3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കേന്ദ്രം

3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കേന്ദ്രം

ഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന റിപ്പാര്‍ട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രം. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്.

3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ചെറിയ യുപിഐ പേയ്മെന്റുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുമെങ്കിലും, വലിയ ഇടപാടുകള്‍ക്ക് വ്യാപാരി ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ് വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍. 2020 ജനുവരിയില്‍ നടപ്പിലാക്കിയ സീറോ-എംഡിആര്‍ നയത്തിന് ബദലായാണ് ഈ മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം അറിയിച്ചു.

ചക്രവാതച്ചുഴി; വരുന്നു അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ചക്രവാതച്ചുഴി; വരുന്നു അതിതീവ്രമഴ; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്

12/06/2025: കണ്ണൂര്‍, കാസര്‍ഗോഡ്

13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

14/06/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട്

12/06/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

13/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

14/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

പറയുന്നയര്‍ന്നതിന് പിന്നാലെ ‘മെയ്‌ഡേ..’ സന്ദേശം, ശേഷം നിശബ്ദത; വിമാനം തകര്‍ന്നത് ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനകം

പറയുന്നയര്‍ന്നതിന് പിന്നാലെ ‘മെയ്‌ഡേ..’ സന്ദേശം, ശേഷം നിശബ്ദത; വിമാനം തകര്‍ന്നത് ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനകം

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ട് മുന്‍പ് അപായ സന്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ 171 വിമാനത്തിലെ പൈലറ്റ് അപായ സൂചനയായ മെയ്‌ഡെ കോള്‍ നല്‍കിയതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ നീണ്ട നിശബ്ദതയായിരുന്നു ഉണ്ടായതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ടേക്ക് ഓഫ് ചെയ്ത് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 വര്‍ഷം പഴക്കമുള്ള ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെടുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ബോയിങ് വിമാനം അപകടത്തില്‍പ്പെടുന്നത്. പൈലറ്റ് സുമിക്ക് സഭര്‍വാള്‍, കോ പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇരുവരും പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്നും ഡിജിസിഎ വിശദീകരിക്കുന്നു.

വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉള്ളതെന്ന് ഡിജിസിഎ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടം ഉണ്ടായതായാണ് വിവരം.

പ്രദേശത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം പതിച്ചത്. വിമാന യാത്രികരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുള്‍പ്പെടെ ഉണ്ടെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് വന്‍ തോതില്‍ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

വിമാന ദുരന്തത്തിന് ഇരയായവരില്‍ മലയാളി യുവതിയും

വിമാന ദുരന്തത്തിന് ഇരയായവരില്‍ മലയാളി യുവതിയും

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍ നായര്‍ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപകുമാരന്‍ നായര്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത യുകെയില്‍ ജോലിക്ക് പോകുകയായിരുന്നു.

വിമാനത്തില്‍ 104 പുരുഷന്‍മാര്‍, 112 സ്ത്രീകള്‍, 12 കുട്ടികള്‍, രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. സര്‍ര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

യാത്രക്കാരനായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു.

അഹമ്മദാബാദിലെ വിമാനദുരന്തം അതിവ ദുഃഖകരമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ രാഷ്ട്രപതി തന്റെ ചിന്തകളും പ്രാര്‍ഥനകളും ദുരിതബാധിതര്‍ക്കൊപ്പമാണെന്നും മുര്‍മു പറഞ്ഞു.

അഹമ്മദാബാദിലെ വിമാനദുരന്തം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വാക്കുകള്‍ക്ക് അതീതമായി ഹൃദയഭേദകമാണിത്.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 128 മരണം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 128 മരണം

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 128 പേര്‍ മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിജയ് രൂപാണി ചികിത്സയിലാണ്.

അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വ്യോമയാന മന്ത്രി റാം മോഹന്‍ റായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. റാം മോഹന്‍ നായിഡുവും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും ഉടന്‍ അഹമ്മദാബാദിലേക്ക് തിരിക്കും. ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 128 മരണം

വിമാനത്തിൽ 242 യാത്രക്കാർ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, 110മരണം; 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, യാത്രക്കാരുടെ വിവരങ്ങൾ

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. 11 വർഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

യാത്രക്കാരുടെ വിവരങ്ങൾ:

വിമാനത്തിൽ ആകെ 242 യാത്രക്കാരുണ്ടായിരുന്നു, അതിൽ ഇവ ഉൾപ്പെടുന്നു:

217 മുതിർന്നവർ
11 കുട്ടികൾ
2 കുഞ്ഞുങ്ങൾ
2 പൈലറ്റുമാർ
10 ക്യാബിൻ ക്രൂ

ദേശീയ വിവരങ്ങൾ:

169 ഇന്ത്യൻ പൗരന്മാർ
53 ബ്രിട്ടീഷ് പൗരന്മാർ
7 പോർച്ചുഗീസ് പൗരന്മാർ
1 കനേഡിയൻ പൗരൻ

ആകെ 110 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിസയിലാണ്. ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു.

230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ഒരാൾ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയാണെന്ന് കരുതപ്പെടുന്നു. 2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.

യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ വിവരങ്ങൾ ഓദ്യോ​ഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.