‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും വേണ്ട; ഞാന്‍ ഞാനായിട്ടാണ് മത്സരിച്ചത്’

‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും വേണ്ട; ഞാന്‍ ഞാനായിട്ടാണ് മത്സരിച്ചത്’

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. കുറഞ്ഞ കാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ആവട്ടെ എന്നും സ്വരാജ് ആശംസിച്ചു.

തെരഞ്ഞെടുപ്പിനെ മികച്ച രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ‘ആ നിലയില്‍ ഉയര്‍ന്ന ജനാധിപത്യ സംവാദവുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. എതിര്‍ക്കുന്നവര്‍ വിവാദങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതില്‍ ഒന്നും ഞങ്ങള്‍ പിടി കൊടുത്തില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലയില്‍ മുന്നോട്ടുപോയി. വികസന കാര്യങ്ങള്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ആ നിലയില്‍ നോക്കുമ്പോള്‍ ജനങ്ങള്‍ പരിഗണിച്ചോ എന്ന് ഫലം നോക്കുമ്പോള്‍ സംശയം ഉണ്ട്. വരുംദിവസങ്ങളില്‍ സൂക്ഷ്മമായി പരിശോധിക്കും. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പടുത്തും. ജനങ്ങള്‍ക്ക് വേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടുപോകും.’- എം സ്വരാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ അല്ലെന്നും എം സ്വരാജ് പറഞ്ഞു. ‘അങ്ങനെ ഒരു വിലയിരുത്തല്‍ ആണെങ്കില്‍ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ജനം തള്ളിയെന്ന് പറയേണ്ടി വരും. എനിക്ക് അങ്ങനെ തോന്നുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി നാട്ടില്‍ വലിയ മാറ്റം ഉണ്ടായി. ആ മാറ്റങ്ങള്‍ ജനം നിരാകരിച്ചുവോ. അങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ എനിക്ക് സാധിക്കില്ല’- എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

‘മണ്ഡലത്തില്‍ തിരിച്ചടി ഉണ്ടായി. എങ്കിലും ഇടതുപക്ഷം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടില്‍ നിന്ന് ഒരു കടുകുമണി പോലും വ്യതിചലിക്കാതെ മുന്നോട്ടുപോകാന്‍ സാധിച്ചു. ഞങ്ങള്‍ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. എതിര്‍ക്കുന്നവര്‍ കൊണ്ടുവന്ന വിവാദങ്ങളുടെ പിന്നാലെ ഞങ്ങള്‍ പോയില്ല. ഞങ്ങള്‍ ഏതെങ്കിലും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തില്ല. ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ മുന്നോട്ടുപോയി. എനിക്ക് ഞാനായി തന്നെ മത്സരിക്കാന്‍ സാധിച്ചൂ. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീര്‍പ്പിനോ പോകേണ്ടി വന്നില്ല.പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്തും പറയുന്നു ഒരു വര്‍ഗീയവാദിയുടെയും ഒരു പിന്തുണയും ഒരു കാലത്തും ഞങ്ങള്‍ക്ക് ആവശ്യമില്ല’- എം സ്വരാജ് വ്യക്തമാക്കി.

ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഎസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ‘ജോയ്’; 11,432 വോട്ടിന് ജയം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ‘ജോയ്’; 11,432 വോട്ടിന് ജയം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ തോൽപിച്ച് 11, 005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

‘ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്’

‘ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്’

മലപ്പുറം: 14 വര്‍ഷത്തിന് ശേഷം നിലമ്പൂര്‍ തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചത് അറിഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആദ്യം ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ചത് ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ചു.

തെരഞ്ഞെടുപ്പില്‍ ജയിച്ചതില്‍ സന്തോഷമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ഒന്നുമല്ല. എന്റെ പിതാവിന് ഏറ്റവും സങ്കടം ഉണ്ടായിരുന്ന കാര്യമായിരുന്നു നിലമ്പൂര്‍ നഷ്ടമായത്. നിലമ്പൂര്‍ രണ്ടു തവണ നഷ്ടമായപ്പോള്‍ അദ്ദേഹത്തിന് വലിയ വേദനയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇനിയുള്ള നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിലമ്പൂര്‍ തിരിച്ചുപിടിക്കലായിരിക്കണമെന്നാണ്.അത് കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് കാണാന്‍ പറ്റിയില്ല എന്ന വിഷമം എനിക്കുണ്ട്. അദ്ദേഹത്തിന്‌റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.’- ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മകന്‍ ജയിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉമ്മ പ്രതികരിച്ചു.

എട്ടുതവണ ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലമാണ് 14 വര്‍ഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2016ല്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ മത്സരിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം.

ആര്യാടന്‍ ഷൗക്കത്ത്, 11,000 ലീഡ് പിന്നിട്ട് യു‍ഡിഎഫ് ; 15,000 കടന്ന് അന്‍വര്‍

ആര്യാടന്‍ ഷൗക്കത്ത്, 11,000 ലീഡ് പിന്നിട്ട് യു‍ഡിഎഫ് ; 15,000 കടന്ന് അന്‍വര്‍

മലപ്പുറം: കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോമിക്കുമ്പോള്‍ യു.ഡി.എഫ് വിജയത്തിലേക്ക് നീങ്ങുന്നു. 12 റൗണ്ട് വോട്ടെണ്ണല്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ വിജയമുറപ്പിച്ച ലീഡ് നിലയിലേക്ക് യുഡിഎഫ് എത്തി. ഇതോടെ നിലമ്പൂരിന്റെ തെരുവുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആനന്ദനൃത്തമാടി. ആദ്യ 12 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടുകളിലും യുഡിഎഫിന്റെയും ഷൗക്കത്തിന്റെയും കുതിപ്പാണ് കണ്ടത്‌.

ഇറാന്‍- ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു, ബാരലിന് 80 ഡോളറിലേക്ക്; ഏഷ്യന്‍ വിപണി കൂപ്പുകുത്തി

ഇറാന്‍- ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു, ബാരലിന് 80 ഡോളറിലേക്ക്; ഏഷ്യന്‍ വിപണി കൂപ്പുകുത്തി

ഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും യുദ്ധമുഖത്തേയ്ക്ക് കടന്നതോടെ, രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.

എണ്ണവില രണ്ടുശതമാനമാണ് ഉയര്‍ന്നത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ആക്രമണത്തിന് ഇറാന്‍ എങ്ങനെയാണ് തിരിച്ചടി നല്‍കാന്‍ പോകുന്നത് എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതും എണ്ണവിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

അതിനിടെ നഷ്ടത്തോടെയാണ് ഇന്ന് ഏഷ്യന്‍ വിപണി വ്യാപാരം ആരംഭിച്ചത്. എണ്ണവിതരണത്തിലെ അനിശ്ചിതത്വം തന്നെയാണ് ഏഷ്യന്‍ വിപണിയെയും ബാധിച്ചത്. ലോകത്ത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാനുള്ളത്. ഏഷ്യന്‍ വിപണിയില്‍ നിക്കി സൂചിക 0.6 ശതമാനമാണ് ഇടിഞ്ഞത്.