പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്.

മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണ ദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനാണ് സ്വര്‍ണ ദണ്ഡ് കാണാതായത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തിയിരുന്നു.

നീറ്റ് പരീക്ഷയിൽ 788 ആം റാങ്ക് നേടിയ മുഷ്താക്കിനു സൗഹൃദയുടെ ആദരവ്

നീറ്റ് പരീക്ഷയിൽ 788 ആം റാങ്ക് നേടിയ മുഷ്താക്കിനു സൗഹൃദയുടെ ആദരവ്

കല്ലമ്പലം: ഏകദേശം 23 ലക്ഷം പേർ പങ്കെടുത്ത അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയിൽ (NEET) 788ആം റാങ്ക് നേടി ഉന്നത വിജയം കൈവരിച്ച കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി മുഷ്താക്കിനെ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് പൊന്നാടയും പ്രശംസാ ഫലകവും മധുരവും നൽകി ആദരിച്ചു.

ഇടത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്നും നാവായിക്കുളം, ആലംകോട് എന്നീ സർക്കാർ സ്കൂളുകളിൽ പഠിച്ചു ഇത്ര മികച്ച വിജയം നേടിയ മുഷ്ത്താക്കിനെയും അതിനു വേണ്ട പിന്തുണ നൽകിയ മാതാപിതാക്കളെയും സൗഹൃദ അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള പ്രകീർത്തിച്ചു. വിദ്യാർഥിയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണ കുറുപ്പ്, സുനിൽ കുമാർ, ഹസീന എന്നിവർ സംസാരിച്ചു.

കേരള കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

കേരള കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

ആറ്റിങ്ങൽ: കേരള കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് വില്ലേജ് പ്രസിഡന്റ് അഡ്വ. എൻ മോഹനൻ നായർ അധ്യക്ഷത വഹിച്ചു.

രക്തസാക്ഷ്യ പ്രമേയം ആർ.എസ് രേഖയും അനുശോചനപ്രമേയം എൽ .ജി വത്സൻദേവും, സംഘടനാ റിപ്പോർട്ട് ഏരിയാ സെക്രട്ടറി സി ദേവരാജനും, പ്രവർത്തന റിപ്പോർട്ട് വില്ലേജ് സെക്രട്ടറി സി.വി അനിൽകുമാറും, വരവ് ചെലവ് കണക്ക് ട്രഷറർ എൽ.ജി വത്സൻദേവും അവതരിപ്പിച്ചു.

പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ രാജു, സി.ജി വിഷ്ണു ചന്ദ്രൻ, കർഷക സംഘം ജില്ലാക്കമ്മിറ്റി അംഗം സിന്ധു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി കൊച്ചുകൃഷ്ണകുറുപ്പ്, എസ് മനോഹരൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.

ചർച്ചകൾക്ക് ശേഷം പ്രവർത്തനറിപ്പോർട്ടും, സംഘടനാ റിപ്പോർട്ടും വരവ്ചെലവ് കണക്കും അംഗീകരിച്ചു. പുതിയ പ്രസിഡന്റായി അഡ്വ. എൻ മോഹനൻ നായരേയും സെക്രട്ടറിയായി സി.വി അനിൽകുമാറിനേയും ട്രഷറായി എൽ.ജി വൽസൻദേവിനേയും തെരഞ്ഞെടുത്തു.

ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ ഡാൻസാഫ് ടീം പിടികൂടി

ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ ഡാൻസാഫ് ടീം പിടികൂടി

ആന്ധ്രയിൽ നിന്നും ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ കല്ലമ്പലത്ത് വച്ച് പോലീസ് പിടികൂടി. 10 കിലോയിലേറെ കഞ്ചാവാണ്‌ ബാലരാമപുരം പള്ളിച്ചൽ സ്വദേശി ആരുൺ പ്രശാന്തിൻറെ (42) പക്കൽ നിന്നും ഡാൻസാഫ് ടീം പിടിച്ചെടുത്തത്.

വർക്കല സ്വദേശിയെ കാണ്മാനില്ല

വർക്കല സ്വദേശിയെ കാണ്മാനില്ല

തിരുവനന്തപുരം ജില്ലയിൽ വർക്കല, ചാലുവിള സരസ്വതി ഭവനിൽ കാർത്തികേയൻ (85) 22/06/2025 (ഞായർ) ഇന്ന് രാത്രി 1.30 ന് ശേഷം കാണാതായി. നീല കോളർ ഉള്ള ടീഷർട്ടും, നീല ചെക്ക് ലുങ്കിയുമാണ് ധരിച്ചിരുന്നത്. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8281931259 (രാജീവ്) നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി അറസ്റ്റില്‍, പിടിയിലായത് ഭീകരര്‍ക്ക് നേരിട്ട് സഹായം നല്‍കിയവര്‍

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി അറസ്റ്റില്‍, പിടിയിലായത് ഭീകരര്‍ക്ക് നേരിട്ട് സഹായം നല്‍കിയവര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മിരീലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പഹല്‍ഗാം പ്രദേശവാസികളായ സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിക്കുന്നു. പഹല്‍ഗാമിലെ ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം ഹില്‍ പാര്‍ക്ക് മേഖലയില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എന്‍ഐഎ പറയുന്നു.

ആക്രമണം നടത്തിയ ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്നും സ്ഥിരീകരിച്ചതായി എന്‍ഐഎ വ്യക്തമാക്കുന്നു. പിടിയിലായ പഹല്‍ഗാം സ്വദേശികള്‍ പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് മുന്‍ ഭീകരര്‍ക്ക് താമസ സൗകര്യവും, യാത്രാ സൗകര്യവും ഒരുക്കി നല്‍കിയിരുന്നു. ഇവരില്‍ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിക്കുന്നു.

ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിന് സമീപമുള്ള ബൈസരണില്‍ 2025 ഏപ്രില്‍ 22-നായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ അഞ്ച് പേര്‍ ടൂറിസ്റ്റുകളെയടക്കമുള്ളവര്‍ക്ക് നേരെ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.