എൻ. സാബുവിന് ഭാരത്‌ സേവ പുരസ്കാരം

എൻ. സാബുവിന് ഭാരത്‌ സേവ പുരസ്കാരം

വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഭാരത്‌ സേവക് സമാജ് ഏർപ്പെടുത്തിയ ഭാരത്‌ സേവ ദേശീയ പുരസ്‌കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. നിരവധി മേഖലകളിൽ വ്യത്യസ്തമായ പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന മാതൃക അധ്യാപകനാണ് അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫിസർ കൂടിയായ ഇദ്ദേഹം കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഗാന്ധിദർശൻ പഠന പരിപാടിയുടെ ജില്ലാ കൺവീനറുമാണ്

വെടിനിർത്തൽ ധാരണയില്ലെന്ന് ഇറാൻ; ‘ആക്രമിച്ചത് ഖത്തറിന് നേർക്കല്ല, യുഎസിനുള്ള തിരിച്ചടി തുടരും’

വെടിനിർത്തൽ ധാരണയില്ലെന്ന് ഇറാൻ; ‘ആക്രമിച്ചത് ഖത്തറിന് നേർക്കല്ല, യുഎസിനുള്ള തിരിച്ചടി തുടരും’

ടെഹ്‌റാൻ : ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാൻ. ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചർച്ച ആരംഭിക്കാം. ചർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. യു എസ് സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണം വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടു.

വെടിനിർത്തൽ ധാരണ ഇതുവരെ ഇല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ഇറാൻ തിരിച്ചടിക്കില്ല. യുദ്ധം ആദ്യം തുടങ്ങിവെച്ചത് ഇസ്രയേൽ ആണെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ നടത്തിയ മിസൈലാക്രമണം സുഹൃദ് രാജ്യമായ ഖത്തറിനു നേരെയുള്ള ആക്രമണമല്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ വ്യക്തമാക്കി.

ജനവാസ മേഖലയില്‍നിന്ന് അകലെ സ്ഥിതി ചെയ്യുന്ന യു എസ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സുഹൃത്തും സഹോദര രാജ്യവുമായ ഖത്തറിനും ആ രാജ്യത്തെ ജനതക്കും ഈ നടപടി ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിനും തുടരുന്നതിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷ കൗണ്‍സില്‍ അറിയിച്ചു. അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു.

ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളാണ് യുഎസ് ബോംബർ വിമാനങ്ങൾ ആക്രമിച്ചത്. ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശം വിതച്ചുവെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. ഇതിനു തിരിച്ചടിയായാണ് ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ഇന്നലെ ആക്രമണം നടത്തിയത്. ബഷാരത്ത് അല്‍ -ഫത്ത് ഓപ്പറേഷന്‍ എന്ന പേരിലാണ് ആക്രമണം നടത്തിയത്. പത്തിലധികം തവണ മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ബാ​ഗ്ദാദ് യുഎസ് സൈനിക താവളത്തിന് നേർക്കും ഇറാൻ ആക്രമണം നടത്തിയിരുന്നു.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 27 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക് – കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ അറബിക്കടല്‍, തെക്കന്‍ ഗുജറാത്ത് തീരം, കൊങ്കണ്‍ തീരം, വടക്കന്‍ ആന്ധ്ര പ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാള്‍ തീരം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജൂണ്‍ 27 വരെ മധ്യ കിഴക്കന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് – പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

എല്‍സ 3 കേരള തീരത്തിന് ഭീഷണിയാവുന്നു, എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍; സാല്‍വേജ് സംഘം സ്ഥലം വിട്ടു

എല്‍സ 3 കേരള തീരത്തിന് ഭീഷണിയാവുന്നു, എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍; സാല്‍വേജ് സംഘം സ്ഥലം വിട്ടു

കൊച്ചി: ഒരു മാസം മുന്നേ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരത്തു പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പല്‍ കേരള തീരത്തിന് ഭീഷണിയാവുന്നു. കഴിഞ്ഞ മെയ് 25 നു മുങ്ങിയ കപ്പലിന്റെ ബങ്കറില്‍ ഉള്ള 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ 3 നു മുന്‍പ് നീക്കം ചെയ്യണം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കു അന്ത്യ ശാസനം നല്‍കിയിരുന്നത്. എന്നാല്‍ എണ്ണ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ആണയിട്ടു പറഞ്ഞിരുന്ന കപ്പല്‍ കമ്പനി, ഇതിനായി നിയോഗിച്ചിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

എണ്ണ നീക്കം ചെയ്യാനും കപ്പലിന്റെ അവശിഷ്ടങ്ങളും മാരക രാസ പദാര്‍ഥങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനുമായി കൊണ്ട് വന്ന ടി ആന്‍ഡ് ടി സാല്‍വേജ് എണ്ണ കമ്പനി പണി നിര്‍ത്തി വച്ച് സ്ഥലം വിട്ടെന്ന് മെര്‍ക്കന്‍ടൈല്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ പറയുന്നു. നിലവില്‍ മുങ്ങിയ കപ്പലില്‍ നിന്ന് ആര്, എപ്പോള്‍ എണ്ണയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസ പദാര്‍ഥങ്ങളും നീക്കം ചെയ്യും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ലോകത്തിലെ പ്രമുഖ സാല്‍വേജ് ടീമായ ടി ആന്‍ഡ് ടി സാല്‍വേജ്, കടലിന്റെ അടിത്തട്ടില്‍ ഏകദേശം 54 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന എല്‍സ 3 യില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനും ചരക്കുകളും കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുമുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് പറഞ്ഞാണ് പിന്മാറിയതെന്നു കപ്പല്‍ ഉടമകള്‍ ഡി ജി ഷിപ്പിംഗ് അധികൃതരെ അറിയിച്ചു. എന്നാല്‍ ഇത് തൊടുന്യായം ആണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ലോകത്തിലെമ്പാടും മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണയും ചരക്കും നീക്കം ചെയ്തിട്ടുള്ള ടി ആന്‍ഡ് ടി സാല്‍വേജിനു സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന വാദം ശരിയല്ല. ഇവര്‍ ദക്ഷിണ ആഫ്രിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ കൊണ്ട് വന്നു കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി രണ്ടു ടഗ്ഗുകളും ഏര്‍പ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 12 നു ഇവരുടെ മുങ്ങല്‍ വിദഗ്ധര്‍ കടലിന്റെ അടിത്തട്ടില്‍ എത്തി ചോര്‍ച്ചയുണ്ടായിരുന്ന എണ്ണ ടാങ്കിലെ പൈപ്പുകള്‍ സീല്‍ ചെയ്യുകയും ഇതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഹോട് ടാപ്പിംഗ് സാങ്കേതിക വിദ്യയിലൂടെ ബങ്കറില്‍ ഇന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്നാണ് ആ ഘട്ടത്തില്‍ എം എസ് സി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബങ്കറില്‍ നിന്ന് എണ്ണ നീക്കം ചെയ്യുന്നതിനായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത സാച്ചുറേഷന്‍ ഡൈവിംഗ് സിസ്റ്റം ഘടിപ്പിക്കാന്‍ എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു ഡൈവിംഗ് സംഘം പത്തു ദിവസം മുന്‍പ് സീമാക് എന്ന ഡൈവിംഗ് സഹായ കപ്പലുമായി കൊച്ചി തീരത്തേക്ക് മടങ്ങിയത്. ഡൈവിംഗ് പ്രെഷര്‍ നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ എമിഗ്രേഷന്‍ ക്ലീറന്‍സ് കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളില്‍ എത്തും എന്നാണ് അന്ന് പറഞ്ഞത്.

കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാന്‍ ടി ആന്‍ഡ് ടി സാല്‍വേജ് രണ്ടു മാസ്റ്റര്‍മാര്‍, രണ്ടു പ്രൊജക്റ്റ് മാനേജര്‍മാര്‍, രണ്ടു കെമിസ്റ്റുകള്‍, ആറംഗ ഡൈവിംഗ് ടീം, സൈറ്റ് സ്‌കാനര്‍ ഘടിപ്പിച്ച ആധുനിക സംവിധാനങ്ങള്‍ ഉള്ള കപ്പല്‍ എന്നിവ എത്തിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുള്ള സാല്‍വേജ് ടീമിന്റെ പിന്മാറ്റം സംശയം ഉയര്‍ത്തുന്നു. കാലവര്‍ഷം തുടങ്ങിയതിനാല്‍ കടല്‍ പ്രക്ഷുബ്ധമാണെന്നും ദീര്‍ഘ നേരം കടലിനടിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും കപ്പല്‍ ഉടമകള്‍ പറയുന്നു. കടല്‍ ശാന്തമാവുന്ന മുറയ്ക്ക് പുതിയ സാല്‍വേജ് ടീമിനെ എത്തിക്കാം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കു കിഴക്കന്‍ കാലവര്‍ഷ സമയത്തു കേരളത്തിന്റെ തീരക്കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. അതിനാല്‍ അടുത്തെങ്ങും കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഇടയില്ല. സാങ്കേതിക പരിജ്ഞാനമുള്ള ടീമിനെ കിട്ടിയില്ല എന്ന് പറഞ്ഞു പ്രവര്‍ത്തനങ്ങള്‍ നീട്ടികൊണ്ടു പോകാനും സാധ്യത ഏറെയാണ്.

കപ്പലിലെ എണ്ണ സംഭരണ ടാങ്കുകള്‍ സീല്‍ ചെയ്തതിനാല്‍ നിലവില്‍ എണ്ണ ചോര്‍ച്ചയുടെ ഭീഷണിയില്ല എന്ന് വാദിക്കാം, പക്ഷെ മുങ്ങിയ കപ്പലിലെ 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസ വസ്തുവാണുള്ളത്. മറ്റൊരു കണ്ടെയ്‌നറില്‍ ആന്റി ഓക്‌സിഡന്റ് റബ്ബര്‍ കെമിക്കലുമുണ്ട്. ഇവ തീരക്കടലില്‍ വെള്ളവുമായി രാസപ്രവര്‍ത്തനം നടന്നാല്‍ അത് കടലിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം.

മെയ് 28 നു കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ കപ്പല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നു ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍: ‘കപ്പല്‍ മുങ്ങിയാല്‍ ഉടമകള്‍ സ്വീകരിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാണ്. ആദ്യം കപ്പലിലെ എണ്ണ സുരക്ഷിതമായി നീക്കം ചെയ്യണം. പിന്നെ മുങ്ങിയ കണ്ടെയ്‌നറുകള്‍ ഉയര്‍ത്തണം. അത് കഴിഞ്ഞാല്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കണം. കപ്പല്‍ ഉപേക്ഷിച്ചു മുങ്ങാന്‍ ഉടമസ്ഥര്‍ക്ക് കഴിയില്ല, അതിനനുവദിക്കുകയും ഇല്ല.’

മുങ്ങിയ കപ്പലിലെ രാസപദാര്‍ഥങ്ങള്‍ കടല്‍ ജീവികളെ ബാധിക്കുന്നതു കൂടാതെ മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും എന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ ഇപ്പോള്‍ കിടക്കുന്നത് മത്സ്യ ബന്ധന യാനങ്ങളുടെ സഞ്ചാര മേഖലയിലാണ്. അതിനാല്‍ കപ്പലില്‍ ഉടക്കി മത്സ്യ തൊഴിലാളികളുടെ വലകള്‍ നശിക്കും. ഇത് കൂടാതെ മേഖലയില്‍ കൂടി കടന്നു പോകുന്ന കപ്പലുകള്‍ക്കും ഇത് ഭീഷണിയാണ്.

അതേസമയം ജൂണ്‍ 9 നു തീപിടിച്ച വാന്‍ ഹായ് 503 എന്ന കപ്പല്‍ കോസ്റ്റ് ഗാര്‍ഡും സാല്‍വേജ് സംഘവും ചേര്‍ന്ന് തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. അവരോടു കൂടുതല്‍ തെക്കോട്ടു നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌കാരം വൈകീട്ട്

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌കാരം വൈകീട്ട്

തിരുവനന്തപുരം: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് രഞ്ജിത ജി നായരുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. ഇതിനുശേഷം ഉച്ചയ്ക്ക് 1.30 ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30 ന് സംസ്‌കാരചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് തിരിച്ചറിഞ്ഞത്. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എന്‍ എ സാംപിളും പരിശോധനക്ക് എത്തിച്ചിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ശരീരം കണ്ടെത്തിയത്. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായിരുന്ന രഞ്ജിത ജോലിയില്‍ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കാനായി നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തത്തില്‍പ്പെട്ടത്.

മരുന്നുകളോട് പ്രതികരിക്കുന്നു; വി എസിന്‍റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

മരുന്നുകളോട് പ്രതികരിക്കുന്നു; വി എസിന്‍റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. വി എസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ആരോ​ഗ്യനില തൃപ്തികരമാണെന്നും മകൻ വി എ അരുൺകുമാർ അറിയിച്ചു. നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അച്ഛനിപ്പോഴുള്ളതെന്നും അരുൺകുമാർ വ്യക്തമാക്കി.സിപിഎം നേതാക്കളായ എംഎ ബേബി, എം വി ​ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.