by Midhun HP News | Jun 9, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് മറുപടിയുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍. ‘കിഴക്കമ്പലവും ‘ ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’ ശ്രീനിജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് വ്യവസായമന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് മറുപടിയായി സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിലാണ് ശ്രീനിജന്റെ പ്രതികരണം.
ആന്ധ്രപ്രദേശില്‍ കിറ്റെക്‌സിന്റെ നിക്ഷേപം ക്ഷണിച്ചുകൊണ്ട് ആന്ധ്രമന്ത്രി സവിത, കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ കണ്ടത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ മികച്ച വ്യവസായ അന്തരീക്ഷമാണെന്നും കിറ്റെക്‌സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും നിക്ഷേപം എപ്പോള്‍, എവിടെ നടത്തണമെന്ന് താന്‍ തീരുമാനിക്കുമെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 60 വര്‍ഷം മുന്‍പ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്ന് സാബു ജേക്കബ് പറഞ്ഞു. ഇവര്‍ക്കും 10 പേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നല്ലോ. അവര്‍ ആളെ പറ്റിച്ച് ജീവിക്കുകയാണ്. സര്‍ക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. മനസ്സമാധാനം വേണമെങ്കില്‍ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെ സേവിച്ചാല്‍ സാമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടു കൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തില്‍ വരുന്ന വ്യവസായങ്ങളില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുക്കുന്നവരെയാണ് ഞങ്ങള്‍ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്‌സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റക്‌സ് സമൂഹത്തില്‍ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്. സാബു ജേക്കബ് പറഞ്ഞു.
സാബു ജേക്കബിന്റെ ആ സ്ഥാപനം ഇത്രയും വളർന്ന് കേരളത്തിന്റെ മണ്ണിലാണ് എന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇന്ന് ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായത് ഇവിടെത്തന്നെ പ്രവർത്തിച്ചിട്ടല്ലേ? കേരളം വിടുന്നു എന്നുപറഞ്ഞവർ ഇതുവരെ കേരളത്തിലല്ലാതെ എവിടെയും വ്യവസായം തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്‌ട്രീയതാൽപ്പര്യമുണ്ടാകും. വ്യവസായികളുടെ അഭിപ്രായമാണ് വേണ്ടതെങ്കിൽ ഫിക്കിയോടോ സിഐഐയോടോ കെഎസ്‌എസ്‌ഐഎയോടോ ചോദിക്കണമെന്നും മന്ത്രി രാജീവ് പറഞ്ഞു.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. വിലയിടിവ് ഇന്നും തുടരുന്ന കാഴ്ചയാണ് കണ്ടത്. ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jun 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എംഎസ്‍സി എൽസ 3 കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും നിര്‍ദേശം നല്‍കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.
മെയ് 29-നാണ് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയത്. എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്. കമ്പനിയുമായി നിയമപ്രശ്നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. മെയ് 25-നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. 29-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.
സ്വകാര്യമായി ഓടുന്ന ഓണ്‍ലൈന്‍ ടാക്‌സി വാഹനങ്ങള്‍ തടയാനും സംഘടനകള്‍ ആഹ്വാനം ചെയ്തു. വിവിധ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും. കൊച്ചിയില്‍ കലക്ടറേറ്റിന് മുന്നില്‍ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. സിഐടിയു, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.
ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണു കൊച്ചി. അതുകൊണ്ടു സമരം കൊച്ചിയെ കൂടുതല്‍ ബാധിക്കും. പ്ലാറ്റ്‌ഫോമുകള്‍ പ്ലാറ്റ്‌ഫോം ഫീസ്, മിതമായ കമ്മീഷന്‍ എന്നിവയില്‍ ഒന്നുമാത്രം നടപ്പാക്കുക, ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്കു നടപ്പാക്കുക, പിക്കപ് ദൂരം 2 കിലോമീറ്ററായി നിജപ്പെടുത്തുക, അധിക പിക്കപ് ദൂരത്തിനു നിരക്ക് ഏര്‍പ്പെടുത്തുക, 15 കിലോമീറ്ററിനു ശേഷമുള്ള ഓട്ടത്തിനു റിട്ടേണ്‍ ഫെയര്‍ ഉള്‍പ്പെടുത്തുക, വാഹന സംബന്ധമായ തീരുമാനമെടുക്കുന്നതിനു മുന്‍പു വാഹനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുക എന്നി ആവശ്യങ്ങളും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: മലപ്പുറം കൂര്യാട് ദേശീയ പാത 66 തകര്‍ന്നത് നിര്‍മാണത്തിലെ പിഴവ് മൂലമല്ലെന്ന് നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം. കൂരിയാട് ഉള്‍പ്പെടുന്ന രാമനാട്ടുകര – വളാഞ്ചേരി റീച്ചിന്റെ നിര്‍മാണം നടത്തുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജലന്ധര്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാതയുടെ നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ല. ഭൂമിയുടെ പാളികള്‍ ദുര്‍ബലമായും ഇവിടെ ചെളി നിറഞ്ഞ മണ്ണിന്റെ പോക്കറ്റുകള്‍ രൂപം കൊണ്ടതുമാണ് പാത തകരാന്‍ ഇടയാക്കിയത് എന്നാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നല്‍കുന്ന വിശദീകരണം. നിര്‍മാണത്തില്‍ ഉടനീളം പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. പാത തകര്‍ന്ന ഭാഗം പൂര്‍ണമായും വെള്ളക്കെട്ട് നിറഞ്ഞതാണ്. മണ്ണിനടിയിലും അടിത്തറയും സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കമ്പനിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. കെഎന്‍ആര്‍സി പ്രൊമോട്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ജലന്ധര്‍ റെഡ്ഡിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്ട്രാറ്റ ജിയോസിസ്റ്റംസ് എന്ന പ്രശസ്ത കമ്പനിയുടെ പിന്തുണയോടെയാണ് അപ്രോച്ച് റാമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിന് മുന്‍പ് ഡിസൈന്‍ കൃത്യമായി പരിശോധിച്ചിരുന്നു. അപ്പോഴും അപകട സാധ്യത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശകലന വിദഗ്ധരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനി ഡയറക്ടര്‍ അറിയിച്ചു. റോഡ് തകര്‍ന്ന സ്ഥലത്ത് വയഡക്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 25 മുതല്‍ 30 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. റാഡിന്റെ 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കുന്നു.
രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിലുള്ള 39.7 കിലോമീറ്റര്‍ വരുന്ന ദേശീയപാത പാത 66 ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരമാണ് നിര്‍മിക്കുന്നത്. 2,150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും കമ്പനി വിശദീകരിക്കുന്നു.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കുവൈറ്റ് സിറ്റി: കേരള പ്രസ് ക്ലബ് കുവൈറ്റിന്റെ രണ്ടാമത് ഗഫൂര്‍ മൂടാടി മെമ്മോറിയല്‍ പ്രസ് ഫോട്ടോ പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ എന്‍ അളഗപ്പന്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഗുസ്താവോ ഫെറാരി, ഫോട്ടോഗ്രാഫി മെന്റര്‍ ബിഷാര മുസ്തഫ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കുവൈറ്റില്‍ നടന്ന ‘മാധ്യമസമ്മേളനം- 2025’ന്റെ വേദിയില്‍ വെച്ചാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Recent Comments