വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.

പാണക്കാടെത്തി അനുഗ്രഹം തേടി ഷൗക്കത്ത്; ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരെന്ന് തങ്ങള്‍

പാണക്കാടെത്തി അനുഗ്രഹം തേടി ഷൗക്കത്ത്; ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരെന്ന് തങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വിജയത്തിന് പിന്നാലെ ആര്യാടന്റെ ആദ്യസന്ദര്‍ശനം പാണക്കാട് കുടപ്പനക്കുന്ന് വിട്ടിലായിരുന്നു.

ഷൗക്കത്ത് മുന്‍പും ഇവിടെ വരാറുണ്ടെന്നും ഇപ്പോള്‍ എത്തിയത് വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കാനാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് നിലമ്പൂരില്‍ ഉണ്ടായത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. അതിന്റെ ഫലം കാണാന്‍ കഴിഞ്ഞു. ജനങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ഒരു ഭയപ്പാടുമില്ലാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്.

കേരളം ഒരു ഭയത്തിന്റെ നിഴലിലായിരുന്നു. അതില്‍ നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്നുളളതിന്റെ ഫലപ്രഖ്യാപനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം. തുടര്‍ന്നുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വസം പകരും. കേരളത്തെ വീണ്ടെടുക്കുന്ന യജ്ഞത്തിന് നിയോഗമാകാന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞു. അയാളുടെ പിതാവും യുഡിഎഫിനെ ശക്തിപ്പെടുത്തിയാളാണ്. ഷൗക്കത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും’- പാണക്കാട് തങ്ങള്‍ പറഞ്ഞു.

പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുസ്ലീം ലീഗ് ആണ്. മുന്നൊരുക്കം, ഉള്ളൊരുക്കം എന്ന നിലയില്‍ വളരെ സജ്ജമായിരുന്നു അവരുടെ പരിപാടികള്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുസ്ലീം ലീഗ് മുന്നിലും കോണ്‍ഗ്രസ് പിന്നിലുമായിരുന്നു. പീന്നീട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുടപ്പന കുന്ന് തറവാട്ടിലെത്തിയാണ് തന്റെ പ്രചാരണം ആരംഭിച്ചത്. അന്ന് തങ്ങള്‍ ഹജ്ജിന് പോയതായിരുന്നു, ഫോണിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് അദ്ദേഹം ഹജ്ജിന് പോയത്. ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ വന്നത് നിലമ്പൂരിലേക്കാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃപരമായ ഇടപെടലും വിജയത്തില്‍ നിര്‍ണായകമായി’- ഷൗക്കത്ത് പറഞ്ഞു.

11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 66,660, സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 19,760, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ട് നേടി.

ദോഹയിലെ സാഹചര്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

ദോഹയിലെ സാഹചര്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

ദുബായ്: ദോഹയില്‍ എല്ലാം സാധാരണഗതിയിലാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഖത്തറിലെ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയശേഷം സുഹൃത്തിന്റെ വീട്ടിലേക്കു മാറിയ മുതുകാട് ഫെയ്‌സ്ബുക്കിലൂടെയാണ് ദോഹയിലെ സ്ഥിതിഗതികള്‍ വിവരിച്ചത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇവിടെ എല്ലാം നോര്‍മല്‍…. ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണം അമേരിക്കന്‍ ബേസിന് നേരെയായിരുന്നു. അത് ആകാശത്തു വച്ചുതന്നെ ഖത്തര്‍ തകര്‍ത്തു എന്നാണറിഞ്ഞത്. പിന്നീട് എല്ലാം ശാന്തമായതോടെ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോരാന്‍ അനുവാദം തന്നു.

സുഹൃത്ത് ഷംസീര്‍ ഹംസയുടെ വീട്ടില്‍ എത്തി. ഇന്നലെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് ഇന്നത്തേക്ക് ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസ്സേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവര്‍ക്കെല്ലാം നിറഞ്ഞ സ്‌നേഹം.

പ്രധാന തസ്തികകളിൽ ഇനി സ്വദേശികൾ മതി പ്രവാസികൾ ഇനി കരാർ തൊഴിലാളികൾ

പ്രധാന തസ്തികകളിൽ ഇനി സ്വദേശികൾ മതി പ്രവാസികൾ ഇനി കരാർ തൊഴിലാളികൾ

ഷാർജ: സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രഥമ പരിഗണന ഇനി മുതൽ സ്വദേശികൾക്ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള അധികാരം വകുപ്പ് മേധാവികൾക്കും ഡയറക്ടർ ജനറലിനുമാണ്. പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് തന്നെ നിയമനം നൽകണമെന്നും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി. നിയമനവ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ ജീവനക്കാർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് വാർഷിക തൊഴിൽ പരിശീലനം നൽകും. സേവനകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി അവസരം നൽകും.

വിവാഹം കഴിക്കാൻ 8 ദിവസത്തെ അവധി നൽകും. വാർഷിക അവധിക്ക് പുറമെ രാജ്യത്തിനകത്തോ പുറത്തോ ചികിത്സിക്കാനുള്ള അവധി, പ്രസവം, ശിശുപരിചരണം, ഹജ്, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്കെല്ലാം അവധി നൽകുമെന്നാണ് പ്രഖ്യാപനം. ഇതോടെ സ്വദേശികളായ നിരവധിപ്പേർ സർക്കാർ ജോലിക്കായി മുന്നോട്ട് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതെ സമയം ഈ രംഗത്ത് പണിയെടുക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ തീരുമാനം വലിയ തിരിച്ചടി ആകും. നിലവിൽ പ്രധാന തസ്തികയിൽ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇനി കരാർ തൊഴിലാളികളായി ആകും വിദേശികൾ ജോലി ചെയ്യേണ്ടി വരുക. വിദേശികൾക്ക് സേവനകാല ആനുകൂല്യമാണ് വിരമിക്കുമ്പോൾ ലഭിക്കുക. ഈ കാലയളവിൽ തൊഴിലിൽ നിന്ന് വിട്ടുനിൽകുക ആണെങ്കിൽ സേവനകാല ആനുകൂല്യങ്ങളിൽ നിന്ന് 25 ശതമാനം നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 73,500ല്‍ താഴെ

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 73,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന പ്രതീക്ഷ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

നഗരസഭ ജീവനക്കാരുടെ സൗഹൃദസംഗമം “ഞങ്ങൾ തുടരും” സംഘടിപ്പിച്ചു

നഗരസഭ ജീവനക്കാരുടെ സൗഹൃദസംഗമം “ഞങ്ങൾ തുടരും” സംഘടിപ്പിച്ചു

വർക്കല നഗരസഭയിൽ സേവനം അനുഷ്ഠിച്ച മുൻ ജീവനക്കാരും ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരും ചേർന്ന് സംഘടിപ്പിച്ച സൗഹൃദസംഗമം “ഞങ്ങൾ തുടരും” വർക്കല വല്ലഭൻ ഇൻ്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്നു.
വർക്കല നഗരസഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി മുൻ ജീവനക്കാരും വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന നിലവിലെ ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം കൊല്ലം ജോയിന്റ് ഡയറക്ടർ സുബോധ്. എസ്. നിർവ്വഹിച്ചു.

റിട്ടയർ ചെയ്ത വിവിധ വിഭാഗം ജീവനക്കാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ മേൽനോട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വൈകിട്ട് നടന്ന സംഗമത്തിൽ പരിചയപ്പെടൽ, കലാപരിപാടികൾ, വിവിധങ്ങളായ ഗെയിംസ് തുടങ്ങിയവയും അരങ്ങേറി.