടത്തിയ സമവായ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള അനുകൂല സാഹചര്യം തെളിഞ്ഞതെന്ന് സമരത്തിന് നേതൃത്വം നൽകിയ ഡോ. ഫെബിൻ അറിയിച്ചു. ആശുപത്രിയിലുണ്ടായത് ഭരണപരമായ തകരാറാണെന്ന് വിലയിരുത്തിയ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരസ്യമായി സമ്മതിച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി.

മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിന് ഉത്തരവാദികളായ മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, ആർഎംഒ , എആർഎംഒ എന്നിവർ തങ്ങളുടെ രാജിക്കത്ത് കൈമാറി. ഇവരുടെ രാജി ഡയറക്ടർ സ്വീകരിക്കുകയും തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ രാജി കൊണ്ടുമാത്രം പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെടില്ലെങ്കിലും, ജനങ്ങളുടെ മുന്നിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ തുറന്നുകാട്ടാൻ ഇത് അനിവാര്യമായിരുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളേജ് സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ വിദ്യാർത്ഥികളുടെയും ഹൗസ് സർജന്മാരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഡയറക്ടർ ഉറപ്പുനൽകി. ഈ സമിതി പ്രതിദിനം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.അത്യാഹിത വിഭാഗത്തിലും ഫാർമസിയിലും അത്യാവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കുറവ് മൂന്ന് ദിവസത്തിനകം പരിഹരിക്കും.പ്രവർത്തനരഹിതമായ എക്സ്-റേ മെഷീന്റെ ബാറ്ററി അടിയന്തരമായി മാറ്റിവെക്കും.ലാബ് അസിസ്റ്റന്റ്, എക്സ്-റേ-ലാബ് ടെക്നീഷ്യൻ തുടങ്ങിയ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്താൻ മന്ത്രിതലത്തിൽ അടിയന്തര ഇടപെടൽ നടത്തും.ഇതുസംബന്ധിച്ച് ഡയറക്ടർ ഒപ്പിട്ട ഉറപ്പുകളുടെ പകർപ്പ് സമരക്കാർക്ക് കൈമാറിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ ഇടപെടലോടെയാണ് മൂന്നാം നാളിൽ മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായതെന്ന് ഡോക്ടർമാർ പറഞ്ഞു. സമരത്തിൽ ഇടപെട്ട വി.കെ. ശ്രീകണ്ഠൻ എം.പിയുടെ സദുദ്ദേശത്തെ മാനിക്കുന്നുവെങ്കിലും, സമരം നടത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടായതാണ് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. സമരം നടത്തുന്നത് ഹൗസ് സർജൻസ് അസോസിയേഷനാണെന്നും ഇതിന് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും ഡോ. ഫെബിൻ വ്യക്തമാക്കി.

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍ ത്രാള്‍ ആര്‍എസ്എസ് അനുഭവമുള്ള സിനിമായണെന്നുള്ള സൗണ്ട് ഡിസൈനര്‍ അജയന്‍ അടാട്ടിന്റെ കമന്റ് വിവാദമായിരുന്നു. അജയന് മറുപടിയുമായി സംവിധായകന്‍ രതീഷ് വേഗയും നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പത്രക്കുറിപ്പിലൂടെ അണിയറ പ്രവര്‍ത്തുകരുടെ ഔദ്യോഗിക പ്രതികരണം.

‘ഓപ്പറേഷന്‍ ത്രാള്‍’ ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു കഥയാണിതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ചലച്ചിത്ര രംഗത്ത് നിന്ന് അവാര്‍ഡ് നേടിയിട്ടുള്ള ഒരു വ്യക്തിയില്‍ നിന്ന് ഇത്തരമൊരു കമന്റ് വന്നത് ഏറെ ദൗര്‍ഭാഗ്യകരമായി തോന്നുന്നുവെന്നും അവര്‍ പറയുന്നു.

ഓപ്പറേഷന്‍ ത്രാള്‍’ ടീമില്‍ നിന്നുള്ള ഔദ്യോഗിക പത്രക്കുറിപ്പ്

‘ഓപ്പറേഷന്‍ ത്രാള്‍’ എന്നത് ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ദേശീയ സുരക്ഷ, ധീരത, അതുപോലെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും മാറ്റിവെക്കുന്ന മനുഷ്യരുടെ കഥ പറയുന്നതുമായ ഒരു സിനിമയാണ്. നമ്മുടെ ദേശീയ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ‘ഓപ്പറേഷന്‍ ത്രാള്‍’ ആശയം ഉള്‍ക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്.

അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ അധിക്ഷേപകരവും രാഷ്ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമന്റുകള്‍ വന്നത് തികച്ചും നിരാശാജനകമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും ആശയപരമായ വിശ്വാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ക്ക് എന്നും നിലനില്‍ക്കാന്‍ കഴിയുന്ന ഒരു ഇടമാണ് സിനിമ. എന്നാല്‍ വിയോജിപ്പുകള്‍ എന്നത് ഒരിക്കലും അധിക്ഷേപകരമോ മോശമോ ആയ ഭാഷ ഉപയോഗിക്കാനുള്ള കാരണമാകരുത്; പ്രത്യേകിച്ച് ഒരു സിനിമയെയും, അതിനുവേണ്ടി സ്വന്തം സമയവും അധ്വാനവും ആത്മാര്‍ത്ഥതയും നല്‍കിയ ആളുകളെയും ലക്ഷ്യമിടുമ്പോള്‍.

ചലച്ചിത്ര രംഗത്ത് നിന്ന് അവാര്‍ഡ് നേടിയിട്ടുള്ള ഒരു വ്യക്തിയില്‍ നിന്ന് ഇത്തരമൊരു കമന്റ് വന്നത് ഏറെ ദൗര്‍ഭാഗ്യകരമായി തോന്നുന്നു. സ്വന്തം കഴിവിനും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ച ഒരാളില്‍ നിന്നുള്ള പദവിയും അനുഭവസമ്പത്തും, മറ്റുള്ളവരുടെ ജോലിയോടും തെരഞ്ഞെടുപ്പുകളോടും ബഹുമാനം പുലര്‍ത്തുന്നതിലൂടെയാണ് പ്രതിഫലിക്കേണ്ടത്. ‘ഓപ്പറേഷന്‍ ത്രാള്‍’ ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു കഥയാണിത്.

വ്യത്യസ്തമായ അഭിപ്രായങ്ങളെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുകയും ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ അധിക്ഷേപങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും, ഒരു സിനിമയ്ക്കു പിന്നിലെ ആത്മാര്‍ത്ഥമായ ശ്രമത്തെ വെറുമൊരു രാഷ്ട്രീയ അധിക്ഷേപമായി മാറ്റുന്നതിനെയും ഞങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടെ സിനിമയ്‌ക്കൊപ്പവും, അതിന്റെ ലക്ഷ്യത്തിനൊപ്പവും, ഞങ്ങള്‍ പറയാന്‍ തിരഞ്ഞെടുത്ത കഥയ്‌ക്കൊപ്പവും ഉറച്ചുനില്‍ക്കുന്നു. ഇന്ത്യയ്ക്ക് പ്രഥമസ്ഥാനം. കഥയ്ക്ക് പ്രഥമസ്ഥാനം. ഉറച്ച ബോധ്യത്തോടെയുള്ള സിനിമയ്ക്കും.

ശബരിമലയിലെ ഓണസദ്യ: ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡന്റിനുമിടയിൽ പോര് രൂക്ഷം

ശബരിമലയിലെ ഓണസദ്യ: ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡന്റിനുമിടയിൽ പോര് രൂക്ഷം

തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ നാളിൽ അയ്യപ്പഭക്തർക്ക് ഓണസദ്യ നൽകിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ദേവസ്വം മന്ത്രി കെ. മുരളീധരനും തമ്മിൽ പരസ്യ വാക്പോര്. ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ സാധാരണ ഭക്തർക്ക് പുലാവ് മാത്രമാണ് നൽകിയതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, ശബരിമലയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രിക്കു ലഭിച്ചത് തെറ്റായ വിവരമാണെന്നും ബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു.

വർഷങ്ങളായി ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് ശബരിമലയിലെത്തുന്ന ഭക്തർക്ക് പരമ്പരാഗത രീതിയിൽ ഓണസദ്യ നൽകിവരുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ സദ്യ വിതരണത്തിൽ വിവേചനവും അനാസ്ഥയും ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്.

ശബരിമലയിൽ ഓണസദ്യ വിതരണത്തിൽ വീഴ്ചയുണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് ടിഡിബി പ്രസിഡന്റ് കെ ജയകുമാർ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് താനിത് വ്യക്തമാക്കുന്നത്. തിരുവോണ ദിനത്തിൽ 3,000-ത്തോളം പേർക്ക് പരമ്പരാഗത സദ്യ നൽകിയിട്ടുണ്ട്. പലരും പലരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് മന്ത്രിക്കും തെറ്റായ റിപ്പോർട്ട് ലഭിച്ചത്. സംഭവത്തിൽ യാതൊരു തരത്തിലുള്ള ഭരണപരമായ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് സർക്കാരിനോട് വിശദീകരിക്കാൻ ബോർഡിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻകാലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സന്നദ്ധത പ്രകടിപ്പിച്ചാണ് സദ്യ നടത്തിപ്പിൽ പങ്കാളികളായിരുന്നത്. എന്നാൽ ഇത്തവണ അവരെ നിർബന്ധിക്കാൻ സാധിക്കില്ലായിരുന്നു. മേൽശാന്തിയും താല്പര്യം കാണിക്കാതിരുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യയൊരുക്കാനുള്ള ചുമതല ഏറ്റെടുത്തതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വിശദീകരണത്തെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് മന്ത്രി കെ. മുരളീധരൻ സ്വീകരിച്ചത്. ശബരിമലയിൽ രണ്ട് തരം ഭക്ഷണമാണ് വിളമ്പിയതെന്ന് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഭക്തർ തനിക്ക് അയച്ചുതന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബോർഡിന് എന്തും അവകാശപ്പെടാമെങ്കിലും കാര്യങ്ങൾ നടന്നത് അങ്ങനെയല്ല.

ചോറിലേക്ക് മഞ്ഞക്കറി ഒഴിച്ച് നൽകിയതിനെയാണ് അവർ ‘പുലാവ്’ എന്ന് വിശേഷിപ്പിച്ചത്. ഭക്തർക്ക് വിളമ്പുന്ന ഓണസദ്യ ഇങ്ങനെയല്ല ഉണ്ടാക്കേണ്ടത്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ പതിവായി നടന്നുപോന്നിരുന്ന ആചാരപരമായ സദ്യ തിരുവോണ ദിനത്തിലേക്ക് മാത്രമായി വെട്ടിച്ചുരുക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. പരമ്പരാഗതമായി തുടർന്നുപോരുന്ന രീതികൾ അട്ടിമറിച്ചതുകൊണ്ട് എന്ത് നേട്ടമാണുണ്ടായത്? ദേവസ്വം ബോർഡ് ഈ അബദ്ധം തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ബന്ധം പുതിയ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്നാമനായ സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സബീൻ, റിൻഷാദ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു സംഭവം. മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൂന്ന് യുവാക്കളുമായി ഹെൽമെറ്റ് പോലും ധരിക്കാതെ അമിതവേഗത്തിലാണ് ബൈക്ക് പാഞ്ഞെത്തിയത്. തെറ്റായ ദിശയിലൂടെ വന്ന വാഹനം റോഡിൽ നിന്ന തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിരെ വന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സബീനും റിൻഷാദും തൽക്ഷണം രക്തംവാർന്ന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലും ആന്തരികാവയവങ്ങളിലും ഗുരുതരമായ രക്തസ്രാവമുള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടസ്ഥലത്ത് നടത്തിയ പരിശോധനയിൽ റോഡിൽ ചിതറിവീണ നിലയിൽ നിരവധി സിഗരറ്റ് പാക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. വാഹനാപകടത്തിന് തൊട്ടുമുൻപായി പ്രദേശത്തെ ഒരു പെട്ടിക്കട കുത്തിത്തുറന്ന് യുവാക്കൾ സിഗരറ്റ് മോഷ്ടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ബൈക്കിൽ അതിവേഗം കടന്നുകളയാൻ ശ്രമിച്ചതും ദുരന്തം സംഭവിച്ചതും. അപകടത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.