by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: മലപ്പുറം കൂര്യാട് ദേശീയ പാത 66 തകര്‍ന്നത് നിര്‍മാണത്തിലെ പിഴവ് മൂലമല്ലെന്ന് നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം. കൂരിയാട് ഉള്‍പ്പെടുന്ന രാമനാട്ടുകര – വളാഞ്ചേരി റീച്ചിന്റെ നിര്‍മാണം നടത്തുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജലന്ധര്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാതയുടെ നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ല. ഭൂമിയുടെ പാളികള്‍ ദുര്‍ബലമായും ഇവിടെ ചെളി നിറഞ്ഞ മണ്ണിന്റെ പോക്കറ്റുകള്‍ രൂപം കൊണ്ടതുമാണ് പാത തകരാന്‍ ഇടയാക്കിയത് എന്നാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നല്‍കുന്ന വിശദീകരണം. നിര്‍മാണത്തില്‍ ഉടനീളം പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. പാത തകര്‍ന്ന ഭാഗം പൂര്‍ണമായും വെള്ളക്കെട്ട് നിറഞ്ഞതാണ്. മണ്ണിനടിയിലും അടിത്തറയും സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കമ്പനിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. കെഎന്‍ആര്‍സി പ്രൊമോട്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ജലന്ധര്‍ റെഡ്ഡിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്ട്രാറ്റ ജിയോസിസ്റ്റംസ് എന്ന പ്രശസ്ത കമ്പനിയുടെ പിന്തുണയോടെയാണ് അപ്രോച്ച് റാമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിന് മുന്‍പ് ഡിസൈന്‍ കൃത്യമായി പരിശോധിച്ചിരുന്നു. അപ്പോഴും അപകട സാധ്യത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശകലന വിദഗ്ധരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനി ഡയറക്ടര്‍ അറിയിച്ചു. റോഡ് തകര്‍ന്ന സ്ഥലത്ത് വയഡക്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 25 മുതല്‍ 30 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. റാഡിന്റെ 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കുന്നു.
രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിലുള്ള 39.7 കിലോമീറ്റര്‍ വരുന്ന ദേശീയപാത പാത 66 ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരമാണ് നിര്‍മിക്കുന്നത്. 2,150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും കമ്പനി വിശദീകരിക്കുന്നു.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കുവൈറ്റ് സിറ്റി: കേരള പ്രസ് ക്ലബ് കുവൈറ്റിന്റെ രണ്ടാമത് ഗഫൂര്‍ മൂടാടി മെമ്മോറിയല്‍ പ്രസ് ഫോട്ടോ പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ എന്‍ അളഗപ്പന്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഗുസ്താവോ ഫെറാരി, ഫോട്ടോഗ്രാഫി മെന്റര്‍ ബിഷാര മുസ്തഫ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കുവൈറ്റില്‍ നടന്ന ‘മാധ്യമസമ്മേളനം- 2025’ന്റെ വേദിയില്‍ വെച്ചാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
by Midhun HP News | Jun 9, 2025 | Latest News, കേരളം
തൃശൂര്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ(Shine Tom Chacko) ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്നു രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ നടക്കും.
പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിക്കും. തുടര്‍ന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കിലും ഷൈന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും.
ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാര്‍മലും സണ്‍ ആശുപത്രിയിലാണുള്ളത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്.
അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭര്‍ത്താവ് ചാക്കോയുടെ വിയോഗ വാര്‍ത്ത അറിയിച്ചിട്ടില്ല. മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്കു സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ(73), അമ്മ മരിയ(68), സഹോദരന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവിനെ ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെട്ടെന്നു ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.
by Midhun HP News | Jun 9, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി ( kerala rain) പ്രാപിക്കുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ കാലവര്‍ഷക്കാറ്റ് 10-നുശേഷം മഴയ്ക്ക് അനൂകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ വെള്ളിയാഴ്ചയോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ പറയുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നേരത്തെയെത്തിയ കാലവര്‍ഷം മെയ് അവസാനവാരം തകര്‍ത്തുപെയ്തപ്പോള്‍ (kerala rain) ജൂണിലെ ആദ്യവാരത്തില്‍ മഴയുടെ അളവില്‍ 67 ശതമാനം കുറവ്. 47.5 മില്ലി മീറ്റര്‍ മഴമാത്രമാണ് ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ചത്. 144.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സമയത്താണ് കണക്കുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മേയ് 24-ന് ആരംഭിച്ചിരുന്നു. 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയില്‍ ഉള്‍പ്പെടും. കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ മെയ് അവസാന വാരം ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ ഉള്‍പ്പെട്ട പ്രീ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴയായിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനല്‍ക്കാല മഴ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ലഭിച്ചത് 116 ശതമാനം അധികമഴ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ ആദ്യവാരത്തിലെ കണക്കുകള്‍ പ്രകാരം എല്ലാ ജില്ലകളിലും മഴക്കുറവുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 87 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയാണ് കണക്കുകളില്‍ മുന്നില്‍.
by Midhun HP News | Jun 9, 2025 | Latest News, കേരളം
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറിന ( MSC IRINA ) വിഴിഞ്ഞം തുറമുഖത്ത്. രാവിലെ എട്ട് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്തിങ് ചെയ്യും. 24,000 മീറ്റര്‍ ഡെക്ക് ഏരിയയും 24,346 ടിഇയു കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയുന്നതുമായ എംഎസ്‌സി ഐറിനയ്ക്ക് 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്.
ക്യാപ്റ്റന്‍ വില്ലി ആന്റണി എന്ന തൃശ്ശൂര്‍ സ്വദേശിയാണ് എംഎസ്‌സി ഐറിനയുടെ കപ്പിത്താന്‍. 35 ജീവനക്കാരുള്ള കപ്പലില്‍ ക്യാപ്റ്റന് പുറമെ ക്രൂവില്‍ മറ്റൊരു മലയാളി കുടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347-മത് കപ്പലാണ് എംഎസ്‌സി ഐറിന. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായി ഐറിനയെത്തുന്നു എന്ന നേട്ടവും വിഴിഞ്ഞത്തിനുണ്ട്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളാണ് മെഡിറ്റേറിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ ഐറിന സീരീസിലുള്ള കപ്പലുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എംഎസ്‌സി തുര്‍ക്കി, മിഷേല്‍ എന്നിവയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. സിംഗപ്പൂര്‍ ചൈന, കൊറിയ തിരികെ സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
തിരുവനന്തപുരം: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ്(trawling) നിരോധനം ഇന്ന് മുതല്‍. ജൂലൈ 31ന് അര്‍ധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്.
നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലയ്ക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി.
ട്രോളിങ് നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍ക്കൃത മീന്‍പിടിത്ത യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
Recent Comments