തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് 58.50 രൂപ കുറച്ചു

പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് 58.50 രൂപ കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.

പുതിയ വില അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1665 രൂപയായി കുറഞ്ഞിട്ടുണ്ട്. വില കുറയ്ക്കാനുള്ള തീരുമാനം ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ ആശ്വാസകരമാണ്. ജൂണ്‍ മാസത്തില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 24 രൂപ കുറച്ചിരുന്നു. വാണിജ്യ സിലിണ്ടര്‍ വില ഇതോടെ 1,723.50 രൂപയായിരുന്നു. നിശ്ചയിച്ചിരുന്നു. അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു.

ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.

1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

പൊലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു ശേഷമാണ് ചുമതലയേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.

പൊലീസ് മേധാവി സ്ഥാനത്തേക്ക് റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ആ പട്ടികയിലെ രണ്ടാമത്തെ പേരുകാരനാണ് റവാഡ ചന്ദ്രശേഖര്‍. ഡിജിപി നിതിന്‍ അവര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍. നിതിന്‍ അഗര്‍വാള്‍ നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറും, യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയുമാണ്.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്‌തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തിയ്യതി തന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കല്ലമ്പലത്ത് വാഹന അപകടത്തിൽ ദമ്പതികൾ മരണപെട്ടു

കല്ലമ്പലത്ത് വാഹന അപകടത്തിൽ ദമ്പതികൾ മരണപെട്ടു

കല്ലമ്പലത്ത് വാഹന അപകടത്തിൽ ദമ്പതികൾ മരണപെട്ടു. കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . പരവൂർ സ്വദേശിയായ ശ്യാം ശശിധരൻ, ഭാര്യ ഷീന എന്നിവരാണ് മരണപ്പെട്ടത്.

കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷീന തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികൽസയിയിലിരിക്കെ മരണപ്പെട്ടു.

ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബ്, എ എൻ സി എന്നിവയുടെ  ഉദ്ഘാടനം നടന്നു

ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബ്, എ എൻ സി എന്നിവയുടെ ഉദ്ഘാടനം നടന്നു

ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ ‘ലഹരിക്കെതിരെ നമ്മൾ’ ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാലയത്തിന്റെ വിമുക്തി ക്ലബ്ബ്, ആൻറി നാർക്കോട്ടിക് ക്ലബ് (ANC)എന്നിവയുടെ ഉദ്ഘാടനം നഗരസഭസഭ ചെയർപേഴ്സൻ അഡ്വ. എസ് കുമാരി നിർവഹിച്ചു.

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കാൻ രവികുമാർ രചിച്ച പാഠശാലയിലെ പനങ്കിളികൾ എന്ന ബാലസാഹിത്യകൃതിയുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഉദയകുമാരി, ഹെഡ്മാസ്റ്റർ ഷാജി എ , വാർഡ് മെമ്പർ ബിനു, പിടിഎ പ്രസിഡൻറ് സന്തോഷ്,സ്കൂൾ സെക്രട്ടറി കീർത്തന, വിമുക്തി ക്ലബ് കൺവീനർ സുജ കെ എസ് എന്നിവർ സംസാരിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ഭീകരതയെക്കുറിച്ചും ലഹരി വിമുക്ത സമൂഹത്തിൻറെ മേന്മകളെ കുറിച്ചും രവികുമാർ പ്രഭാഷണം നടത്തി.