മെസി വിവാദം: എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

മെസി വിവാദം: എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.ക്രൈംബ്രാഞ്ചിലെയും വിജിലൻസിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്. അന്വേഷണ സംഘത്ത പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് ഉടൻ പുറത്തിറക്കും.

മെസിയുടെയും അർജന്റീന ദേശീയ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കായിക വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി വിഡി സതീശൻ വിഷയം ഗൗരവകരമാണെന്ന് വിലയിരുത്തുകയും തുടർനടപടികൾക്കായി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ സമഗ്രമായ ക്രിമിനൽ അന്വേഷണം അനിവാര്യമാണെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയത്.

മെസിയെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഘട്ടം മുതലുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഉത്തരവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. നടന്ന മുഴുവൻ പണമിടപാടുകളും സാമ്പത്തിക ഉറവിടങ്ങളും പരിശോധിക്കും. വിഷയത്തിൽ കായിക വകുപ്പും ഇഡിയും നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകൾ കൂടി എസ്ഐടിയുടെ അന്വേഷണ പരിധിയിൽ വരും.

ജാമ്യ ‘വ്യവസ്ഥയില്ല’, ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്‌കീം

ജാമ്യ ‘വ്യവസ്ഥയില്ല’, ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്‌കീം

കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. കെഎസ്എഫ്ഇയുടെ ഏറ്റവും ആകര്‍ഷകമായ സ്‌കീം ചിട്ടി തന്നെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടക്കുന്ന ഒരേയൊരു ചിട്ടി സ്ഥാപനമാണ് കെഎസ്എഫ്ഇ. എന്നാല്‍ വിളിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും കനത്ത ജാമ്യ വ്യവസ്ഥയും കാരണം പലരും കെഎസ്എഫ്ഇ ചിട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാറുണ്ട്.

എന്നാല്‍ ചിട്ടി വിളിച്ചെടുക്കുന്നവര്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ വന്‍ ഇളവ് നല്‍കുന്ന ഒരു ആകര്‍ഷകമായ സ്‌കീം കെഎസ്എഫ്ഇയ്ക്ക് ഉണ്ട്. കെഎസ്എഫ്ഇയുടെ ‘ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് ‘ സ്‌കീം വഴി ആകര്‍ഷകമായ 8.5 ശതമാനം പലിശ ലഭിക്കും. സാധാരണനിലയില്‍ ഒരു കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുക്കുക എന്നത് സാധാണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനു കാരണം കടുത്ത ജാമ്യ വ്യവസ്ഥകള്‍ തന്നെയാണ്.

ചിട്ടി വിളിച്ചെടുത്താല്‍ ബാക്കിയുള്ള മാസങ്ങളിലെ പ്രതിമാസ തവണകള്‍ വിളിച്ചെടുക്കുന്നവര്‍ കൃത്യമായി അടയ്ക്കുമെന്ന് കെഎസ്എഫ്ഇക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ജാമ്യം നില്‍ക്കുന്നത് അടക്കമുള്ള ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കേണ്ടതായി വരും. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടി വരിക. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി വില്ലേജ് ഓഫീസില്‍ നിന്നുള്ള നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍, ബാങ്കിലോ, കെഎസ്എഫ്ഇയിലോ ഉള്ള സ്ഥിര നിക്ഷേപ രേഖകള്‍, എല്‍ഐസി പോളിസികള്‍, സ്വര്‍ണം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ചിട്ടി വിളിച്ചെടുക്കാവുന്നതാണ്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഇതെല്ലാം ഒഴിവാക്കാന്‍ സാധിക്കും.

ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ്

മുകളില്‍ പറഞ്ഞ പല നിബന്ധകളും സാധാരണക്കാരെ കൊണ്ട് ഉറപ്പാക്കാന്‍ സാധിച്ചെന്നു വരില്ല. ശമ്പള സര്‍ട്ടിഫിക്കറ്റോ, വസ്തു ജാമ്യമോ പോലുള്ള പരമ്പരാഗത ജാമ്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക്, മറ്റ് പുറത്തുനിന്നുള്ള ജാമ്യങ്ങള്‍ ഒഴിവാക്കാന്‍ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്‌കീം പ്രയോജനപ്പെടുത്തുമ്പോള്‍ ചിട്ടിപ്പണം മുഴുവനായി കൈയിലേക്ക് ഉടന്‍ കിട്ടിയില്ലെന്നു വരാം. പക്ഷെ ജാമ്യം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ചിട്ടിപ്പണം കെഎസ്എഫ്ഇയില്‍ കുടുങ്ങില്ലെന്ന് ഉറപ്പിക്കാം.

ഇവിടെ ബാക്കി തുകയ്ക്ക് തുല്യമായ പണം കെഎസ്എഫ്ഇയില്‍ തന്നെ ഒരു പ്രത്യേക നിക്ഷേപമായി നിക്ഷേപിക്കണം. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ഒരു ചിട്ടി വിളിച്ചെടുത്തെന്ന് കരുതുക. ഭാവി ബാധ്യത (ബാക്കി അടയ്ക്കാനുള്ള തുക) 3 ലക്ഷം രൂപയാണെന്ന് കരുതുക. ഈ 3 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റണം. അതായത് 2 ലക്ഷം രൂപയാകും ഉടനടി കൈയ്യില്‍ കിട്ടുക.

മൂന്ന് ലക്ഷം രൂപ കുടുങ്ങിയെന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 8.5% പലിശ കിട്ടും. ഈ പലിശ ഉപയോഗിച്ച് ചിട്ടിയുടെ പ്രതിമാസ തവണകള്‍ വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചുപോകാന്‍ സാധിക്കും. ചിട്ടി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അസ്സല്‍ തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുകയും ചെയ്യും. ജാമ്യം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും ഇത് വലിയൊരു ആശ്വാസമാണ്.

സ്‌കീമില്‍ നിക്ഷേപിച്ച തുകയില്‍ നിന്നുള്ള പലിശ നേരിട്ട് ചിട്ടി അടവിലേയ്ക്ക് പോകും. അതിനാല്‍ തന്നെ അടവ് തുകയ്ക്കായി അധികം ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ചിട്ടി കാലാവധി തീരുമ്പോള്‍ നിക്ഷേപിച്ച തുക മുഴുവനായി കൈയില്‍ കിട്ടും.

സ്‌കീം ഉപയോഗിക്കുന്ന പക്ഷം ചിട്ടി വിളിച്ചെടുക്കുമ്പോള്‍ മുഴുവന്‍ പണവും പെട്ടെന്ന് കയ്യില്‍ കിട്ടില്ല. അതിനാല്‍ മുഴുവന്‍ പണവും ആവശ്യമുള്ളവര്‍ക്ക് ഈ സ്‌കീം നേട്ടമാകില്ല. ചിട്ടി കാലാവധി തീരുന്നതിന് മുമ്പ് ഈ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതിന് പകരമായി മറ്റ് ജാമ്യങ്ങള്‍ (ശമ്പള സര്‍ട്ടിഫിക്കറ്റോ വസ്തുവോ) ഹാജരാക്കേണ്ടി വരും. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ തുക ആദായ നികുതി പരിധിക്ക് മുകളിലാണെങ്കില്‍ നികുതി ബാധ്യതകള്‍ ഉണ്ടായേക്കാം.

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ദമ്പതികള്‍ എന്നവകാശപ്പെടുന്ന രണ്ടുപേരെ 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ ബാങ്കോക്ക് കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആലുവ പൊലീസ് ഈ മാഫിയയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ മൂന്നുപേരുടെ അടക്കം നാലു വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. പാലക്കാട് സ്വദേശികളായ അബു താഹിര്‍, ഹരികൃഷ്ണന്‍, കോഴിക്കോട് സ്വദേശികളായ ജയ്‌സല്‍, ജഗത് എന്നിവരുടെ വീടുകളിലാണ് പരിശോധന. ഇതില്‍ ജയ്‌സല്‍ ഇതുവരെ പിടിയിലായിട്ടില്ല. ഇയാളാണ് ബാങ്കോക്കിലിരുന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കോടികളുടെ ഇടപാടാണ് ഇവര്‍ വിമാനത്താവളം വഴി നടത്തിയിട്ടുള്ളതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ആളുകളെ റിക്രൂട്ട് ചെയ്ത് ഇവര്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കി വിദേശത്തെത്തിച്ച്, മയക്കുമരുന്ന് വിമാനത്താവളം വഴി കടത്തുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനരീതി. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.

തായ്ലന്‍ഡില്‍ ഹൈഡ്രോപോണിക് രീതികള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ലഹരിക്കടത്തിലൂടെ വലിയ തോതില്‍ പണം മയക്കുമരുന്ന് സംഘം സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേസ് രജിസ്റ്റര്‍ ചെയ്താണ് ഇഡി റെയ്ഡ് നടത്തുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജലാലുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിസൺ ഓഫീസർ ജിഷ്ണുവിനെതിരെയാണ് വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ടൗൺ പൊലീസ് നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ ജൂൺ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും ജലാലുദ്ദീൻ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ പ്രിസൺ ഓഫീസർ ജിഷ്ണു, ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും അകാരണമായി തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലക ശില്‍പങ്ങളിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജൂലൈ 23-ാം തീയതി പ്രശാന്തിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. അജികുമാറിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരുന്നു അന്ന് ജാമ്യം നല്‍കിയത്.

2025ല്‍ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ പുറത്തേക്ക് കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്‌ഐടി ഇരുവരെയും അറസ്റ്റ് ചെയ്തത്. 17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി എന്നാണ് എസ്‌ഐടിയുടെ വാദം. അതുമൂലം ദ്വാരപാലക താങ്ങുപീഠപാളികളില്‍ നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗ്നമായ നിലയില്‍; കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയുടെ മൃതദേഹം, ദുരൂഹത

നഗ്നമായ നിലയില്‍; കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയുടെ മൃതദേഹം, ദുരൂഹത

കൊച്ചി: എറണാകുളം കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഫ്‌ലോറന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നാണ് വിവരം. പ്രദേശത്ത് ലോട്ടറി വില്‍പ്പന നടത്തിയായിരുന്നു ജീവിച്ചിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. നാലു മുതല്‍ 5 ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍, ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി.