സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. എന്നാല്‍ ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് സ്വര്‍ണവില തിരുത്തിയത്. 74,360 രൂപയായാണ് ഇന്നലെ സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.

കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസ് അവസാനിക്കുന്നു, തിങ്കളാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍

കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസ് അവസാനിക്കുന്നു, തിങ്കളാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍

ബം​ഗളൂരു: കർണാടത്തിൽ തിങ്കളാഴ്ചയോടെ (ജൂൺ 16) ബൈക്ക് ടാക്സി സർവീസ് അവസാനിക്കും. ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയതാണ് നടപടിക്ക് കാരണം. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈൽഫോൺ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികള്‍ സിംഗിൾ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് ടാക്സി നിരോധന ഉത്തരവിനെതിരേ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. ബൈക്ക് ടാക്‌സി നിര്‍ത്തുന്നത് ആറു ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുമെന്നാണ് റാപിഡോ വാദിച്ചത്.

എന്നാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വർ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. അപ്പീലില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നോട്ടീസ് അയച്ച ഡിവിഷന്‍ ബെഞ്ച് കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും. ​ഗതാ​ഗത വകുപ്പിന്റെയും ഓട്ടോ, ടാക്സി യൂണിറ്റുകളുടെയും എതിർപ്പിനെ തുടർന്ന് 2019ൽ തന്നെ സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ 2022-ൽ ഹൈക്കോടതി പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ പിൻബലത്തിലാണ് ബൈക്ക് ടാക്സികൾ പ്രവർത്തിച്ചിരുന്നത്.

‘പെട്ടി തുറന്നു പരിശോധിച്ചിട്ടു പോയാല്‍ മതി’; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി

‘പെട്ടി തുറന്നു പരിശോധിച്ചിട്ടു പോയാല്‍ മതി’; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി

പാലക്കാട്: നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇന്‍സള്‍ട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു.

‘പരിശോധനയ്‌ക്കെത്തിയ പൊലീസുകാര്‍ വാഹനം തടഞ്ഞ് ഡിക്കിയില്‍ നിന്ന് പെട്ടികള്‍ പുറത്തെടുക്കാന്‍ പറഞ്ഞു, ഞാന്‍ തന്നെ പെട്ടികള്‍ പുറത്തെടുത്തു. എന്നാല്‍ പെട്ടി പരിശോധിക്കാന്‍ കൂട്ടാക്കാതെ പൊലീസ് തിരിച്ചു പോകാനാണ് ശ്രമിച്ചത്.ഇതില്‍ നിന്ന് മനസിലാകുന്നത് അവരുടെ ലക്ഷ്യം പരിശോധനയല്ലെന്നാണ്.’

‘പെട്ടി തുറന്ന് പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ ഇല്ലയോ എന്ന് പറയണമെന്നും പറഞ്ഞു. പെട്ടി പരിശോധിക്കുമ്പോള്‍ അവര്‍ കാമറ റെക്കോര്‍ഡ് ചെയ്തില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ വിഡിയോ എടുത്തല്ലോയെന്ന് ചോദിച്ചപ്പോള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തു. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നായിരുന്നു മറുപടി. പൊലീസ് പരിശോധനയുമായി പൂര്‍ണമായും സഹരിച്ചെന്നും’ ഷാഫി പറഞ്ഞു.

പരിശോധന അപമാനിക്കാന്‍ വേണ്ടിയായിരുന്നു. പരിശോധന ആയിരുന്നു ലക്ഷ്യമെങ്കില്‍ പെട്ടിതുറക്കാന്‍ ആദ്യമേ പറയുമായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് പെട്ടിതുറന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോനയില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും നിലമ്പൂരില്‍ ചര്‍ച്ച ചെയ്യേണ്ട ജനകീയ വിഷയങ്ങള്‍ ഏറെ ഉണ്ടെന്നും ഷാഫി പറഞ്ഞു. ‘പെട്ടി ഷോ’ എന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങളിലും ഷാഫി പ്രതികരിച്ചു. സര്‍ക്കാരിന്റെ ആ ഷോ പാലക്കാട് ഉണ്ടായിരുന്നു ആ ഗണത്തിലേക്ക് ഇതിനെയും ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവിടെ കിട്ടിയ പോലെ തന്നെ ഇവിടെയും കിട്ടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അയല്‍ക്കാരനെ മര്‍ദിച്ച കേസ്, അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ നായയെ കൊണ്ട് കടിപ്പിച്ചു, പ്രതി പിടിയില്‍

അയല്‍ക്കാരനെ മര്‍ദിച്ച കേസ്, അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ നായയെ കൊണ്ട് കടിപ്പിച്ചു, പ്രതി പിടിയില്‍

കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളർത്തു നായയെ കൊണ്ടു കടിപ്പിച്ച പ്രതി പിടിയിൽ. കുണ്ടറയിൽ പടപ്പക്കക സ്വദേശി ജിജേഷ് ആണ് പിടിയിലായത്. സമീപവാസിയെ മർദിച്ചെന്ന കേസിൽ പ്രതിയായ ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും.

എന്നാൽ മദ്യ ലഹരിയിലായിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലില്‍ കടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വളർത്തു നായയെ അഴിച്ചു വിട്ട് കൊണ്ട് ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ കാലിന് പരിക്കുണ്ട്.

വിവരം അറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. 12-ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മൃഗത്തെ കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.

ഇസ്രയേലിന് തിരിച്ചടി; ഇറാന്‍ ആക്രമണത്തില്‍ ഒരു മരണം, 63 പേര്‍ക്ക് പരിക്ക്

ഇസ്രയേലിന് തിരിച്ചടി; ഇറാന്‍ ആക്രമണത്തില്‍ ഒരു മരണം, 63 പേര്‍ക്ക് പരിക്ക്

ടെല്‍അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിയായി ഇറാന്‍(Israel -Iran Mideast War) നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ടെല്‍അവീവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ടെല്‍അവീവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനം നടന്നതായും തീപിടിത്തത്തില്‍ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ടെല്‍ അവീവിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയോ ലൊക്കേഷന്‍ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേല്‍ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രയേൽ-ഇറാൻ സംഘർഷം; 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ

ഇസ്രയേൽ-ഇറാൻ സംഘർഷം; 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ

ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ (Iran–Israel conflict) ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായി. യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി.

യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാഖ്, ജോർദാൻ, ലബനാൻ, സിറിയ, റഷ്യ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് തകരാറിലായത്. ഈ രാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവളം അറിയിച്ചു.

ഇറാനി വിമാനത്താവളങ്ങളായ തെഹ്‌റാൻ, ഷിറാസ്, ലാർ, കിഷ് ഐലൻഡ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചതായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് വിമാന കമ്പനികൾ അറിയിച്ചു. അന്താരാഷ്ട്ര വിമാനയാത്രക്ക് തയ്യാറെടുക്കുന്നവർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച ശേഷം പുറപ്പെട്ടാൽ മതിയെന്ന് ദുബായ്, ഷാർജ വിമാനത്താവളങ്ങളും നിർദേശം നൽകിയിട്ടുണ്ട്.